city-gold-ad-for-blogger

സി പി എം കൊള്ളസംഘമായി മാറി; രക്തസാക്ഷി ഫണ്ട് പോലും തട്ടിയെടുത്ത പാർട്ടിയെ പിരിച്ചുവിടണം: എം ടി രമേശ്

CPM Has Become a Robbery Gang, Should be Dissolved: MT Ramesh Slams Martyr Fund Fraud
KasargodVartha Photo

● പയ്യന്നൂരിൽ എം.എൽ.എ കള്ള രസീത് അടിച്ച് പിരിവെടുത്തെന്ന ആരോപണം നാണക്കേടാണെന്ന് രമേശ്.
● 'സി.പി.എം വോട്ടുകൾ കൊണ്ടാണ് ലീഗ് ജയിച്ചതെന്ന വെളിപ്പെടുത്തൽ യാഥാർഥ്യം പുറത്തുകൊണ്ടുവന്നു.'
● 'കാസർകോടും മഞ്ചേശ്വരത്തും പണം വാങ്ങി വോട്ട് കൊടുക്കുന്ന രാഷ്ട്രീയ സംസ്കാരമാണുള്ളത്.'
● 'സി.പി.എം നേതൃത്വത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം.'
● ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എം.എൽ അശ്വനിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കാസർകോട്: (KasargodVartha) സി.പി.എം പാർട്ടിയെ പിരിച്ചുവിടണമെന്നും രക്തസാക്ഷികളുടെ പേരിൽ ശേഖരിക്കുന്ന ഫണ്ട് പോലും കൊള്ളയടിക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്നും ബി.ജെ.പി നേതാവ് എം.ടി. രമേശ് ആരോപിച്ചു. കാസർകോട് പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമാണ് വാർത്താ സമ്മേളനത്തിൽ എം.ടി. രമേശ് ഉന്നയിച്ചത്.

ഫണ്ട് വെട്ടിപ്പും കള്ള രസീതും

പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ഒരു എം.എൽ.എ കള്ള രസീത് അച്ചടിച്ച് പിരിവെടുത്തുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ, അതിലധികം നാണക്കേട് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഉണ്ടാകാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പാർട്ടിയിൽ പ്രവർത്തകർ എങ്ങനെ നേതാക്കളെ വിശ്വസിക്കും എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സി.പി.എം നേതൃത്വം ഇന്ന് ഒരു കൊള്ള സംഘം ആയി മാറിയിരിക്കുകയാണെന്നും, പൊതുജനങ്ങളെയും സ്വന്തം പ്രവർത്തകരെയും ഒരുപോലെ വഞ്ചിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും എം.ടി. രമേശ് കുറ്റപ്പെടുത്തി. കള്ള രസീതുകൾ ഉപയോഗിച്ച് പിരിവെടുക്കുന്ന പാർട്ടിയെ പിരിച്ചുവിടുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വോട്ട് കച്ചവട ആരോപണം

മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി നടത്തിയ ‘സി.പി.എം വോട്ടുകൾ കൊണ്ടാണ് ലീഗ് ജയിച്ചത്’ എന്ന തുറന്നുപറച്ചിൽ യാഥാർഥ്യം പുറത്തുകൊണ്ടുവന്നതാണെന്നും എം.ടി. രമേശ് പറഞ്ഞു. മുമ്പ് ഈ ആരോപണം നിഷേധിച്ചിരുന്ന മുസ്ലീം ലീഗ് നേതൃത്വം ഇപ്പോൾ അത് സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാസർകോടും മഞ്ചേശ്വരത്തും പണം വാങ്ങി വോട്ട് കൊടുക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് നിലവിലുള്ളതെന്നും, ഇതിന് അറുതി വരുത്താൻ യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് ഒറ്റ സ്ഥാനാർത്ഥിയെ നിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

സാമ്പത്തിക സ്രോതസ്സുകളിൽ അന്വേഷണം വേണം

പയ്യന്നൂരിലെ സി.പി.എം ഫണ്ട് വെട്ടിപ്പ് സംഭവം പാർട്ടിയുടെ വികൃതമായ മുഖം പൊതുസമൂഹത്തിന് മുന്നിൽ അനാവരണം ചെയ്തതാണെന്നും, സി.പി.എം സ്വന്തം പ്രവർത്തകരെപ്പോലും വഞ്ചിക്കുന്ന പാർട്ടിയാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തസാക്ഷികളുടെ ഫണ്ടിന് പുറമെ കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ നിന്നും ഫണ്ട് വെട്ടിപ്പ് നടത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെയും നേതാക്കളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എം.എൽ അശ്വനിയും വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ബി.ജെ.പി നേതാവിന്റെ ആരോപണത്തിൽ കഴമ്പുണ്ടോ? കമന്റ് ചെയ്യൂ.

Article Summary: BJP leader MT Ramesh demands dissolution of CPM, alleging the party has become a robbery gang involved in martyr fund fraud and vote trading.

#MTRamesh #BJP #CPM #Politics #KeralaNews #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia