കെ എസ് എഫ് ഇ റെയ്ഡ്: ഐസകിനെ തള്ളി സി പി എം, പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പാര്‍ടി സെക്രടേറിയറ്റ്
തിരുവനന്തപുരം: (www.kasargodvartha.com 02.12.2020) കെ എസ് എഫ് ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയെ ചൊല്ലിയുണ്ടായ വിവാദം ധനമന്ത്രി തോമസ് ഐസക്കിനെ പ്രതിരോധത്തിലാക്കി. മന്ത്രിയുടെ പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന വിലയിരുത്തലിലാണ് പാര്‍ടി നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന അവയ്‌ലബിള്‍ സെക്രടറിയേറ്റിന്റതായി വന്ന പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ പാര്‍ടിയും സര്‍കാരും രണ്ട് തട്ടിലാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ചില പ്രതികരണങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഉപയോഗിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ടവര്‍ പരസ്യമായി പ്രതികരിക്കുന്നത് പാര്‍ടിക്കും സര്‍കാരിനും ദോഷമേ ഉണ്ടാക്കുവെന്ന് സെക്രടറിയേറ്റില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം നല്ല ഉദ്ദേശത്തോടു മാത്രമാണ് പ്രതികരിച്ചത് എന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
വിവാദത്തില്‍ ധനമന്ത്രിയുടെ പ്രതികരണത്തെ തള്ളി മന്ത്രിമാരായ കടകം പള്ളി സുരേന്ദ്രനും ജി സുധാകരനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ ശരിവെക്കുന്ന തരത്തിലാണ് സെക്രടറിയേറ്റ് നിലപാട്.