Demand | പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി നേതൃയോഗം
● ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
● നവീൻ ബാബു കാസർകോട് ജില്ലയിൽ വിവിധ തസ്തികകളിൽ സത്യസന്ധമായി സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥൻ.
കാസർകോട്: (KasargodVartha) സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ അധിക്ഷേപ പരാമർശത്തെ തുടർന്ന് ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കണ്ണൂർ ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു.
നവീൻ ബാബു കാസർകോട് ജില്ലയിൽ വിവിധ തസ്തികകളിൽ സത്യസന്ധമായി സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായിരുന്നെന്നും വില്ലേജ് ഓഫീസർ, സീനിയർ സൂപ്രണ്ട്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, എ ഡി എം എന്നീ ചുമതലകളിൽ നിരവധി വർഷം ജോലിചെയ്തിട്ടും വഴിട്ട ഒരു ആരോപണത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം എന്നും ഡിസിസി നേതൃയോഗം വിലയിരുത്തി. എന്നാൽ, സ്ഥാപിത താൽപര്യം ലക്ഷ്യമാക്കി ഇദ്ദേഹത്തെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചതിൽ പ്രതിയായ ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി നേതൃത്വം അഭിപ്രായപ്പെട്ടു. കേരള പോലീസും മാർക്സിസ്റ്റ് പാർട്ടിയും ഈ കാര്യത്തിൽ ഒത്തുകളിക്കുകയാണെന്നും യോഗം ആരോപിച്ചു. എത്രയും പെട്ടന്ന് കേസിൽ പ്രതിചേർക്കപ്പെട്ട പി പി ദിവ്യയെ അറസ്റ്റ് ചെയ്യുവാനുള്ള ആർജവം കേരള പോലീസ് കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഒക്‌ടോബർ 31-ന് ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം വാർഡ്, മണ്ഡലം, ഡിസിസി തലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ യോഗം തീരുമാനിച്ചു. അതേ ദിവസം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനവും ബൂത്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ഡിസിസിയുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കും.
ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരിയും ഡിസിസി ഭാരവാഹികളായ എം.സി. പ്രഭാകരൻ, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, മാമുനി വിജയൻ, കെ.വി. സുധാകരൻ, ടോമി പ്ലാച്ചേരി, സോമശേഖര ഷേണി, ഹരീഷ് പി. നായർ, ഗീത കൃഷ്ണൻ സുന്ദര ആരിക്കാടി എന്നിവരും മറ്റ് നേതാക്കളായ ആർ. ഗംഗാധരൻ, എ. വാസുദേവൻ മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, എം. രാജീവൻ നമ്പ്യാർ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ, ഡി.എം.കെ. മുഹമ്മദ്, കെ. വാരിജാക്ഷൻ, ആനന്ദ മവ്വാർ, അഡ്വ. ശ്രീജിത്ത് മാടക്കൽ, എ. ശാഹുൽ ഹമീദ്, കെ.പി. ദിനേശൻ, ശ്രീവത്സൻ പുത്തൂർ, പി.കെ. താജുദ്ധീൻ എന്നിവരും സംസാരിച്ചു.