Analysis | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: പ്രോസിക്യൂഷന് തിരിച്ചടിയായത് വാദി ഹർജി നൽകാത്തത്
● കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേർ കുറ്റവിമുക്തർ.
● കെ സുന്ദരയുടെ മൊഴി മാറ്റങ്ങൾ നിർണായകമായി
● കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഭാഗം വാദിച്ചു
കാസർകോട്: (KasargodVartha) മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രൻ ഉൾപെടെയുള്ള ആറ് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ഹർജി നൽകിയ സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗം വിവി രമേശനും കേസെടുത്ത പൊലീസിനും കനത്ത തിരിച്ചടിയായി. കേസിൽ വാദിയായ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദര ഹർജി നൽകാത്തതാണ് കേസിനെ ദുർബലമാക്കിയതെന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കെ സുന്ദരയും അദ്ദേഹത്തിന്റെ മാതാവും പലതവണ മൊഴി മാറ്റിയതും കേസ് റദ്ദാക്കാൻ മറ്റൊരു കാരണമായി. പ്രതിഭാഗം സുന്ദരയുടെയും മാതാവിന്റെയും ഓരോ ഘട്ടത്തിലുള്ള പ്രതികരണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. സുന്ദര ആരോപണം ഉന്നയിച്ചതിന് പിന്നാലെ മാതാവ് തങ്ങൾക്ക് ആരും ഒരു കോഴയും തന്നിട്ടില്ലെന്ന് പ്രതികരിച്ചതും കോടതിയിൽ ചൂണ്ടിക്കാട്ടി.
കൂടാതെ, സുന്ദര തന്നെ കലക്ട്രേറ്റിലെത്തി നാമനിർദേശ പത്രിക പിൻവലിച്ചുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചതും പിന്നീട് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസിലെത്തി, ആരുടേയും പ്രേരണയിലോ സാമ്പത്തിക ലാഭത്തിന്റെ പേരിലോ അല്ല പത്രിക പിൻവലിച്ചതെന്ന് പറഞ്ഞതും പ്രതിഭാഗം തെളിവായി ഹാജാരാക്കി.
പിന്നീട് തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി സുന്ദര തന്നെ രംഗത്തുവന്നത് ബാഹ്യസമ്മർദം മൂലമാണെന്ന പ്രതിഭാഗത്തിന്റെ ആരോപണം ഖണ്ഡിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തന്നെയും ബിജെപിയെയും അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ച കേസാണെന്ന സുരേന്ദ്രന്റെ വാദത്തിന് ബലം നൽകുന്നതായിരുന്നു സുന്ദര പത്രിക പിൻവലിച്ചതിനെ ശേഷം നടത്തിയ പ്രതികരണങ്ങൾ.
കേസിൽ യഥാർഥ വാദിക്ക് പകരം മഞ്ചേശ്വരത്ത് സുരേന്ദ്രന് എതിരായി മത്സരിച്ച സിപിഎം നേതാവ് വിവി രമേശൻ ഹർജി നൽകിയത് രാഷ്ട്രീയ പ്രേരണ കൊണ്ടാണെന്ന വാദവും കോടതി കണക്കിലെടുത്തു. കോഴക്കേസിൽ ജാമ്യം പോലും ലഭിക്കാതിരിക്കാനായി എസ് സി - എസ് ടി വകുപ്പ് കൂടി ഉൾപ്പെടുത്തിയത് കേസ് രാഷ്ട്രീയ പ്രതികാരത്തിന് വേണ്ടിയാണെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു.
വിടുതൽ ഹർജിയുടെ വിചാരണക്കിടയിൽ കോഴ വാങ്ങുന്നതും കുറ്റകരമല്ലേയെന്ന ചോദ്യം പോലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൊണ്ടാണ് കെ സുരേന്ദ്രൻ, ബിജെപി മുൻ ജില്ല പ്രസിഡന്റും സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് ചീഫ് ഏജന്റുമായിരുന്ന അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരെ നിരുപാധികം വെറുതെ വിട്ട് കൊണ്ട് കേസ് റദ്ദാക്കിയിരിക്കുന്നത്.
കേസിന്റെ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപിച്ച ഘട്ടത്തിലാണ് സുരേന്ദ്രൻ ഉൾപെടെയുള്ള പ്രതികൾ വിടുതൽ ഹർജിയുമായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതിയുടെ വിശദമായ വിധിപ്പകർപ്പ് പുറത്തുവന്നാൽ മാത്രമേ കോടതി ഇക്കാര്യത്തിൽ എന്തെല്ലാം നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന കാര്യം പുറത്തുവരികയുള്ളൂ.
കള്ളക്കേസ് ചമച്ചവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സുരേന്ദ്രൻ പ്രതികരിച്ചത് ഇങ്ങനെയാണ്. 'തനിക്കെതിരെ 300 ഓളം കേസുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതെല്ലം കള്ളക്കേസാണ്. ഇൻഡ്യയിൽ ഒരു പൊതുപ്രവർത്തകനും ഇത്രയേറെ കേസുകളിൽ ഉൾപെട്ടിട്ടുണ്ടാവില്ല'. അതുകൊണ്ട് തന്നെ കേസ് ചമച്ചവർക്കെതിരെ തത്കാലം നിയമനടപടിയുടെ വഴിയിലേക്ക് നീങ്ങാൻ കഴിയില്ലെന്ന നിസ്സഹായാവസ്ഥയും സുരേന്ദ്രൻ പ്രകടിപ്പിച്ചു.
#KeralaPolitics #BJP #BriberyCase #CourtVerdict #Manjeshwaram #CPI(M)