പോലീസിനെ വെല്ലുവിളിച്ച് സിപിഎം ഏരിയാ സെക്രട്ടറി: 'കിട്ടിയത് പലിശ സഹിതം തിരിച്ചുതരും' ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായി
● അറസ്റ്റിലായവരെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
● പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധ യോഗം നടത്തും.
● നിയമവിരുദ്ധമായി പ്രവർത്തിച്ച പോലീസുകാർക്കെതിരെ പരാതി നൽകും.
കുമ്പള: (KasargodVartha) ദേശീയ പണിമുടക്ക് ദിവസം സീതാംഗോളിയിൽ വാഹനങ്ങൾ തടഞ്ഞ സിപിഎം പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സികെ സുബൈറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ‘കിട്ടിയത് ഞങ്ങൾ തിരിച്ചു തരും പലിശ സഹിതം.....’ എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിൽ അദ്ദേഹം കുറിച്ചത്.
കുമ്പള പോലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ ബാബുവിനും ബാബുരാജിനും എതിരെയാണ് പോസ്റ്റിൽ ഭീഷണിയുയർത്തിയിരിക്കുന്നത്. ലാത്തിച്ചാർജിൽ പരിക്കേറ്റ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള മൂന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകുന്നേരം സീതാംഗോളിയിൽ സിപിഎം ഏരിയാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സികെ സുബൈറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
ദേശീയ പണിമുടക്ക് അട്ടിമറിക്കാൻ ബോധപൂർവ്വം തൊഴിലാളി നേതാക്കളെയും പാർട്ടി ലോക്കൽ സെക്രട്ടറിയും ആക്രമിച്ച കുമ്പളയിലെ എ എസ്ഐ മാരായ ബാബുവിനും ബാബുരാജിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണം ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവർക്കും സിപിഐഎം കുമ്പള ഏരിയ കമ്മിറ്റി പരാതി നൽകും നിയമവിരുദ്ധമായി പ്രവർത്തിച്ച ഈ പോലീസുകാർക്കെതിരായി നിയമ പോരാട്ടവും നടത്തും....
പകൽ കോൺഗ്രസും രാത്രി സംഘിയുമായി നടക്കുന്ന ചുവപ്പു കണ്ടാൽ കലിയിളകുന്ന ഈ പോലീസുകാരെ ഞങ്ങൾ തെരുവിൽ കൈകാര്യം ചെയ്യും......
കുമ്പളയിലെ തെരുവുകളിൽ ഞങ്ങൾ ഇനിയും ഉണ്ടാകും നിങ്ങളും ഉണ്ടാകണം......
കാക്കി യൂണിഫോമിന്റെ ബലത്തിൽ അടി തിരിച്ചു കിട്ടില്ല എന്ന ഉറപ്പിൽ നിങ്ങൾ ഞങ്ങളെ തല്ലിയിട്ടുണ്ടാകാം......
ഒരു കാര്യം ഓർത്തോളൂ......
കിട്ടിയത് ഞങ്ങൾ തിരിച്ചു തരും പലിശ സഹിതം.....
ഇത് തീർച്ചയാണ്....
തുളുനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആർഎസ്എസിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ഉയർന്നു വന്നതാണ്....
ഭാസ്കര കുമ്പളയും മുരളീധരനും രക്തം നൽകി ചുവപ്പിച്ച പ്രസ്ഥാനമാണ്......
അതിനെ ലാത്തി കൊണ്ട് തകർക്കാൻ നിങ്ങൾക്കാവില്ല.....
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: CPM leader's Facebook post challenges police after lathi charge.
#KasaragodNews #CPMKerala #PoliceAction #PoliticalControversy #Kumbala #NationalStrike






