city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM says | മധൂര്‍ പഞ്ചായതില്‍ വികസന കാര്യങ്ങളില്‍ ബിജെപി ഭരണസമിതി വിവേചനവും പക്ഷപാതിത്വവും കാണിക്കുന്നുവെന്ന് സിപിഎം; 'തുകകള്‍ ചില വാര്‍ഡുകള്‍ മാത്രം കേന്ദ്രീകരിച്ച് വീതിച്ചെടുക്കുന്നു'

കാസര്‍കോട്: (www.kasargodvartha.com) ബിജെപി നേതൃത്വം നല്‍കുന്ന മധൂര്‍ പഞ്ചായത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ കാലങ്ങളായി സമാനതകളില്ലാത്ത വിവേചനവും, സ്വജനപക്ഷപാതിത്വവുമാണ് നടക്കുന്നതെന്ന് സിപിഎം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായതില്‍ ഇടതുപക്ഷ അംഗങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചതോടെ ഭരണ സമിതി യോഗത്തില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും വിവേചനത്തിന്റെ ആഴം ജനങ്ങള്‍ക്കിടയില്‍ വെളിപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങിയെന്നും നേതാക്കള്‍ പറഞ്ഞു.
                     
CPM says | മധൂര്‍ പഞ്ചായതില്‍ വികസന കാര്യങ്ങളില്‍ ബിജെപി ഭരണസമിതി വിവേചനവും പക്ഷപാതിത്വവും കാണിക്കുന്നുവെന്ന് സിപിഎം; 'തുകകള്‍ ചില വാര്‍ഡുകള്‍ മാത്രം കേന്ദ്രീകരിച്ച് വീതിച്ചെടുക്കുന്നു'

പഞ്ചായതിന്റെ സമഗ്ര വികസനത്തിനായി ഉപയോഗപ്പെടുത്തേണ്ട തുകകള്‍ നാല് വാര്‍ഡുകള്‍ മാത്രം കേന്ദ്രീകരിച്ച് വീതിച്ചെടുക്കുന്ന സ്ഥിതിയാണുളളത്. മറ്റ് വാര്‍ഡുകളിലേക്ക് തുച്ഛമായ തുകയാണ് അനുവദിച്ചുക്കിട്ടുന്നത്. മറ്റ് ബിജെപി അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകള്‍ക്ക് പോലും വികസന തുകകള്‍ ലഭിക്കാന്‍ തുടങ്ങിയത് എല്‍ഡിഎഫ് അംഗങ്ങള്‍ ഭരണ സമിതിക്കകത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ ഭാഗമായിട്ടാണ്.

നേരത്തെ മൂന്നോ, നാലോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മാത്രം ഭീമമായ തുക വിഭജനം നടക്കുന്ന സമയത്ത് ഇതിനെ ചുറ്റിപ്പറ്റി ചില ഏജന്റുമാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു സാധാരണ ടെന്‍ഡര്‍ മാറ്റി ഓണ്‍ലൈന്‍ ടെന്‍ഡര്‍ നടത്താന്‍ ഭരണ സമിതി തയ്യാറായത്. ഇതിനെ തുടര്‍ന്നൊക്കെ പകപോക്കല്‍ സമീപനമാണ് എല്‍ഡിഎഫ് അംഗങ്ങളോട് ബിജെപി ഭരണസമിതി സ്വീകരിച്ചത്.

കഴിഞ്ഞ സിഎഫ്സി തുകയില്‍ വാര്‍ഡുകളുടെ പശ്ചാത്തല ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടുന്ന 4580000 രൂപ മൊത്തമായി യാതൊരു ആവശ്യവുമില്ലാതെ പഞ്ചായത് കമ്യൂനിറ്റി ഹോള്‍ വികസനമെന്ന പേരില്‍ വകയിരുത്തി. നല്ലൊരു കമ്യൂനിറ്റി ഹോള്‍ നിലവിലുണ്ടെന്നിരിക്കെ, അഴിമതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. ഇതില്‍ നാല് എല്‍ഡിഎഫ് അംഗങ്ങളും അവരുടെ വിയോജിപ്പ് രേഖപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇത്തവണ വികസന തുക വകയിരുത്തുമ്പോള്‍ ബിജെപി അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് പത്തും പതിനഞ്ചും ലക്ഷം രൂപ വകയിയിരുത്തിയപ്പോള്‍ മറ്റ് വാര്‍ഡുകളിലേക്ക് ആറ് ലക്ഷത്തില്‍ താഴെ മാത്രമാണ് നല്‍കിയത്.

വാലിഡേഷന്‍ വന്ന് തുക കുറഞ്ഞപ്പോഴും ഇതേ അനീതി തുടരുന്നു. എസ് സി, എസ് ടി തുകകള്‍ ഈ വിഭാഗം ഭൂരിപക്ഷമുള്ള വാര്‍ഡുകളെ തഴഞ്ഞ് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ ഭാഗമായി മറ്റ് വാര്‍ഡുകള്‍ക്ക് അനുവദിക്കുന്നു. വയോജനങ്ങള്‍ക്കുള്ള കട്ടിലും മറ്റും അനുവദിക്കുമ്പോള്‍, വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു. ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത് പ്രവര്‍ത്തനം താറുമാറാകുന്നു. പഞ്ചായത് അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെ ബാഹ്യഇടപെടലുകളുടെ ഭാഗമായി പദ്ധതി തയ്യാറാക്കുമ്പോള്‍ തുകകള്‍ ലാപ്‌സായിപ്പോകുന്ന സ്ഥിതിയുണ്ടാകുന്നു.


സ്വജന പക്ഷപാതവും വിവേചനവും മൂലം യഥാര്‍ഥ അര്‍ഹര്‍ തഴയപ്പെടുന്നു. പിഞ്ച് കുഞ്ഞുങ്ങള്‍ പഠിക്കുന്ന അംഗനവാടികളുടെ വികസനം പോലും രാഷട്രീയ പക്ഷപാതിത്വത്തിന്റെ കണ്ണില്‍ കാണുന്നു. സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം എന്നിവയില്‍ രാഷ്ട്രീയം കാണുന്നു. എട്ട്, ഒമ്പത്, 15, 16 തുടങ്ങിയവ 1200 ഓളം ജനസംഖ്യയുള്ള വാര്‍ഡുകള്‍ക്ക് തുക വാരിക്കോരി അനുവദിക്കുമ്പോള്‍, രണ്ട്, മൂന്ന്, നാല്, ആറ്, ഏഴ്, 18, 19 തുടങ്ങിയ 2500 - 3000 ത്തിലധികം ജനസംഖ്യയുള്ള വാര്‍ഡുകള്‍ അവഗണിക്കപ്പെടുന്നു.

40 ലക്ഷത്തിലധികം തുക 2021-22 വര്‍ഷത്തില്‍ വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്റെ വാര്‍ഡിലേക്ക് വകയിരുത്തിയപ്പോള്‍ അഞ്ച് ലക്ഷത്തില്‍ താഴെയാണ് പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് നല്‍കിയത്. പഞ്ചായതിലെ ജനങ്ങളുടെ നികുതിപ്പണം ബിജെപി വാര്‍ഡുകളില്‍ മാത്രം ഒരു തത്വദീക്ഷയുമില്ലാതെ വിനിയോഗിക്കുകയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ഏരിയാ കമിറ്റിയംഗം എം കെ രവീന്ദ്രന്‍, ലോകല്‍ സെക്രടറിമാരായ എ രവീന്ദ്രന്‍, കെ ഭുജംഗ ഷെട്ടി, വാര്‍ഡ് അംഗങ്ങളായ സി എം ബശീര്‍, സി ഉദയകുമാര്‍, അബ്ദുല്‍ ജലീല്‍, നസീറ മജീദ് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, CPM, BJP, Political Party, Politics, Panchayath, Video, Press Meet, LDF, Controversy, Madhur Panchayat, CPM says BJP is showing discrimination and partiality in Madhur Panchayat.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia