ഇടത് സർക്കാരിൽ സിപിഐ നേരിട്ട അവഗണന: പിഎം ശ്രീ വിഷയത്തിലൂടെ മധുരപ്രതികാരം
● കഴിഞ്ഞ രണ്ട് പിണറായി സർക്കാരുകളിലും സിപിഐ-സിപിഎം തർക്കങ്ങൾ പ്രകടമായിരുന്നു.
● കായൽ നികത്തൽ, മാവോയിസ്റ്റ് വേട്ട വിഷയങ്ങളിൽ സിപിഐ കർശന നിലപാടെടുത്തിട്ടുണ്ട്.
● രണ്ടാം പിണറായി സർക്കാരിൽ സിപിഐക്ക് കൂടുതൽ അവഗണന നേരിട്ടതായി വിമർശനം.
● മുഖ്യമന്ത്രിക്ക് നേരെ 'ഏകാധിപതി' എന്ന് വരെ സിപിഐ ജില്ലാ സമ്മേളനങ്ങളിൽ വിമർശനമുയർന്നു.
എം എം മുനാസിർ
തിരുവനന്തപുരം: (KasargodVartha) മന്ത്രിസഭയിലും ഇടതുമുന്നണിയിലും സിപിഐയെയും മന്ത്രിമാരെയും നോക്കുകുത്തിയാക്കിയുള്ള സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ ഇനി വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിന് മുമ്പിൽ സിപിഎമ്മിന് ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു.
ഇത് സിപിഐയുടെ വിജയം മാത്രമല്ല, കേരളത്തിൽ നിലനിർത്തിപ്പോരുന്ന മതേതരത്വ വിദ്യാഭ്യാസ സമ്പ്രദായത്തെ കാവിവൽക്കരിക്കാനുള്ള നീക്കത്തെ കൂടി തടയിടുകയാണ് ഇവിടെ സിപിഐ ചെയ്തതെന്നാണ് വിലയിരുത്തൽ.
മധുരപ്രതികാരത്തിന് ഒരവസരം കാത്തിരുന്ന സിപിഐക്ക് കിട്ടിയ ബോംബാണ് 'പിഎം ശ്രീ' വിഷയത്തിലൂടെ നേടിയെടുത്തത്. സിപിഎം-സിപിഐ ബന്ധം ആറു പതിറ്റാണ്ട് കാലമായി കൊണ്ടും കൊടുത്തും തുടരുന്നതാണ്. 1964-ൽ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ വഴിപിരിഞ്ഞവരാണ് സിപിഐ.
കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ഇക്കാലമത്രയും സിപിഐ തയ്യാറായിട്ടുമില്ല. 1967-ൽ സപ്തകക്ഷി സർക്കാറിന്റെ ഭാഗമായെങ്കിലും രണ്ടു വർഷം തികഞ്ഞപ്പോൾ സർക്കാർ നിലംപൊത്തി. കാരണം സിപിഐ-സിപിഎം തർക്കമായിരുന്നു. 1979-ൽ ഇടതുമുന്നണി രൂപപ്പെട്ട ശേഷവും ഇരുപാർട്ടികളും ഏറ്റുമുട്ടലുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഭരണപക്ഷത്തിരിക്കുമ്പോഴാണ് സിപിഎം-സിപിഐ തർക്കം കൂടുതൽ പ്രകടമാവുന്നത്. പിണറായിയുടെ നേതൃത്വത്തിലുള്ള രണ്ടു സർക്കാരുകളിലും ഭരണകാര്യങ്ങളിലെ വീഴ്ചകളും നയവ്യതിയാനങ്ങളുമാണ് പലപ്പോഴും സിപിഐയെ പ്രകോപിപ്പിക്കുന്നത്. നയവ്യതിയാനങ്ങളിൽ സിപിഎം കണ്ണടക്കുമ്പോഴും സിപിഐ വടിയെടുത്ത അനുഭവങ്ങൾ ഏറെയുണ്ട്.
കായൽ നികത്തൽ കേസിൽ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ എടുത്ത കർക്കശ നിലപാട് ഇതിനുദാഹരണമാണ്. ഒന്നാം പിണറായി സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടക്കെതിരെ സിപിഐ സ്വരം കടുപ്പിച്ചപ്പോൾ മുഖ്യമന്ത്രിക്ക് നിലപാട് മയപ്പെടുത്തേണ്ടി വന്നു.
പിന്നീട് വന്ന രണ്ടാം പിണറായി സർക്കാരിലാണ് സിപിഐക്ക് ഏറെ അവഗണന നേരിട്ടത്. സിപിഐയുടെ എതിർപ്പുകളും നിലപാടുകളുമൊന്നും സർക്കാരോ ഇടതുമുന്നണിയോ ഗൗരവത്തിൽ എടുത്തിരുന്നില്ല. നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തപ്പോൾ രാജിവെക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടെങ്കിലും സിപിഎം ചെവിക്കൊണ്ടില്ല.
അതുകൊണ്ടുതന്നെ സിപിഐക്കുള്ളിൽ 'സർക്കാർ വിരുദ്ധ വികാരം' പുകഞ്ഞു കൊണ്ടിരുന്നു. കഴിഞ്ഞ സിപിഐ ജില്ലാ സമ്മേളനങ്ങളിലൊക്കെ മുഖ്യമന്ത്രിക്കെതിരെയും ഭരണത്തിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുവന്നത്. പിണറായിയെ 'ഏകാധിപതി' എന്ന് പോലും സിപിഐ വിശേഷിപ്പിച്ചു.
സർക്കാർ ആവിഷ്‌കരിച്ച നവകേരള സദസ്സ് പോലുള്ള പരിപാടികളിൽ സിപിഐ മന്ത്രിമാരെ നോക്കുകുത്തികളാക്കി എന്നും പരിപാടി പിണറായി 'വൺ മാൻ ഷോ' ആക്കി മാറ്റിയെന്നും സിപിഐ ആരോപിച്ചിരുന്നു. പരിപാടി മുഖ്യമന്ത്രിക്ക് ആളാകാനായി എന്നല്ലാതെ പൊതുജനങ്ങൾക്ക് ഉപകാരപ്പെട്ടില്ലെന്നും സിപിഐ വിമർശനമുയർത്തി.
ജില്ലാ സമ്മേളനങ്ങളിലെ വിമർശനങ്ങൾ സംസ്ഥാന കമ്മിറ്റി ഗൗരവത്തിലെടുത്തപ്പോൾ കിട്ടിയ നല്ലൊരു അവസരം സിപിഐ 'പിഎം ശ്രീ' യിലൂടെ മുതലെടുത്തു. ഇത് പൊതുസമൂഹത്തിൽ സിപിഐക്ക് നല്ല സ്വീകാര്യതയും നേടിക്കൊടുത്തു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക.
Article Summary: CPI triumphs over CPM on PM-Shree issue, thwarting saffronization and ending marginalization.
#KeralaPolitics #CPICPM #PMSHREE #LDF #SweetRevenge #PoliticalShowdown






