കുമ്പളയിലും ബദിയടുക്കയിലും സി പി എം - ബി ജെ പി ബന്ധം എന്ന യു ഡി എഫ് ആരോപണം അടിസ്ഥാന രഹിതമെന്ന് സി പി എം ജില്ലാ കമ്മിറ്റി
Jan 11, 2021, 19:29 IST
കാസര്‍കോട്: (www.kasargodvartha.com 11.01.2021) കുമ്പള, ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ സി പി എം - ബി ജെ പി ബന്ധം എന്ന യു ഡി എഫ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി പി എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ദീര്‍ഘകാലമായി യു ഡി എഫ് തട്ടകമായിരുന്ന ഈ രണ്ട് പഞ്ചായത്തുകളിലും സീറ്റും വോടും വന്‍തോതില്‍ കുറഞ്ഞ് അണികള്‍ കൈവിട്ടതിന്റെ നിരാശയില്‍ ഉടലെടുത്ത വ്യാജ ആരോപണമാണിത്. മുന്‍ കാലങ്ങളില്‍ ഒറ്റയ്ക്ക് തന്നെ ഈ പഞ്ചായത്തുകളില്‍ എല്ലാ സ്ഥാനങ്ങളും കൈയടക്കിവച്ചിരുന്ന യു ഡി എഫിന്റെ കുത്തക തകര്‍ത്ത ജനവിധിയാണ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.
യു ഡി എഫിന്റെ അഴിമതിയിലും തട്ടിപ്പിലും വികസന മുരടിപ്പിലും മനംമടുത്ത ജനം അവരെ കയ്യൊഴിയുകയായിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ സീറ്റുകള്‍ നഷ്ട്ടപ്പെട്ട് അംഗസംഖ്യ കുറഞ്ഞ യു ഡി എഫിന് ഈ രണ്ട് പഞ്ചായത്തിലും ഇത്തവണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പഴയതുപോലെ ലഭിക്കില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. അങ്ങനെ മുമ്പത്തെ പോലെ തങ്ങള്‍ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് യു ഡി എഫ് വ്യാജ ആരോപണവുമായ് രംഗത്ത് വന്നിരിക്കുന്നത്.
ആദര്‍ശാധിഷ്ടിത നിലപാട് എക്കാലവും കൈക്കൊള്ളുന്ന സി പി എം ഇന്ന് മുഖ്യ ശത്രുവായ് കാണുന്നത് ബി ജെ പി യെയാണ്. അഴിമതിക്കാരും വികസന വിരുദ്ധരുമായ യു ഡി എഫുമായി സി പി എം ഒരു നീക്കുപോക്കും നടത്തില്ല. ആ നിലപാട് തന്നെയാണ് കുമ്പള, ബദിയടുക്ക ഗ്രമപഞ്ചായത്തുകളിലും പാര്‍ട്ടി പുലര്‍ത്തി പോരുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ എല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വോടെടുപ്പ് വേണ്ടിവന്നാല്‍ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ള വോടിംഗാണ് നടക്കുന്നത്.
അതുപ്രകാരം ഇടതുപക്ഷ മെമ്പര്‍മാര്‍ ഈ രണ്ട് പഞ്ചായത്തിലും വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ കോ-ലീ-ബി മുന്നണി ഉണ്ടാക്കിയിട്ടുപോലും എല്‍ ഡി എഫിനെ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് യു ഡി എഫ് ഉണ്ടയില്ലാ പൊയ് വെടികള്‍ പൊട്ടിക്കുന്നതെന്നും സി പി എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Kerala, News, Kasaragod, Politics, Political party, BJP, CPM, Congress, Election, Kumbala, Badiyadukka, CPM district committee denies UDF allegations of CPM-BJP links in Kumbala and Badiyadukka.
< !- START disable copy paste -->