Controversy | 'മാവുള്ള മാവിലേക്ക് കൂടുതൽ കല്ലേറുണ്ടാകും', ഡി സി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ
● 'തന്റെ ആത്മകഥ പൂർത്തിയാക്കിയിട്ടില്ല'
● 'തിരഞ്ഞെടുപ്പ് ദിവസം ബോധപൂർവം ഉണ്ടാക്കിയ വ്യാജവാർത്തയാണിത്'
● 'രാഷ്ട്രീയ ഗൂഡാലോചനയും അന്വേഷിക്കും'
ഉദുമ: (KasargodVartha) ആത്മകഥ വിവാദത്തിൽ ഡി സി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം കേന്ദ്രകമിറ്റി അംഗം ഇ പി ജയരാജൻ. തന്റെ ആത്മകഥ പൂർത്തിയായിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഉദുമയിൽ സിപിഎം ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ആത്മകഥ പ്രസിദ്ധീകരിക്കാൻ മാതൃഭൂമിയും ഡിസി ബുക്‌സും ചോദിച്ചിട്ടുണ്ട്. ആർക്കും കൊടുത്തിട്ടില്ല. പക്ഷെ, ഇപ്പോൾ ഞാനറിയാതെ എന്റെ ആത്മകഥ പുറത്തത്തിറക്കുകയാണ്. അതിന്റെ കവർ പേജ് ഇന്നാണ് ഞാൻ ആദ്യം മാധ്യമങ്ങളിലുടെ കാണുന്നത്. ഡി സി ബുക്‌സ് ഇത് സ്വന്തം ബിസിനസിന്റെ ഭാഗമായി പുറത്തിറക്കിയതാണ്.
തെരഞ്ഞെടുപ്പ് ദിവസത്തിൽ ബോധപൂർവം ഉണ്ടാക്കിയ വ്യാജവാർത്തയാണിത്. എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ വാർത്തയായത് എന്നതും അന്വേഷിക്കുന്നുണ്ട്. രാഷ്ട്രീയ ഗൂഡാലോചനയും അന്വേഷിക്കും. വസ്‌തുതകൾ ശേഖരിച്ച് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകും. ഇതുസംബന്ധിച്ച് എല്ലാത്തരത്തിലുമുള്ള നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാവുള്ള മാവിലേക്ക് കൂടുതൽ കല്ലേറുണ്ടാകുമെന്നതുപോലെയാണ് തന്നെ ബന്ധപ്പെടുത്തി കൂടുതൽ വിവാദം സൃഷ്ടിക്കുന്നതിന് പിന്നിലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. ചേലക്കരയിലെ പണമിടപാട് സംബന്ധിച്ച വാർത്തയും വ്യാജമാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. ചേലക്കരയിൽ പണം എത്തിയത് താൻ മുഖാന്തരിമാണെന്ന് 24 ചാനൽ വാർത്തകൊടുത്തു. താൻ ആ ഭാഗത്തുണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നത് വയലനാട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ബന്ധപ്പെടുത്തി കൂടുതൽ വിവാദം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഎം ഉദുമ ഏരിയാ സമ്മേളനം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, പി കരുണാകരൻ, അഡ്വ. സി എച് കുഞ്ഞമ്പുഎംഎൽഎ, കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, വി വി രമേശൻ, എം സുമതി, കെ കുഞ്ഞിരാമൻ, എം ലക്ഷ്മി, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. പി ശാന്ത രക്തസാക്ഷി പ്രമേയവും ചന്ദ്രൻ കൊക്കാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രടറി മധു മുതിയക്കാൽ റിപോർട് അവതരിപ്പിച്ചു. പി വി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം പൊതുപ്രകടനവും പൊതു സമ്മേളനവും നടക്കും.
#EPJayarajan #DCBooks #Autobiography #Controversy #KeralaPolitics