Conference | ഏരിയ സമ്മേളനങ്ങൾ പൂർത്തിയായി; കാസർകോട്ട് സിപിഎം ഇനി ജില്ലാ സമ്മേളനത്തിലേക്ക്; വിപുലമായ ഒരുക്കങ്ങൾ
● ജില്ലാ സമ്മേളനം ഫെബ്രുവരി ആദ്യവാരം നടക്കും
● സെമിനാറുകളും ചരിത്ര പ്രദർശനങ്ങളും സംഘടിപ്പിക്കും
● ആറ് ഏരിയകളിൽ പുതിയ സെക്രട്ടറിമാർ
കാഞ്ഞങ്ങാട്: (KasargodVartha) ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കി കാസർകോട്ട് സിപിഎം ഇനി ജില്ലാ സമ്മേളനത്തിലേക്ക്. ഫെബ്രുവരി അഞ്ച് മുതൽ ഏഴുവരെ കാഞ്ഞങ്ങാട് വെച്ചാണ് ജില്ലാ സമ്മേളനം. ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. 12 ഏരിയകളിലും സെമിനാർ, ചരിത്ര പ്രദർശനം, വർഗ ബഹുജന സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും. ജനുവരി 15ന് എല്ലാ പാർട്ടി അംഗങ്ങളുടെയും വീട്ടുമുറ്റത്ത് ചെമ്പതാക ഉയർത്തി പതാക ദിനം ആചരിക്കും.
ഏരിയ, ജില്ലാ അടിസ്ഥാനത്തിൽ പ്രചാരണ കുടിൽ, ശിൽപ നിർമാണം എന്നിവയിൽ മത്സരം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ഏരിയയിൽ മാത്രം ബ്രാഞ്ചുകളിൽ 20 മുതൽ ജനുവരി 20 വരെ ചരിത്ര സ്മരണ സദസ്സുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥി, യുവജന സമ്മേളനം, മാധ്യമ സമ്മേളനം, സാഹിത്യ, ചരിത്ര ക്വിസ് മത്സരങ്ങൾ, കായിക മത്സരങ്ങൾ, നവമാധ്യമ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. പൊതുസമ്മേളന ദിവസം കാഞ്ഞങ്ങാട് നഗരത്തിൽ ആറായിരം ചുവപ്പു വളണ്ടിയർമാരുടെ പരേഡ് നടക്കും.
പ്രതിനിധി സമ്മേളന നഗരിക്ക് അന്തരിച്ച ജില്ലാ സെക്രട്ടറിമാരായ എ കെ നാരായണന്റെയും കെ കുഞ്ഞിരാമന്റെയും പേരുകൾ നൽകും. പൊതുസമ്മേളന നഗരിക്ക് സീതാറാം യച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേര് നൽകും. അനുബന്ധ സെമിനാർ വേദികൾക്ക് പി രാഘവന്റെയും പേര് നൽകും.
പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൈവളികെ രക്തസാക്ഷി നഗറിൽ നിന്നും കൊടിമരം കയ്യൂരിൽ നിന്നും എത്തിക്കും. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക മുനയൻകുന്നിൽ നിന്നും കൊടിമരം ചീമേനി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എത്തിക്കും. ജില്ലയിലെ എല്ലാ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖയും എത്തിക്കും.
ആറ് ഏരിയകളിൽ പുതിയ സെക്രട്ടറിമാർ
ജില്ലയിലെ 12 ഏരിയകളിൽ ആറിടത്ത് പുതിയ ഏരിയാ സെക്രട്ടറിമാരെയാണ് തിരഞ്ഞെടുത്തത്. ഏരിയാ കമ്മിറ്റികളിൽ യുവജന, സ്ത്രീ, ന്യൂനപക്ഷ, പിന്നാക്ക പ്രാതിനിധ്യവും ഉറപ്പാക്കി. മഞ്ചേശ്വരം: വി വി രമേശൻ, കാസർകോട്: ടി എം എ കരീം, ബേഡകം: സി രാമചന്ദ്രൻ, എളേരി: എ അപ്പുക്കുട്ടൻ, ചെറുവത്തൂർ: മാധവൻ മണിയറ, തൃക്കരിപ്പൂർ: പി കുഞ്ഞിക്കണ്ണൻ, കുമ്പള: സി എ സുബൈർ, കാറഡുക്ക: എം മാധവൻ, ഉദുമ: മധു മുതിയക്കാൽ, കാഞ്ഞങ്ങാട്: കെ രാജ്മോഹൻ, പനത്തടി: ഒക്ലാവ് കൃഷ്ണൻ, നീലേശ്വരം: എം രാജൻ എന്നിവരാണ് പുതിയ ഏരിയ സെക്രട്ടറിമാർ.
പരിപാടികൾ ആസൂത്രണം ചെയ്യാൻ കാഞ്ഞങ്ങാട് സംഘാടക സമിതി യോഗം ചേർന്നു. യോഗത്തിൽ ചെയർമാൻ വി വി രമേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, മുതിർന്ന നേതാവ് പി കരുണാകരൻ, പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്, അഡ്വ. സി ഷുക്കൂർ, പി വി കെ പനയാൽ, സി ബാലൻ, ജയചന്ദ്രൻ കുട്ടമത്ത്, കെ സബീഷ്, വി വി പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ രാജ്‌മോഹൻ സ്വാഗതം പറഞ്ഞു.
#CPMKerala #KasaragodConference #KeralaPolitics #CommunistParty #India