Criticism | സിപിഎമ്മും എൽഡിഎഫ് സർക്കാരും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നതായി എ പി അബ്ദുല്ലക്കുട്ടി
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, കെ.കെ. നാരായണൻ, അഡ്വ. മനോജ് കുമാർ, മനുലാൽ മേലത്ത് എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
കാസർകോട്: (KasargodVartha) സിപിഎമ്മും എൽഡിഎഫ് സർക്കാരും ഇതുവരെ നേരിട്ടിട്ടില്ലാത്തവിധം പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. ബി.ജെ.പി കാസർകോട് ജില്ലയിൽ സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
'സിപിഎമ്മും കോൺഗ്രസും വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അംഗങ്ങൾ കൊഴിഞ്ഞ് കൊണ്ടിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം ഗ്രാമത്തിൽ പോലും പാർട്ടി യോഗം മാറ്റിവെക്കേണ്ടി വന്നത് അതിന്റെ തെളിവാണ്. യുവാക്കളും സ്ത്രീകളും നരേന്ദ്ര മോദി സർക്കാരിലും ബി.ജെ.പിയിലും കൂടുതൽ വിശ്വാസമർപ്പിക്കുന്നു. ഇതിന് തെളിവാണ് കഴിഞ്ഞ വർഷങ്ങളിൽ അംഗത്വത്തിൽ ഉണ്ടായ വൻ വർധന,' അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്ന് കൊലപാതകങ്ങൾ നടത്തൽ, മരംമുറിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഭരണകക്ഷിയുടെ തന്നെ എംഎൽഎ ആഭ്യന്തരവകുപ്പിന് നേരെ ഉയർത്തി വിട്ടിരിക്കുന്നത്. സ്വർണ്ണം പൊട്ടിക്കാനുള്ള ശ്രമവും കവടിയാർ കൊട്ടാരത്തിന് സമീപം എഡിജിപിക്ക് വലിയ കൊട്ടാരം പണിയുന്ന കാര്യവും പുറത്ത് വന്നിട്ടുള്ളത് പാർട്ടിക്കുള്ളിലെ പ്രതിസന്ധി വളരുന്നതിന്റെ സൂചനയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാധാരണ അംഗങ്ങളിൽ ഈ ആരോപണങ്ങൾ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണെന്നും, സിപിഎം ശക്തമായ ഗ്രാമങ്ങളിലും ബി.ജെ.പി.ക്ക് വോട്ടുവർദ്ധനയുണ്ടായിരിക്കുന്നതിന്റെ തെളിവാണിത്, അബ്ദുല്ലക്കുട്ടി പറഞ്ഞു.
ബിജെപിയുടെ ജില്ലാതല അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനം
പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടൻറ് എം. വിശാലിന് അംഗത്വം നൽകി ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി നിർവഹിച്ചു. ഫൈസൽ, മഞ്ജുനാഥ ഷെട്ടി, സന്ദീപ് റൈ എന്നിവർക്കും അംഗത്വം നൽകി.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, കെ.കെ. നാരായണൻ, അഡ്വ. മനോജ് കുമാർ, മനുലാൽ മേലത്ത് എന്നിവർ പ്രസംഗിച്ചു.