Conference | സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നത് വിപുലമായ പരിപാടികൾ; പൊതുസമ്മേളന റാലിയിൽ അരലക്ഷം പേർ അണിനിരക്കും

● സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകൾ ജനുവരി 14 മുതൽ ആരംഭിക്കും.
● സമ്മേളനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും.
● 15-ാം തീയതി അലാമിപ്പള്ളി ബസ്‌സ്‌റ്റാൻഡ് പരിസരത്ത് പുരുഷ വടംവലി മത്സരം നടക്കും.
കാഞ്ഞങ്ങാട്: (KasargodVartha) ഫെബ്രുവരി അഞ്ചു മുതൽ ഏഴു വരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നത് വിപുലമായ പരിപാടികൾ. സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകൾ ജനുവരി 14 മുതൽ ആരംഭിക്കും. വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സെമിനാറുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 14ന് മൂന്ന് മണിക്ക് നീലേശ്വരത്ത് 'വിജ്ഞാന സമ്പദ്ഘടനയും കേരളവും' എന്ന വിഷയത്തിൽ ആരാധന ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ പ്രൊഫ. സി. രവീന്ദ്രനാഥ് പങ്കെടുക്കും. അതെ ദിവസം തന്നെ ചുള്ളിക്കരയിൽ 'ചരിത്രത്തിലെ തിരുത്തുകൾ' എന്ന വിഷയത്തിൽ പകൽ മൂന്ന് മണിക്ക് നടക്കുന്ന സെമിനാറിൽ ദിനേശൻ പുത്തലത്ത്, മാളവിക ബിന്നി എന്നിവർ പ്രഭാഷണം നടത്തും.
ജനുവരി 18ന് കുറ്റിക്കോലിൽ 'ലിംഗനീതിയുടെ മാനങ്ങൾ' എന്ന വിഷയത്തിൽ പകൽ മൂന്ന് മണിക്ക് നടക്കുന്ന സെമിനാറിൽ ഡോ. ടി എൻ സീമ, പി സോന എന്നിവർ പങ്കെടുക്കും. ജനുവരി 20ന് പെരിയാട്ടടുക്കത്ത് 'ഭാവി സോഷ്യലിസത്തിന്റേത്' എന്ന വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സെമിനാറിൽ എം സ്വരാജ് പ്രഭാഷണം നടത്തും.
ജനുവരി 21ന് കാലിക്കടവിൽ 'ഇന്ത്യൻ ഭരണഘടന' എന്ന വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സെമിനാറിൽ ജോൺ ബ്രിട്ടാസ് പങ്കെടുക്കും. ജനുവരി 22ന് കാഞ്ഞങ്ങാട് 'യുവജനസംഗമം' എന്ന വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടിയിൽ മീനാക്ഷി മുഖർജി പ്രഭാഷണം നടത്തും. ജനുവരി 23ന് കാഞ്ഞങ്ങാട് രക്തസാക്ഷി കുടുംബസംഗമം വൈകുന്നേരം നാല് മണിക്ക് നടക്കും, വി എൻ വാസവൻ ഈ പരിപാടിയിൽ സംബന്ധിക്കും.
ജനുവരി 24ന് ചെറുവത്തൂരിൽ ഇ എം എസ് ഓഡിറ്റോറിയത്തിൽ 'വികേന്ദ്രീകൃത ആസൂത്രണം' എന്ന വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സെമിനാറിൽ ജിജു പി അലക്‌സ്, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുക്കും. അതെ ദിവസം തന്നെ കാഞ്ഞങ്ങാട് 'വിദ്യാർഥി കൂട്ടായ്‌മ' എന്ന വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടിയിൽ നിതീഷ് നാരായണൻ, കെ അനുശ്രീ എന്നിവർ പ്രഭാഷണം നടത്തും.
ജനുവരി 25ന് കാഞ്ഞങ്ങാട് 'മാധ്യമ സെമിനാർ' വൈകുന്നേരം നാല് മണിക്ക് നടക്കും, എം വി നികേഷ് കുമാർ, എം വി ശ്രേയാംസ് കുമാർ, പി സരിൻ എന്നിവർ ഈ സെമിനാറിൽ സംബന്ധിക്കും. അതെ ദിവസം കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിൽ 'പ്രവാസിയും കേരളവും' എന്ന വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സെമിനാറിൽ വി അബ്ദുറഹ്‌മാൻ പങ്കെടുക്കും.
ജനുവരി 27ന് വെള്ളരിക്കുണ്ടിൽ 'കർഷകരുടെ അതിജീവന പോരാട്ടം' എന്ന വിഷയത്തിൽ പകൽ മൂന്ന് മണിക്ക് നടക്കുന്ന സെമിനാറിൽ ഡോ. വിജു കൃഷ്‌ണൻ പ്രഭാഷണം നടത്തും. അതെ ദിവസം കാഞ്ഞങ്ങാട് 'വനിതാകൂട്ടായ്‌മ' വൈകുന്നേരം നാല് മണിക്ക് നടക്കും, കെ കെ ശൈലജ ഈ പരിപാടിയിൽ സംബന്ധിക്കും. ജനുവരി 28ന് ഇരിയണ്ണിയിൽ 'മാർക്‌സും ലോകവും' എന്ന വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സെമിനാറിൽ എം എ ബേബി പങ്കെടുക്കും. അതെ ദിവസം കുമ്പളയിൽ 'വർഗീയതയും കേരളവും' എന്ന വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സെമിനാറിൽ കെ ടി ജലീൽ പ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും. 15-ാം തീയതി അലാമിപ്പള്ളി ബസ്‌സ്‌റ്റാൻഡ് പരിസരത്ത് പുരുഷ വടംവലി മത്സരം നടക്കും. 17-ാം തീയതി അമ്പലത്തറ റെഡ്‌സ്‌റ്റാർ ഗ്രൗണ്ടിൽ വോളിബോൾ മത്സരവും, 17 മുതൽ 20 വരെ ദുർഗ സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരവും നടക്കും. 18-ാം തീയതി പടന്നക്കാട് മേൽപ്പാലം പരിസരത്ത് കബഡി മത്സരവും, 19-ാം തീയതി പുതുക്കൈ ലോക്കലിൽ ഷൂട്ടൗട്ട് മത്സരവും, ചാലിങ്കാൽ എസ്‌എൻഡിപി കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും, പെരിയ റെഡ്‌സ്‌റ്റാർ ക്ലബ്ബിൽ കാരംസ് മത്സരവും നടക്കും. 20-ാം തീയതി പുല്ലൂർ എ കെ ജി ക്ലബ്ബിൽ വനിതാ വടംവലി മത്സരവും, 26-ാം തീയതി നമ്പ്യാരടുക്കത്ത് ഷട്ടിൽ ബാറ്റ്‌മിന്റൺ മത്സരവും, ബേക്കൽ മുതൽ കാഞ്ഞങ്ങാട് വരെ രാവിലെ 7 മണിക്ക് മാരത്തൺ മത്സരവും നടക്കും.
15-ാം തീയതി വൈകുന്നേരം കിഴക്കുംകരയിൽ കൈകൊട്ടിക്കളി നടക്കും. 19-ാം തീയതി വൈകുന്നേരം കൊളവയലിൽ പൂരക്കളി നടക്കും. 24-ാം തീയതി വൈകുന്നേരം രാവണീശ്വരത്ത് നാടൻ കലാമേള നടക്കും. 26-ാം തീയതി ടൗൺഹാളിൽ നാടക പ്രവർത്തകരെ ആദരിക്കലും പ്രഭാഷണവും നടക്കും. 27-ാം തീയതി വൈകുന്നേരം 6:30-ന് ടൗൺഹാളിൽ ചലച്ചിത്രോത്സവം നടക്കും. 28-ാം തീയതി വൈകുന്നേരം 6 മണിക്ക് ടൗൺഹാളിൽ സിനിമാ പ്രദർശനം നടക്കും. 29-ാം തീയതി വൈകുന്നേരം ടൗൺഹാളിൽ ജില്ലയിലെ സിനിമക്കാരുടെ സംഗമം നടക്കും. 30-ാം തീയതി വൈകുന്നേരം 4:30-ന് ടൗൺഹാളിൽ മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ കലാപരിപാടികൾ നടക്കും. 31-ാം തീയതി വൈകുന്നേരം ടൗൺഹാളിൽ മാർഗംകളിയും പരിചമുട്ട് കളിയും നടക്കും.
ജനുവരി 15ന് പതാക ദിനമായി ആചരിക്കും. അന്നേ ദിവസം ജില്ലയിലെ എല്ലാ പാർട്ടി ഓഫീസുകളിലും അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയർത്തും. ആകർഷകമായ പ്രചാരണ കുടിലുകളും ശിൽപങ്ങളും നിർമ്മിക്കും. ഏരിയാതലത്തിലും തുടർന്ന് ജില്ലാ അടിസ്ഥാനത്തിലും മത്സരാടിസ്ഥാനത്തിലാണ് പ്രചാരണം. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം നടക്കുന്ന കാഞ്ഞങ്ങാട്ടെ നഗരിക്ക് സീതാറാം യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരാണ് നൽകിയിരിക്കുന്നത്. പ്രതിനിധി സമ്മേളന നഗരിക്ക് മുൻ ജില്ലാ സെക്രട്ടറിമാരായ എ കെ നാരായണന്റെയും കെ കുഞ്ഞിരാമന്റെയും സെമിനാർ നടക്കുന്ന സ്ഥലത്തിന് പി രാഘവന്റെയും പേര് നൽകി.
പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൈവളിഗെ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽനിന്നും കൊടിമരം കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്നും എത്തിക്കും.
പൊതുസമ്മേളന നഗറിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തിൽനിന്നും കൊടിമരം, ചീമേനി രക്തസാക്ഷി മണ്ഡപത്തിൽനിന്നും എത്തിക്കും. ദീപശിഖ ജില്ലയിലെ എല്ലാ രക്തസാക്ഷി മണ്ഡപത്തിൽനിന്നുമാണ് കൊണ്ടുവരുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയയിൽ 200 കേന്ദ്രങ്ങളിൽ ചരിത്രസ്‌മൃതി സംഗമം സംഘടിപ്പിച്ചു.
ഫെബ്രുവരി ഏഴിന് കാഞ്ഞങ്ങാട്ട് അരലക്ഷം പേർ പങ്കെടുക്കുന്ന റാലിയും ചുവപ്പുസേനാ മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കും. പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും മുതിർന്ന നേതാക്കൾ പങ്കെടുക്കും. ജില്ലയിലെ 1959 ബ്രാഞ്ച്, 143 ലോക്കൽ, 12 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ജില്ലാസമ്മേളനത്തിലേക്ക് കടക്കുന്നതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ വി വി രമേശൻ, അഡ്വ. കെ രാജ്മോഹൻ, കെ വി സുജാത, പി കെ നിഷാന്ത്, അഡ്വ. പി അപ്പുക്കുട്ടൻ, അഡ്വ. സി ഷുക്കൂർ, ഡോ. സി ബാലൻ, എം രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
#KasaragodNews, #CPMConference, #KasaragodEvents, #CPMSeminars, #PoliticalRally, #KeralaNews