Allegation | സിപിഎം - ബിജെപി ബന്ധമെന്ന ആരോപണം ശക്തം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ വിധി പകർപ്പ് പുറത്ത്; അന്വേഷണ സംഘവും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയെന്ന് വിധിയിൽ പരാമർശം
● പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്‌ചയെന്ന് ചൂണ്ടിക്കാട്ടുന്നു
● സിപിഎം-ബിജെപി ബന്ധം ആരോപിച്ച് യുഡിഎഫ് രംഗത്ത്
● കുറ്റപത്രം സമർപ്പിച്ചത് കാലാവധി കഴിഞ്ഞാണ്
കാസർകോട്: (KasargodVartha) ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കം ആറ് പേർ പ്രതികളായ മഞ്ചേശ്വരം തിരെഞ്ഞടുപ്പ് കോഴക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്‌ച സംഭവിച്ചതായി കോടതി വിധിയിൽ പരാമർശം. കോടതി വിധിയുടെ പകർപ്പ് പുറത്ത് വന്നതോടെയായാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
സിപിഎം - ബിജെപി ബന്ധമാണ് കോഴക്കേസ് തള്ളുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെയാണ് വിശദമായ വിധി പകർപ്പും പുറത്ത് വന്നിരിക്കുന്നത്. കുറ്റപത്രം സമർപിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിന് തെളിവില്ലെന്നും വിധിപ്പകർപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരേന്ദ്രൻ അടക്കമുള്ള ആറ് പ്രതികളെ കുറ്റവിമുക്തരാക്കാൻ പ്രധാനകാരണം ഇതാണ്.
ബിജെപിക്കെതിരെ സിപിഎം ഉയർത്തിക്കൊണ്ടുവന്ന പ്രധാന ആയുധമാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്. സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ രക്ഷിച്ചതെന്ന് യുഡിഎഫ് വിധി പുറത്ത് വന്നപ്പേൾ തന്നെ ആരോപണം ഉയർത്തി രംഗത്തെത്തിയിട്ടുണ്ട്. കോടതി വിധി പകർപ്പ് പുറത്ത് വന്നതോടെ യുഡിഎഫിൻ്റെ ആരോപണം സിപിഎമ്മിനെയും സർകാരിനെയും കൂടുതൽ സമ്മർദത്തിലാക്കുന്നതാണ്.
പൊലീസിൻ്റെയും പ്രോസിക്യൂഷൻ്റെയും വീഴ്‌ച വിധിയിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്‌ചയുണ്ടായതായി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപിക്കണമെന്നിരിക്കെ കാലാവധി കഴിഞ്ഞ് ഒരു വർഷവും ഏഴ് മാസത്തിനും കഴിഞ്ഞ ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസം നേരിട്ടു എന്നത് സംബന്ധിച്ച കാരണം കോടതിയിൽ ബോധിപ്പിച്ചിട്ടില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.
കെ സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിന് തെളിവില്ല. രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായും അത് മരുന്ന് വാങ്ങാനും വീട് പുനർനിർമാണത്തിനായും ഉപയോഗിച്ചുവെന്നും സുന്ദര സമ്മതിക്കുന്നു. ഭയപ്പെടുത്തി നൽകിയ പണമാണെങ്കിൽ ഇങ്ങനെ ചിലവഴിക്കുമോ എന്ന സാമാന്യ യുക്തി പോലും അന്വേഷണ സംഘത്തിനുണ്ടായില്ലെന്നും വിധിയിൽ വിമർശിക്കുന്നു. ബിജെപിയിൽ ചേരാൻ പോകുന്നു എന്ന് സുന്ദര മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം വെളിപ്പെടുത്തിയതാണ്. ആ കാര്യം പരിശോധിച്ചിരുന്നെങ്കിൽ പട്ടികജാതി- പട്ടികവർഗ പീഡന നിയമം കുറ്റപത്രത്തിൽ ഉൾപ്പെടുത്തില്ലായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.
കേസിൽ പ്രോസിക്യൂഷൻ്റെ ഭാഗത്ത് വിഴ്‌ചയുണ്ടായതായി മുമ്പ് തന്നെ ആരോപണം ഉയർന്നിരുന്നു. വിധി പ്രസ്താവം നടത്തുമ്പോൾ പോലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ ഹാജരാകാതിരുന്നത് ഇതിൻ്റെ ഉദാഹരണമായാണ് കോൺഗ്രസ് ആരോപിക്കുന്ന്. വിധി പകർപ്പിൽ പൊലീസിനെതിരായ വിമർശനം ഉയർന്നതോടെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് യുഡിഎഫ്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രൻ 89 വോടിനാണ് മുസ്ലിം ലീഗ് നേതാവ് പി ബി അബ്ദുൽ റസാഖിനോട് തോറ്റത്. അന്ന് ഐസ്‌ക്രീം ചിഹ്നത്തിൽ അപരനായി മത്സരിച്ച് 467 വോട് പിടിച്ച കെ സുന്ദര കെ സുരേന്ദ്രൻ്റെ പരാജയത്തിന് പ്രധാന കാരണക്കാരനായിരുന്നു. കെ സുരേന്ദ്രന് ലഭിക്കേണ്ടിയിരുന്ന വോടുകൾ കെ സുന്ദരയ്ക്ക് വീണില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് ഒ രാജഗോപാലിനൊപ്പം വടക്കൻ കേരളത്തിൽ മഞ്ചേശ്വരത്ത് ’താമര’ വിരിയുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
2021ൽ വീണ്ടും സുന്ദര ബി എസ് പി സ്ഥാനാർത്ഥിയായി പത്രിക നൽകിയപ്പോൾ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്‌മാർട് ഫോണും നൽകിയെന്നും സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശന്‍റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്‌റ്റർ ചെയ്യുന്നത്.
എന്നാല്‍ കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്ന് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ല പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റു പ്രതികളായി ഉണ്ടായിരുന്നത്.
ജില്ല ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസ് കോഴ ആരോപിച്ച് കേസെടുത്തത്. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എസ്‌സി–എസ്‌ടി അതിക്രമ വിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമടക്കം ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്.
#KeralaPolitics, #CPM, #BJP, #CourtRuling, #ElectionScandal, #Manjeshwaram