പി ടി തോമസിന്റെ പൊതുദര്‍ശനത്തിന്റെ പേരിലും തൃക്കാക്കര നഗരസഭയില്‍ അഴിമതി ആരോപണം; 'പൂക്കളിറുത്ത് തന്റെ മൃതദേഹത്തില്‍ വയ്‌ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തില്‍ കുറിച്ചിട്ടും 1,27,000 രൂപയുടെ പൂക്കള്‍ ഹാളില്‍ നഗരസഭ എത്തിച്ചു'
തൃക്കാക്കര: (www.kasargodvartha.com 14.01.2022) പി ടി തോമസിന്റെ പൊതുദര്‍ശനത്തിന്റെ പേരിലും തൃക്കാക്കര നഗരസഭയില്‍ അഴിമതി നടന്നതായി പ്രതിപക്ഷം. തൃക്കാക്കര കമ്യൂനിറ്റി ഹാളില്‍ നടന്ന പി ടിയുടെ പൊതുദര്‍ശനത്തിനായി നഗരസഭ വന്‍തുക ധൂര്‍ത്തടിച്ചെന്നാണ് പ്രതിപക്ഷം പറയുന്നത്.
മൃതദേഹത്തില്‍ പൂക്കള്‍ വയ്‌ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തില്‍ വ്യക്തമാക്കിയ പി ടിക്കായി കോണ്‍ഗ്രസ് ഭരണസമിതി വന്‍തുക ചിലവാക്കി പൂക്കള്‍ വാങ്ങിയെന്നും പൊതുദര്‍ശന ദിവസം ചിലവഴിച്ച തുകയില്‍ പരിശോധന വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ സെക്രടറിക്ക് പരാതി നല്‍കി.
'പൂക്കളിറുത്ത് തന്റെ മൃതദേഹത്തില്‍ വയ്‌ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തില്‍ പറഞ്ഞുവച്ച പിടിക്കായി 1,27,000 രൂപയുടെ പൂക്കള്‍ ഹാളില്‍ നഗരസഭ എത്തിച്ചു. തുടര്‍ന്ന് 1,17,000 രൂപ പൂക്കച്ചവടക്കാര്‍ക്ക് അന്നേദിവസം തന്നെ നല്‍കി. ഭക്ഷണത്തിനും 35,000 രൂപ ചിലവ്. കാര്‍പെറ്റും മൈക് സെറ്റും പലവക ചിലവിലുമായി നാല് ലക്ഷത്തിലധികം രൂപയും മുടക്കി'. ഈ ചിലവുകളില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രത്യേക പദ്ധതിയായി അനുമതി വാങ്ങാതെ പണം ചിലവഴിച്ചത് അഴിമതി എന്നാണ് ആരോപണം.
എന്നാല്‍ ആരോപണം ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നിഷേധിച്ചു. അടിയന്തര നഗരസഭ കൗണ്‍സില്‍ കൂടി പ്രതിപക്ഷത്തിന്റെ സമ്മതോടെയായിരുന്നു പൊതുദര്‍ശനത്തിന് ഒരുക്കങ്ങള്‍ സജ്ജമാക്കിയതെന്ന് അജിത തങ്കപ്പന്‍ പ്രതികരിച്ചു.
അര്‍ഹിക്കുന്ന ആദരവ് നല്‍കിയാണ് പി ടി യെ നഗരസഭ യാത്രയാക്കിയത്. മൃതദേഹത്തില്‍ പൂക്കള്‍ വേണ്ടെന്ന് മാത്രമായിരുന്നു പി ടി പറഞ്ഞത്, ഹാള്‍ അലങ്കരിക്കുന്നതില്‍ ഇക്കാര്യം ബാധകമല്ലെന്നായിരുന്നു അജിത തങ്കപ്പന്റെ വിശദീകരണം.
Keywords: News, Kerala, State, Top-Headlines, Funeral, Corruption, Politics, Corruption Allegations on PT Thomas MLA Funeral in Thrikkakara Municipality