Clarification | സിപിഎം ഉദുമ ഏരിയാ സമ്മേളനം: ചില മാധ്യമ വാർത്തകൾ പൂർണമായും നിർമിതകഥകളെന്ന് മധു മുതിയക്കാൽ
● ബേക്കൽ ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിമർശനങ്ങളോ ആരോപണങ്ങളോ ഉണ്ടായിട്ടില്ല
● സംഘടനാ മാറ്റങ്ങൾ പതിവാണ്, വെറും പ്രക്രിയാ ഭാഗമെന്ന് വിശദീകരണം.
ഉദുമ: (KasargodVartha) സിപിഐഎം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും നിർമ്മിതകഥകൾ മാത്രമാണെന്ന് ഉദുമാ ഏരിയാ കമ്മിറ്റി അറിയിച്ചു. സംഘടനാ കാര്യങ്ങൾ മാത്രമാണ് സമ്മേളനത്തിൽ ചർച്ച ചെയ്തതെന്നും അതൊന്നും ആരെയെങ്കിലും കുറ്റപ്പെടുത്താനോ ഇകഴ്‌ത്താനോ ഉള്ളതല്ലെന്നും പാർട്ടി അറിയിച്ചു. ചില മാധ്യമങ്ങൾ ഈ സാധാരണ സംഘടനാ പ്രക്രിയയെ വളച്ചൊടിച്ച് അവതരിപ്പിച്ചതായി പാർട്ടി ആരോപിച്ചു. ഇത്തരം വ്യാജ വാർത്തകൾ പ്രവർത്തകരിലും സമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും പാർട്ടി ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ ആരോപിച്ചു.
സമ്മേളനത്തിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിമർശനങ്ങളോ ആരോപണങ്ങളോ ഉണ്ടായിട്ടില്ല എന്നും ഫെസ്റ്റിവൽ നടത്തുന്നുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് ലോക്കൽ കമ്മിറ്റിയിൽ ഉന്നയിച്ചത് എന്നും കമ്മിറ്റി വ്യക്തമാക്കി.
അധ്യാപക ജോലിയുടെ തിരക്കുകളാൽ സംഘടനാ പ്രവർത്തനങ്ങൾക്ക് മതിയായ സമയം കണ്ടെത്താൻ പ്രയാസമായതിനാൽ, പാർട്ടിയിലെ പ്രവർത്തനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ എ.വി. ശിവപ്രസാദിനോട് നിർദ്ദേശിച്ചതായും പാർട്ടി അറിയിച്ചു. എ.വി ശിവപ്രസാദ്, ചട്ടഞ്ചാലിലെ എയ്ഡഡ് സ്കൂളിൽ പ്രൊബേഷൻ പീരിഡിലുള്ള അധ്യാപകൻ എന്ന നിലയിൽ യോഗത്തിൽ പങ്കെടുക്കുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും സാധിക്കാത്ത സാഹചര്യത്തിൽ തൽക്കാലത്തേക്ക് മാറ്റി നിർത്തുക എന്നതാണ് പാർട്ടി സ്വീകരിച്ച സമീപനം.
ഒഴിവാക്കപ്പെട്ട മറ്റു സഖാക്കൾക്കും ഇത്തരത്തിലുള്ള സംഘടനാ കാരണങ്ങളുണ്ട്. എല്ലാ ലോക്കൽ കമ്മിറ്റികളിലും ചില അംഗങ്ങളെ മാറ്റി പുതിയവരെ ഉൾപ്പെടുത്തുന്നതാണ് പൊതു സമീപനം. ഇത് പ്രായം അല്ലെങ്കിൽ മറ്റ് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു തീരുമാനമല്ല. ഈ സംഘടനാ പ്രക്രിയ മാത്രമാണ് ഉദുമ ഏരിയ സമ്മേളനത്തിൽ നടന്നത്.
ജില്ലയിൽ ഇതുവരെ നടന്ന ഏരിയ സമ്മേളനങ്ങളിൽ സമാനമായ മാറ്റങ്ങൾ പതിവായിരുന്നുവെന്ന് ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ വ്യക്തമാക്കി. എന്നാൽ, ഇത്തരം സധാരണ സംഘടനാ മാറ്റങ്ങളെ ചില മാധ്യമങ്ങൾ ബോധപൂർവം പ്രവർത്തകരിലും സമൂഹത്തിലും ആശയകുഴപ്പം സൃഷ്ടിക്കാൻ ഉപയോഗിച്ചതിന് അദ്ദേഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം അനാവശ്യ നടപടികളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
#CPM #UdumaMeet #MediaEthics #KeralaPolitics #PartyClarifications #BekalFestival