Conference | സിപിഎം കാസർകോട് ഏരിയാസമ്മേളനം നവംബർ 18 മുതൽ അണങ്കൂരിൽ; ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും; വിപുലമായ ഒരുക്കങ്ങൾ
● വിവിധ സാംസ്കാരിക പരിപാടികളും നടക്കും
● നവംബർ 20ന് സമാപിക്കും
● 20ന് വൈകിട്ട് മൂന്ന് മണിക്ക് പൊതുപ്രകടനം ആരംഭിക്കും
കാസർകോട്: (KasargodVartha) സിപിഎം കാസർകോട് ഏരിയാ സമ്മേളനം നവംബർ 18, 19, 20 തീയതികളിൽ അണങ്കൂരിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19ന് രാവിലെ 9.30ന് പി രാഘവൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. രാവിലെ ഒമ്പതിന് എ ഗോപാലൻ നായർ പതാക ഉയർത്തും.
സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക, കൊടിമരം എന്നിവയുടെ ജാഥകൾ 18ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്ലങ്കാന കെ ബാലകൃഷ്ണൻ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽനിന്നും ആരംഭിക്കും. ഏരിയാകമ്മിറ്റി അംഗങ്ങളായ എം കെ രവീന്ദ്രൻ ലീഡറും പി ശിവപ്രസാദ് മാനേജരുമായ ജാഥ ജില്ലാകമ്മിറ്റി അംഗം ടി കെ രാ ജൻ ഉദ്ഘാടനംചെയ്യും.
കൊടിമര ജാഥ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൈക്ക എച്ച് മാലിങ്കൻ സ്മൃതിമണ്ഡപത്തിൽ നിന്നും ആരംഭിക്കും. ഏരിയാകമ്മിറ്റി അംഗങ്ങളായ സി വി കൃഷ്‌ണൻ ലീഡറും എ ആർ ധന്യവാദ് മാനേജരുമായ ജാഥ ജില്ലാകമ്മിറ്റി അംഗം സിജി മാത്യു ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചൗക്കി മുഹമ്മദ് റഫീഖ് രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽനിന്നും ആരംഭിക്കും.
ഏരിയാകമ്മിറ്റി അംഗങ്ങളായ പി വി കുഞ്ഞമ്പു ലീഡറും സി ശാന്തകുമാരി മാനേജരുമായ ജാഥ ജില്ലാകമ്മിറ്റി അംഗം ടി എം എ കരീം ഉദ്ഘാടനംചെയ്യും. കൊടിമര ജാഥ ഉച്ചയ്ക്ക് രണ്ട് മണിക്ക് കുഡ്‌ലു കെ സുരേന്ദ്രൻ സ്‌മൃതിമണ്ഡപ ത്തിൽനിന്നും ആരംഭിക്കും. ഏരിയാകമ്മിറ്റി അംഗങ്ങളായ കെ ജയകുമാരി ലീഡറും എ രവീന്ദ്രൻ മാനേജരുമായ ജാഥ ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ ഉദ്ഘാടനംചെയ്യും.
നാല് ജാഥകളും വൈകിട്ട് അഞ്ച് മണിക്ക് വിദ്യാനഗർ ബി സി റോഡിൽ സംഗമിച്ച് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിക്കും. വൈകിട്ട് ആറ് മണിക്ക് പൊതുസമ്മേളനം നടക്കുന്ന സീതാറാം യച്ചൂരി നഗറിൽ സംഘാടകസമിതി ചെയർമാൻ ടി കെ രാജൻ പതാക ഉയർത്തും. നവംബർ 17ന് വൈകിട്ട് അഞ്ച് മണിക്ക് കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന് പഴയ ബസ്‌സ്റ്റാൻഡ് പരിസരത്തേക്ക് വിളംബര ജാഥയും ഉണ്ടാകും.
19ന് രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. വൈകിട്ട് അഞ്ച് മണിക്ക് അണങ്കൂർ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സാംസ്‌കാരിക സമ്മേളനം നടക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്‌ഥാനസെക്രട്ടറി ജിനേഷ്‌കുമാർ എരമം ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ കുമാരൻ മാഷിനെ ആദരിക്കും. തുടർന്ന് അഭിരാജ് നടുവിലിന്റെ നേതൃത്വത്തിലുള്ള തീപ്പാട്ട് സംഘം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.
20ന് വൈകിട്ട് മൂന്ന് മണിക്ക് നുള്ളിപ്പാടി കേന്ദ്രീകരിച്ച് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ ചുവപ്പ് വളണ്ടിയർ മാർച്ചും പൊതുപ്രകടനവും ആരംഭിക്കും. അഞ്ച് മണിക്ക് അണങ്കൂർ സീതാറാം യച്ചൂരി നഗറിൽ സമാപന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പാർടിയുടെ കാസർകോട് ഏരിയാസെക്രട്ടറിമാരായി പ്രവർത്തിച്ചവരെ ആദരിക്കും. തുടർന്ന് മൈലാഞ്ചി താരം നവാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
ഏരിയയിലെ ഒമ്പത് ലോക്കലുകളിലായുള്ള 120 ബ്രാഞ്ചുകളിലെ 1674 പാർടി മെമ്പർമാരെ പങ്കെടുപ്പിച്ച് താഴെത്തട്ട് മുതലുള്ള സംഘടനാ തലത്തിലുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്കെത്തുന്നത്. സമ്മേളനത്തിന് മുന്നോടിയായി തൊഴിലാളി സംഗമം, മഹിളാ സംഗമം, യൂത്ത്, വിദ്യാർഥി സംഗമം, കർഷക, കർഷകത്തൊഴിലാളി സംഗമം, വിവിധ മത്സരങ്ങൾ, കലാ കായിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ടി കെ രാജൻ, ജനറൽ കൺവീനർ അനിൽ ചെന്നിക്കര, ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ജില്ലാകമ്മിറ്റി അംഗം ടി എം എ കരീം എന്നിവർ പങ്കെടുത്തു.
#CPMKerala, #KasaragodNews, #EPJayarajan, #PoliticalConference, #KeralaPolitics, #CommunistParty