city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Media | മാധ്യമങ്ങളെ നിയന്ത്രിക്കുന്ന രീതി കേരളത്തിലില്ലെന്ന് ശ്രേയാംസ്‌ കുമാർ; അദാനി വഴി ആർഎസ്എസ് ആശയങ്ങൾ മാധ്യമ രംഗം കൈയടക്കുകയാണെന്ന് നികേഷ് കുമാർ; ശ്രദ്ധേയമായി സിപിഎം സെമിനാർ

 MV Shreyams Kumar inaugurating the CPM media seminar in Kanhangad.
Photo: Arranged

● എം വി ശ്രേയാംസ്‌ കുമാർ ഉദ്ഘാടനം ചെയ്‌തു 
● 'മാധ്യമ ബഹുസ്വരത ഇല്ലാതാകുന്നത് ജനാധിപത്യത്തിന് ഭീഷണി'
● 'കോർപ്പറേറ്റുകൾ നയരൂപീകരണത്തിൽ നേരിട്ട് പങ്കാളികളാകുന്നു'

 

കാഞ്ഞങ്ങാട്‌: (KasargodVartha) കേരളത്തിലെ മാധ്യമരംഗം ലോകത്തിന് മാതൃകയാണെന്ന് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാർ വ്യക്തമാക്കി. മാധ്യമ ബഹുസ്വരത പൂർണ അർഥത്തിൽ ഇപ്പോൾ കേരളത്തിൽ മാത്രമാണ്‌ കാണാൻ കഴിയുന്നതെന്നും കാഞ്ഞങ്ങാട്‌ ടൗൺ ഹാൾ പരിസരത്ത്‌ പി രാഘവൻ നഗറിൽ നടന്ന സെമിനാർ ചൂണ്ടിക്കാട്ടി. 

കേരളത്തിൽ ഇപ്പോൾ മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഇല്ലെന്നും എന്നാൽ മറ്റുസംസ്ഥാനങ്ങളിൽ മാധ്യമങ്ങളെ സ്വാധീനിക്കുന്ന രീതി കണ്ടാൽ ഞെട്ടുമെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത എം വി ശ്രേയാംസ്‌ കുമാർ അഭിപ്രായപ്പെട്ടു. സമീപഭാവിയിൽ ഇന്ത്യൻ മാധ്യമ രംഗത്തെ 70 ശതമാനവും ഒരു സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാകാൻ സാധ്യതയുണ്ട്. 

ഇത് കേന്ദ്രം ഭരിക്കുന്നവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വാർത്തകൾ മാത്രം പുറത്തുവരുന്നതിന് കാരണമാകും. മാധ്യമങ്ങളുടെ ബഹുസ്വരത ഇല്ലാതാകുന്നതോടെ വാർത്തകളുടെ വൈവിധ്യം കുറയുകയും അത് ജനാധിപത്യത്തിന് ഭീഷണിയാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ഭരണത്തിൽ സമ്മർദം ചെലുത്തി കാര്യങ്ങൾ നേടിയിരുന്ന മാധ്യമ ഉടമസ്ഥർ ഇപ്പോൾ കോർപ്പറേറ്റുകളായി മാറി ഭരണം തന്നെ പിടിച്ചെടുക്കുകയാണെന്ന് എം വി ശ്രേയാംസ്‌ കുമാർ ചൂണ്ടിക്കാട്ടി. മാധ്യമ കോർപ്പറേറ്റുകൾ സമ്മർദ്ദത്തിൽ നിന്ന് പോളിസി രൂപീകരിക്കുന്നതിലേക്ക് വളർന്നിരിക്കുന്നു. ട്വിറ്റർ പോലുള്ള സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളെ കോടികൾ മുടക്കി ഏറ്റെടുക്കുന്നതിലൂടെ കോർപ്പറേറ്റുകൾ നയരൂപീകരണത്തിൽ നേരിട്ട് പങ്കാളികളാകുന്നു. 

റൂപ്പർട്ട് മർഡോക്കിന്റെ മാധ്യമ രീതികളെ വിമർശിച്ചിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ ജർമനി, കാനഡ എന്നിവിടങ്ങളിലെ രാഷ്ട്രീയത്തിൽ പോലും ഇടപെട്ട് നവ നാസിസത്തിന്റെ പ്രചാരകരായി മാറിയ ഇലോൺ മസ്‌കിനെ പോലുള്ള കുത്തക ഭീമന്മാരാണ് മാധ്യമരംഗം ഭരിക്കുന്നത്. ഇന്ത്യയിൽ അദാനി വഴി ആർഎസ്എസ് ആശയങ്ങൾ മാധ്യമ രംഗം കൈയടക്കുകയാണെന്നും നികേഷ് കുമാർ അഭിപ്രായപ്പെട്ടു.

പഴയ ഫ്യൂഡലിസം ടെക്‌നോ ഫ്യൂഡലിസത്തിന് വഴിമാറിയെന്ന് ഡോ. പി സരിൻ അഭിപ്രായപ്പെട്ടു. മുതലാളിത്തത്തെ തന്നെ ടെക്‌നോ ഫ്യൂഡലിസം കീഴ്‌പ്പെടുത്തി. പണ്ട് പ്രഭുത്വം എന്നത് മണ്ണിന്റെയും അധ്വാനത്തിന്റെയും ഉടമകൾക്കുള്ളതായിരുന്നു. ഇന്ന് ഡാറ്റയാണ് പുതിയ മൂലധനം. ആ മൂലധനമുപയോഗിച്ചാണ് ഗൂഗിളും മെറ്റയും ആമസോണും ലോകം കീഴടക്കുന്നത്. ഡാറ്റയുടെ ഉടമസ്ഥാവകാശം ഒരു പുതിയ അധികാര ശക്തിയായി വളർന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി അപ്പുക്കുട്ടൻ അധ്യക്ഷനായിരുന്നു. ഡോ. സി ബാലൻ സ്വാഗതം പറഞ്ഞു. മുൻ എംപി പി കരുണാകരൻ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി കെ രാജൻ, സാബു അബ്രഹാം, വി വി രമേശൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ രാജ്‌മോഹൻ, ഡോ. വി പി പി മുസ്‌തഫ, പി കെ നിഷാന്ത്‌, നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, എം രാഘവൻ, എം കുഞ്ഞമ്പാടി തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾപങ്കുവെക്കുക. കൂടുതൽ ആളുകളിലേക്ക് ഈ വാർത്ത എത്തിക്കാൻ ഷെയർ ചെയ്യുക.

A CPM seminar in Kanhangad discussed media control and the growing influence of corporations. Speakers highlighted concerns about threats to media plurality and democracy.

#MediaControl #CorporateInfluence #CPMSeminar #IndianMedia #Democracy #TechnoFeudalism

 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia