city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനമോചന യാത്രക്കിടെ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ഒരു ലക്ഷം രൂപ കാറിന്റെ ഡാഷ് ബോക്‌സില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് അടിച്ചുമാറ്റിയതായി പരാതി; പണം കണ്ടെടുത്തത് ഗസ്റ്റ് ഹൗസിലെ പൂച്ചെട്ടിക്കടിയില്‍ നിന്നും, പാര്‍ട്ടിയില്‍ വിവാദം

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.04.2018) ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ഒരുലക്ഷം രൂപ അടിച്ചുമാറ്റിയ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി കുടുങ്ങി. പണം നഷ്ടപ്പെട്ട ഡിസിസി നേതാവിന്റെ കൈക്കരുത്തറിഞ്ഞ യൂത്ത് സംസ്ഥാന നേതാവ് പണം തിരിച്ചു നല്‍കി തടിതപ്പി. കെപിസിസി പ്രസിഡണ്ട് എം എം ഹസന്റെ ജനമോചന യാത്രയുടെ ഉദ്ഘാടന ദിവസം കാസര്‍കോട്ടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാന്‍ പാര്‍ട്ടി മുന്‍ വക്താവായ രാജ്‌മോഹന്‍ ഉണ്ണിത്താനോടൊപ്പമാണ് തിരുവനന്തപുരത്ത് നിന്നുള്ള യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി കാസര്‍കോട്ടെത്തിയത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും ഏറെ വിവാദമായ മുണ്ടുരിയല്‍ അക്രമ കേസിലെ പ്രതി കൂടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി. ഉണ്ണിത്താനുമായി അടുപ്പമുള്ള പെരിയയിലെ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വാഹനത്തില്‍ ഉണ്ണിത്താനും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും ഡിസിസി ജനറല്‍ സെക്രട്ടറിയും മധൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി. യാത്രക്കിടെ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ഇന്നോവ വാഹനത്തിന്റെ ഡാഷ് ബോക്‌സില്‍ നിന്ന് പണമെടുത്ത് ഡിസിസി ജനറല്‍ സെക്രട്ടറി വാഹനത്തില്‍ പെട്രോള്‍ നിറച്ചു. അവശേഷിക്കുന്ന 98,000 രൂപ ഡാഷ് ബോക്‌സില്‍ തിരികെവെക്കുകയും ചെയ്തു.

മധൂര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ ഡിസിസി ജനറല്‍സെക്രട്ടറി സ്വന്തം വാഹനത്തില്‍ നിന്നിറങ്ങി മറ്റൊരു വണ്ടിയില്‍ മുന്‍ കെപിസിസി പ്രസിഡണ്ട് വി എം സുധീരനോടൊപ്പം കാഞ്ഞങ്ങാട്ടേക്ക് വന്നു. എസ്എഫ്‌ഐ അതിക്രമത്തിനിരയായ നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പജയെ സന്ദര്‍ശിക്കാനായിരുന്നു യാത്ര. അഡ്വ. എം സി ജോസും ഇവരോടൊപ്പമുണ്ടായിരുന്നു. തിരിച്ച് കാസര്‍കോട്ടെത്തിയപ്പോഴാണ് വാഹനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട കാര്യം ഡിസിസി ജനറല്‍ സെക്രട്ടറി അറിയുന്നത്.

പണം നഷ്ടപ്പെട്ട വിവരം ഉണ്ണിത്താനെ അറിയിച്ചപ്പോള്‍ സഹയാത്രികനായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്താല്‍ പണം ലഭിച്ചേക്കുമെന്ന് സൂചന നല്‍കി. കാസര്‍കോട് ഗവ. അതിഥി മന്ദിരത്തിലെ മുറിയിലേക്ക് കൊണ്ടുപോയി യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹിയെ ഡിസിസി ജനറല്‍ സെക്രട്ടറി കാര്യമായി ചോദ്യം ചെയ്തപ്പോഴാണ് പണത്തിന്റെ ഉറവിടം ലഭിച്ചത്.

താന്‍ എംപിയും, എംഎല്‍എയും ആകേണ്ട ആളാണെന്നും നാറ്റിക്കരുതെന്നും ഒരുലക്ഷത്തിന് പകരം ഒന്നേകാല്‍ ലക്ഷം രൂപ തരാമെന്നും യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹി ഡിസിസി ജനറല്‍സെക്രട്ടറിയുടെ കാല്‍ക്കല്‍ വീണ് പറഞ്ഞു. പണം ഗസ്റ്റ് ഹൗസിന് മുന്‍വശത്തെ പൂച്ചെട്ടിക്കടിയില്‍ നിന്ന് നേതാവ് തിരികെ എടുത്ത് നല്‍കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കണമെന്ന് ഉണ്ണിത്താനും വി എം സുധീരനുമൊക്കെ ഡിസിസി ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടുവെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ ഡിസിസി നേതാവ് തയ്യാറായില്ല. സംഭവം സംസ്ഥാനതലത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ചൂടുള്ള ചര്‍ച്ചയായിട്ടുണ്ട്.

തിങ്കളാഴ്ച എറണാകുളത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരത്തിനിടയിലും ചര്‍ച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പണം മോഷണം തന്നെയായിരുന്നു.
ജനമോചന യാത്രക്കിടെ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ഒരു ലക്ഷം രൂപ കാറിന്റെ ഡാഷ് ബോക്‌സില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് അടിച്ചുമാറ്റിയതായി പരാതി; പണം കണ്ടെടുത്തത് ഗസ്റ്റ് ഹൗസിലെ പൂച്ചെട്ടിക്കടിയില്‍ നിന്നും, പാര്‍ട്ടിയില്‍ വിവാദം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Congress, Politics, DCC, General Secretary, Cash, Missing, DCC General Secretary's cash looted by State Youth leader, Controversy in Congress.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia