city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം ഉദുമ ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം; ഹിന്ദുത്വ അജന്‍ഡ രാജ്യത്തെ സര്‍വ നാശത്തിലേക്ക് നയിക്കുന്നു: എം വി ബാലകൃഷ്ണന്‍

കളനാട്: (www.kasargodvartha.com 06/12/2017) സിപിഎം ഉദുമ ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം. ബിജെപിയുടെ മറവില്‍ ഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡ രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്ന് സ്തംഭങ്ങളിലും ആര്‍എസ്എസ് പിടിമുറുക്കി. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും കടുത്ത ഭീഷണി നേരിടുകയാണ്. കളനാട് എകെജി നഗറിലെ എസ് വി സുകുമാരന്‍, കെ ഗോപാലന്‍ നഗറില്‍ സിപിഎം ഉദുമ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎം ഉദുമ ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം; ഹിന്ദുത്വ അജന്‍ഡ രാജ്യത്തെ സര്‍വ നാശത്തിലേക്ക് നയിക്കുന്നു: എം വി ബാലകൃഷ്ണന്‍

ബിജെപിയുടെ വര്‍ഗീയ അജന്‍ഡക്കെതിരായ ബദലിന് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചുകൂടേയെന്ന ചോദ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ അത് സാധ്യമല്ലെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. വിവിധ ഘട്ടങ്ങളില്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബാബരി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസിന്റെ മൗന സമ്മതത്തോടെയായിരുന്നു. അന്ന് പ്രധാനമന്ത്രി കോണ്‍ഗ്രസുകാരനായ നരസിംഹ റാവുവായിരുന്നു. ബാബരി മസ്ജിദ് പൊളിക്കുമെന്ന് ഉറപ്പായിട്ടും അത് തടയാന്‍ നരസിംഹ റാവു ഒരു നടപടിയും സ്വീകരിച്ചില്ല.

മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ത്തവര്‍ 25 വര്‍ഷം കഴിഞ്ഞിട്ടും ശിക്ഷിക്കപ്പെട്ടില്ല. വര്‍ഗീയതക്കെതിരെ ബദലുണ്ടാക്കുമ്പോള്‍ മൃദുഹിന്ദുത്വ നിലപാടുള്ള കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ല. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ ദുരന്തമായ അടിയന്തിരാവസ്ഥ നടപ്പാക്കിയത് കോണ്‍ഗ്രസായിരുന്നു. അവരുമായി ജനാധിപത്യ സംരക്ഷണത്തിന് കൈകോര്‍ക്കാനാവുമോ? മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ല. ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.

ഒരു ശതമാനത്തോളം സമ്പന്നരുടെ കൈയിലാണ് രാജ്യത്തെ സമ്പത്തിന്റെ 58.4 ശതമാനം. സാധാരണക്കാരായ 70 ശതമാനത്തിന്റെ കൈയില്‍  മൊത്തം സമ്പത്തിന്റെ ഏഴ് ശതമാനം മാത്രമാണുള്ളത്. നോട്ട് നിരോധനം രാജ്യത്തെ സമ്പദ്ഘടനയെ ഉലച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായിരുന്നു മോഡിയുടെ നോട്ട് നിരോധനം. ജിഎസ്ടി നടപ്പാക്കിയതോടെ മുഴുവന്‍ സാധനങ്ങളുടെയും വില വര്‍ധിച്ചു. ഏക നികുതി സമ്പ്രദായം ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു. എംആര്‍പിയുടെ മുകളിലാണ് ജിഎസ്ടി വന്നത്. ഒരു നികുതിക്ക് മുകളില്‍ മറ്റൊരു നികുതി അടിച്ചേല്‍പിക്കുകയായിരുന്നു.

മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നുവെന്നതാണ് പിണറായി സര്‍ക്കാരിന്റെ ഒന്നാമത്തെ നേട്ടം. രാജ്യത്തെ മതേതരത്വത്തിന്റെ കാവല്‍ഭടന്മാരാണ് കേരളമെന്നും എം വി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഏരിയാ കമ്മിറ്റി അംഗം എ നാരായണന്‍ നായര്‍ പതാക ഉയര്‍ത്തി. ഏരിയയിലെ ബാലസംഘം കൂട്ടുകാര്‍ സ്വാഗതഗാനത്തോടെ പ്രതിനിധികളെ വരവേറ്റു. എം കുമാരന്‍ അധ്യക്ഷത വഹിച്ചു. കുന്നൂച്ചി കുഞ്ഞിരാമന്‍ രക്തസാക്ഷി പ്രമേയവും പി മണിമോഹന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാര്‍ദ്ദനന്‍, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, ടി വി ഗോവിന്ദന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, കെ ബാലകൃഷ്ണന്‍, പി അപ്പുക്കുട്ടന്‍, വി വി രമേശന്‍, എം ലക്ഷ്മി എന്നിവര്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതം പറഞ്ഞു.

കെ മണികണ്ഠന്‍, എം കുമാരന്‍, ടി മുഹമ്മദ്കുഞ്ഞി, പി ലക്ഷ്മി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ടി നാരായണന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, പി മണിമോഹന്‍, കെ വി ബാലകൃഷ്ണന്‍ എന്നിവരാണ് സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങള്‍. മധു മുതിയക്കാല്‍ (പ്രമേയം), കെ വി ഭാസ്‌കരന്‍ (ക്രഡന്‍ഷ്യല്‍), കെ സന്തോഷ്‌കുമാര്‍ (മിനുട്‌സ്), വി വി സുകുമാരന്‍ (രജിസ്‌ട്രേഷന്‍) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ഏരിയാ സെക്രട്ടറി ടി നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ബുധനാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. 18 ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 139 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. വ്യാഴാഴ്ച രാവിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയും. തുടര്‍ന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളെയും ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. വൈകിട്ട് മൂന്നിന് കളനാട് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും തുടങ്ങും. മേല്‍പ്പറമ്പ് ഇമ്പച്ചി ബാവ നഗറില്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

Keywords:  Kerala, Kalanad, kasaragod, Uduma, CPM, Conference, Politics, CPM Uduma area conference started 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia