CPM | ഹൈമാസ്‌റ്റ് വിളക്കിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ: രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് സിപിഎം
'വിജിലൻസിൽ തെളിവുകൾ കൈമാറാൻ, പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് തയ്യാറാകണം'
കാസർകോട്: (KasargodVartha) പാർലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ഹൈമാസ്‌റ്റ് വിളക്കിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഉയർന്ന ആരോപണം ഗൗരവതരമെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കെപിസിസി സെക്രട്ടറിയും എംപിയുടെ സന്തത സഹചാരിയുമായിരുന്ന ബാലകൃഷ്‌ണൻ പെരിയയാണ് ഗൗരവതരമായ ആരോപണം ഉന്നയിച്ചത്.
236 ഹൈമാസ്‌റ്റ് വിളക്കുകൾ സ്ഥാപിച്ചതായും ഇതിൽ ഓരോന്നിനും ലക്ഷം രൂപ വീതം കൈപ്പറ്റി എന്നുമാണ് ബാലകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന്റെ തെളിവ് കൈവശമുണ്ടെന്നും, തനിക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കാനും കെപിസിസി സെക്രട്ടറിയായ ഒരാൾ വെല്ലുവിളിക്കുകയാണ്. എംപി ഫണ്ടിൽ ഹൈമാസ്‌റ്റ് വിളക്ക് സ്ഥാപിക്കാൻ ഉണ്ണിത്താൻ താൽപര്യമെടുത്തത്, സാമ്പത്തിക ഉദ്ദേശം വച്ചാണെന്നും ആരോപണമുണ്ട്.
ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന പരാതി വിജിലൻസ് ഗൗരവമായി എടുക്കണം. വിജിലൻസിൽ തെളിവുകൾ കൈമാറാൻ, പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് തയ്യാറാകണം. ജില്ലയിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിക്കെതിരെ ഇത്തരം സാമ്പത്തിക ആരോപണം ഉയർന്നത്. ആ ഗൗരവത്തിൽ കേസ് കൈകാര്യം ചെയ്യാൻ വിജിലൻസ് തയ്യാറാകണമെന്നും ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.