CPM Conference | സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി ചുവപ്പണിഞ്ഞ് കാഞ്ഞങ്ങാട്; വനിതാ കരുത്ത് വിളിച്ചോതി ഫ്‌ലാഗ് മാർച്ച്

● ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ചെങ്കൊടിയേന്തി വനിതകൾ അണിനിരന്നു.
● വിവിധ സിപിഎം നേതാക്കൾ പങ്കെടുത്തു.
● ബി പോസിറ്റീവ് യുവജന സംഗമം ഞായറാഴ്ച ടൗൺഹാളിൽ നടക്കും
കാഞ്ഞങ്ങാട്: (KasargodVartha) സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി ചുവപ്പണിഞ്ഞ് കാഞ്ഞങ്ങാട്. ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയ്യതികളിൽ കാഞ്ഞങ്ങാട് നഗരം സമ്മേളനത്തിന് വേദിയാകും. വൈവിധ്യമാർന്ന പരിപാടികളാണ് വിവിധയിടങ്ങളിലായി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്. ശനിയാഴ്ച നടന്ന വനിതാ ഫ്ലാഗ് മാർച്ച് പെൺകരുത്തിന്റെ പ്രതീകമായി.
ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ, യൂണിഫോമിൽ ചെങ്കൊടിയേന്തി അനവധി വനിതകൾ അണിനിരന്ന മാർച്ച് പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നും ആരംഭിച്ച് നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം സുമതി ഫ്ലാഗ് ഓഫ് ചെയ്തു.
ദേവീ രവീന്ദ്രൻ, വി വി പ്രസന്നകുമാരി, കെ വി സുജാത, സുനു ഗംഗാധരൻ, പി എ ശകുന്തള, കെ രുഗ്മിണി, ടി ശോഭ, ഫൗസിയ ഷെരീഫ്, അഡ്വ. ബിന്ദു, വി വി തുളസി, ടി വി പത്മിനി, കെ രോഹിണി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി വി രമേശൻ, ഏരിയാ സെക്രട്ടറി കെ രാജ്മോഹനൻ എന്നിവർ പങ്കെടുത്തു.
സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബി പോസിറ്റീവ് യുവജന സംഗമം ഞായറാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് ടൗൺഹാൾ പരിസരത്ത് പി രാഘവൻ നഗറിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും.
യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും, തുടർന്ന് മാണിയാട്ട് കോറസ് കലാസമിതിയുടെ 'കാലം സാക്ഷി' നാടകവും അരങ്ങേറും. അന്തരിച്ച സിപിഎം നേതാവ് എ കെ നാരായണന്റെ ജീവചരിത്ര ഗ്രന്ഥമായ 'ഓർമ്മപുസ്തകം' ചടങ്ങിൽ പ്രകാശനം ചെയ്യും.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
CPM district conference in Kanhangad includes women's flag march, cultural programs, and B Positive Youth Meet.
#CPMConference #FlagMarch #WomenEmpowerment #Kanhangad #PoliticalEvents #CulturalPrograms