Theft | സിപിഎം കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ടിയിരുന്ന കൊടിമരം മോഷണം പോയതായി ഏരിയ സെക്രടറിയുടെ പരാതി; ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി
● കുഡ്‌ലുവിൽ നിന്നാണ് കൊടിമരം മോഷണം പോയത്.
● പൊലീസ് നായയെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്തി.
● സിപിഎം നേതൃത്വം പുതിയ കൊടിമരം തയ്യാറാക്കുന്ന ജോലി ആരംഭിച്ചു.
കാസര്‍കോട്: (KasargodVartha) സിപിഎം കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയർത്തേണ്ടിയിരുന്ന കൊടിമരം മോഷണം പോയതായി പരാതി. സംഭവത്തിൽ സിപിഎം ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്‌ലുവിൽ സുരേന്ദ്രന്‍ സ്മൃതി മണ്ഡപത്തിന് സമീപം സൂക്ഷിച്ചിരുന്ന കൂറ്റന്‍ കൊടിമരമാണ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ മോഷണം പോയിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് അണങ്കൂരിലെ സമ്മേളന നഗരിയിൽ ഉയർത്തേണ്ടുന്ന കൊടിമരമാണ് അപ്രത്യക്ഷമായത്. അവസാന മിനുക്കു പണികള്‍ നടത്തിയ ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ടാര്‍പോളിൻ കൊണ്ട് പൊതിഞ്ഞുവെച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തു നിന്നു പോയ ശേഷമാണ് മോഷണമെന്ന് സംശയിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ഡിവൈ എസ് പി സി കെ സുനില്‍ കുമാര്‍, കാസർകോട് ടൗൺ ഇന്‍സ്‌പെക്ടര്‍ പി നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
പൊലീസ് നായയെ സ്ഥലത്തെത്തിച്ചും പരിശോധന നടത്തി. അഞ്ച് പേരിലധികം ഇല്ലാതെ കൂറ്റൻ കൊടിമരം നീക്കം ചെയ്യാൻ കഴിയില്ലെന്ന് സിപിഎം നേതാക്കൾ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ബിജെപി നേതൃത്വത്തിന് അറിവില്ലാതെ കൊടിമരം ഇവിടെ നിന്ന് പോകാൻ ഇടയില്ലെന്ന് നേതാക്കൾ സൂചിപ്പിച്ചു. കൊടിമരം നഷ്ടപ്പെട്ടതിന് പിന്നാലെ പുതിയ കൊടിമരം ഉണ്ടാക്കുന്ന ജോലി തുടങ്ങിയിട്ടുണ്ടെന്നും വൈകീട്ടോടെ തന്നെ കൊടിമരം തയ്യാറാകുമെന്നുമാണ് നേതാക്കൾ പറയുന്നത്.
24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായാണ് സിപിഎം കാസർകോട് ഏരിയാസമ്മേളനം തിങ്കളാഴ്ച മുതൽ 20 വരെ അണങ്കൂരിൽ നടക്കാനിരിക്കുന്നത്. 19ന് രാവിലെ 9.30ന് പി രാഘവൻ നഗറിൽ കേന്ദ്രകമിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയിലും പ്രതിനിധി സമ്മേളന നഗരിയിലും ഉയർത്താനുള്ള പതാക, കൊടി മര ജാഥകൾ തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും.
പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്ലങ്കാന കെ ബാലകൃഷ്ണൻ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ നിന്നും, കൊടിമര ജാഥ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൈക്ക എച് മാലിങ്കൻ സ്മൃതി മണ്ഡപത്തിൽനിന്നും, പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചൗക്കി മുഹമ്മദ് റഫീഖ് രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥ ഉച്ചയ്ക്ക് രണ്ട് മണിക്ക് കുഡ്‌ലു കെ സുരേന്ദ്രൻ സ്‌മൃതിമണ്ഡപത്തിൽനിന്നും ആരംഭിക്കുമെന്നുമാണ് സംഘാടക സമിതിയും സിപിഎം നേതൃത്വവും അറിയിച്ചിരുന്നത്.
നാല് ജാഥകളും വൈകിട്ട് അഞ്ച് മണിക്ക് വിദ്യാനഗർ ബി സി റോഡിൽ സംഗമിച്ച് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് പൊതുസമ്മേളനം നടക്കുന്ന സീതാറാം യച്ചൂരി നഗറിൽ സംഘാടകസമിതി ചെയർമാൻ ടി കെ രാജൻ പതാക ഉയർത്തുമെന്നുമാണ് അറിയിച്ചിട്ടുള്ളത്.
#CPM #Kasaragod #flagpoletheft #politicaltension #Kerala #India #news