Congress | ആവേശക്കടലായി ഡിഡിഎഫ് - കോൺഗ്രസ് ലയന സമ്മേളനം; പാർടി വിട്ട സികെ ശ്രീധരനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ; ടിപി വധക്കേസിൽ സിപിഎം നേതാക്കളെ രക്ഷിച്ചുവെന്നും ആരോപണം
ചിറ്റാരിക്കാൽ: (www.kasargodvartha.com) ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും ഒപ്പമുള്ളവരും അടങ്ങുന്ന ഡിഡിഎഫ് - കോൺഗ്രസ് ലയന സമ്മേളനം ആവേശക്കടലായി. സിപിഎമിൽ ചേർന്ന മുൻ കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. സികെ ശ്രീധരനെതിരെ, ലയന സമ്മേളനം ഉദ്ഘടനം ചെയ്ത കെപിസിസി പ്രസിഡഡ് കെ സുധാകരൻ ആഞ്ഞടിച്ചു.
ടിപി വധക്കേസിൽ സിപിഎം നേതാക്കളെ രക്ഷിച്ചന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചു. സികെ ശ്രീധരൻ കോൺഗ്രസ് വിട്ട് സിപിഎമിൽ ചേക്കേറിയിട്ടും കോൺഗ്രസിന് ഒരു ക്ഷീണം പോലും ഉണ്ടായിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഒരു മഴ പെയ്തപ്പോൾ ഒരു തുള്ളി താഴെ വീണതുപോലെയേയുള്ളൂ സികെയുടെ പോക്കെന്ന് സുധാകരൻ പരിഹസിച്ചു.
ടിപി ചന്ദ്രശേഖരൻ വധക്കേസ് മുതൽ സികെ ശ്രീധരന് സിപിഎമുമായി രഹസ്യ ബന്ധമുണ്ടായിരുന്നു. മോഹനൻ മാസ്റ്റർ ഉൾപെടെയുള്ള സിപിഎം നേതാക്കളുടെ മോചനം ഈ കേസിൽ നടന്നത് ഇതിന്റെ തെളിവാണ്. ഒരു സികെ സിപിഎമിൽ ചേക്കേറിയപ്പോൾ ആയിരക്കണക്കിന് ഡിഡിഎഫ് പ്രവർത്തകരാണ് കോൺഗ്രസ് തറവാട്ടിലേക്ക് തിരിച്ച് വന്നതെന്നും ഇത് സികെയും സിപിഎമും മനസിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സികെ ശ്രീധരന്റെ തട്ടകമെന്ന് അറിയപ്പെടുന്ന ഉദുമയിലെ സജീവ സിപിഎം പ്രവർത്തകനായ പിവി സജിയെ കെ സുധാകരനെ ചിറ്റാരിക്കാലിലെ വേദിയിൽ വച്ച് ഷോളണിയിച്ച് കോൺഗ്രസിലേക്ക് സ്വീകരിച്ചത് സജീവ ചർചയായി.
Keywords: DDF merged with Congress, Kerala, Kasaragod, Chittarikkal, News, Top-Headlines, Politics, Congress, President, KPCC, CPM.