Brewery Opposition | സിപിഎമ്മിന് മുന്നണി സംവിധാനത്തേക്കാൾ വലുതോ ബ്രൂവറി? എതിർപ്പ് ശക്തം

● സിപിഎമ്മും ഘടകകക്ഷികളും തമ്മിൽ അഭിപ്രായ വ്യത്യാസം.
● ജെഡിഎസ് മന്ത്രിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
● സിപിഐയും ശക്തമായ എതിർപ്പുമായി രംഗത്ത്.
● ദയാബായിയുടെ സമരവും സർക്കാരിന് തലവേദനയാകും.
എം എം മുഹ്‌സിൻ
പാലക്കാട്: (KasargodVartha) നെൽകൃഷി വിളയുന്ന പാലക്കാട് എലപ്പുള്ളിയിൽ മദ്യം വിളമ്പാൻ ബ്രൂവറി പ്ലാന്റ് അനുവദിച്ച വിഷയത്തിൽ ഇടതുമുന്നണിയിലെ ചെറുകക്ഷികൾ സർക്കാറിനും, സിപിഎമ്മിനെതിരെ ശക്തമായി രംഗത്തു വരുമ്പോഴും മുന്നണി സംവിധാനത്തേക്കാൾ വലുതാണ് സർക്കാരിന്റെ 'മദ്യനയം' എന്ന നിലയിലേക്ക് സിപിഎം മാറിയോ എന്ന ചോദ്യം ഉയരുന്നു. എല്ലാ വിഷയത്തിലും സർക്കാർ തീരുമാനങ്ങളെ കണ്ണടച്ച് പിന്തുണക്കുന്ന സമീപനം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് കീഴ് ഘടകങ്ങൾ.
ബ്രൂവറി വിഷയത്തിൽ ജെഡിഎസ് ജില്ലാ ഘടകങ്ങൾ മന്ത്രി കെ കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കണമെന്ന് വരെ ആവശ്യപ്പെട്ടു രംഗത്ത് വന്നു കഴിഞ്ഞു. മന്ത്രിയാകട്ടെ സർക്കാർ നിലപാടിനൊപ്പവും. സിപിഐയും ഈ വിഷയത്തിൽ കടുത്ത എതിർപ്പുമായി നേരത്തെ തന്നെ രംഗത്തുണ്ട്. ജെഡിഎസ് യോഗത്തിലും മുറുമുറുപ്പുണ്ടായി. ചെറുകക്ഷികളുടെ എതിർപ്പ് ഗൗരവമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎമ്മിനുള്ളത്. വിഷയത്തിൽ എതിർപ്പ് ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കി ഇടതുമുന്നണി കൺവീനർ വളരെ മയപ്പെടുത്തിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം വിഷയം പ്രതിപക്ഷം ഏറ്റെടുത്തിട്ടുമുണ്ട്. ഇടതുമുന്നണിയിൽ തന്നെ ബ്രൂവറി വിഷയത്തിൽ ഭിന്നത നിലനിൽക്കുമ്പോഴും നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് വലിയ അഴിമതിക്ക് കളമൊരുക്കലാണെന്ന് പറഞ്ഞു ഇതിനകം തന്നെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. അഴിമതി കേസിൽപ്പെട്ട ഒരു കമ്പനിക്ക് ബ്രൂവറി പ്ലാന്റ് തുടങ്ങാൻ സർക്കാർ അനുമതി നൽകുന്നത് അഴിമതി അല്ലാതെ പിന്നെന്തിനാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ചോദിക്കുന്നു.
കുടിക്കാൻ വെള്ളമില്ലാത്ത സ്ഥലത്താണ് ബ്രൂവറി പ്ലാന്റ് തുടങ്ങുന്നത്. മദ്യമാണോ അതോ നെല്ലാണോ പാലക്കാട് വയലിൽ ഉത്പാദിപ്പിക്കേണ്ടത് എന്ന ജനങ്ങളുടെ ചോദ്യം സർക്കാർ മുഖവിലക്കെടുക്കുന്നില്ല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന ഈ വലിയ അഴിമതിക്ക് പാർട്ടിയും കൂട്ടുനിൽക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നു.
ബ്രൂവറി വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോൾ മുന്നണിക്കകത്ത് ചെറുതും, വലുതുമായ കക്ഷികൾ സർക്കാരിനെതിരെ രംഗത്തുവരുന്നതിൽ സിപിഎമ്മിനകത്ത് കടുത്ത പ്രതിഷേധമുണ്ട്. ഈ വിഷയത്തിൽ മുന്നണിയിൽ നിന്ന് പോകുന്നവർ പോകട്ടെ എന്ന നിലപാട് സ്വീകരിക്കണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. പ്രതിപക്ഷത്തിന് വടി കൊടുത്ത് അടി വാങ്ങാനാണ് സിപിഐയും, ജെഡിഎസും ശ്രമിക്കുന്നതെന്ന് സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നു. അതേസമയം ഈ വിഷയത്തിൽ ഘടകകക്ഷികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വൈകിയാണെങ്കിലും നിലപാട് വ്യക്തമാക്കിയത് ഘടകകക്ഷികൾക്ക് സ്വീകാര്യമായിട്ടുണ്ട്.
അതേസമയം ബ്രൂവറി സമരത്തിൽ അണിചേരാനുള്ള ദയാബായിയുടെ നീക്കങ്ങളും സർക്കാറിന് തല വേദനയാവും. ഇതിനെതിരെ ജനകീയ സമരമുണ്ടായാൽ അണിചേരുമെന്ന് സാമൂഹിക പ്രവർത്തക ദയാബായ് കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോയാൽ ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന ഭയവും സിപിഎം നേതൃത്വത്തിനുണ്ട്.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Strong opposition from smaller parties within the Left Front over the brewery plant in Palakkad, questioning CPM's stance on government policies and potential political damage.
#Palakkad #Brewery #CPM #PoliticalOpposition #KeralaNews #LeftFront