Criticism | ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
● ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ്
● പ്രതിപക്ഷ അംഗങ്ങളോട് വിവേചനം കാണിക്കുന്നതായി ആരോപണം
● നിരവധി തവണ ഈ വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല
കാസർകോട്: (KasargodVartha) ജില്ലാ പഞ്ചായത്തിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുർ റഹിമാൻ ആരോപിച്ചു. ജില്ല പഞ്ചായത്തിൻ്റെ അധീനതയിലുള്ള പല ഹൈസ്കൂളുകളും ഹയർ സെക്കണ്ടറി സ്ക്കൂളുകളും ചോർന്നൊലിക്കുന്ന സ്ഥിയിലാണുള്ളത്. പ്രതിപക്ഷ അംഗങ്ങളുടെ ഡിവിഷനുകളോട് വിവേചനം കാണിക്കുകയും, ജില്ലാ പഞ്ചായത്തിന്റെ അനിവാര്യ ചുമതലയിൽ പെട്ട ഹൈസ്കൂളുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ അവഗണിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
പദ്ധതികളുടെ ആസൂത്രണ ഘട്ടത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ ഡിവിഷനുകൾക്കായി അനുവദിച്ച ഫണ്ടുകൾ പിന്നീട് ഭരണകക്ഷി അംഗങ്ങളുടെ ഡിവിഷനുകളിലേക്ക് മാറ്റുന്നതായി അദ്ദേഹം ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിൽ മത്സരിക്കുകയാണെന്നും അബ്ദുറഹിമാൻ പറഞ്ഞു.
ജില്ലാ പഞ്ചായത്തിൽ അവിഹിതമായ കയ്യിട്ട് വാരൽ, സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും പ്രവർത്തികൾ വീതിച്ച് നൽകലും കമ്മീഷൻ വാങ്ങലും എന്നിവ എന്നിവ സർവസാധാരണമായി മാറിയിരിക്കുന്നു. സുതാര്യമായ ഒരു പ്രവർത്തനവും ഇവിടെ നടക്കുന്നില്ല. വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വികസനരംഗത്ത് ഇരട്ട മുഖം കാണിക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണ നേതൃത്വം പൊതുമരാമത്ത് പ്രവർത്തനങ്ങളുടെ മറവിൽ കോടികളുടെ അഴിമതി നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. മത്സരാധിഷ്ഠിത ടെൻഡർ നടപടികൾ പാലിക്കാതെ, സർക്കാർ അംഗീകൃത ഏജൻസികൾ മുഖേന സ്വന്തക്കാർക്കും ബന്ധുക്കൾക്കും ലക്ഷങ്ങളുടെ പൊതുമരാമത്ത് പ്രവർത്തികളാണ് അവിഹിതമായി വീതിച്ച് നൽകി കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന് സ്വന്തമായി എഞ്ചിനീയറിങ് വിഭാഗമുണ്ടായിട്ടും സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയും പ്രവർത്തികൾ നിർവഹിക്കുകയും ചെയ്യുന്ന അപൂർവ്വമായ ഒരു സാഹചര്യമാണ് ഇവിടെ.
കഴിഞ്ഞ കുറെ കാലങ്ങളായി ജില്ലാ പഞ്ചായത്തിൽ സർക്കാർ അംഗീകൃത ഏജൻസികൾക്ക് പ്രവർത്തികളുടെ ടെൻഡർ നേരിട്ട് കൊടുക്കുന്ന പ്രവണതയാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിന് സ്വന്തമായി എഞ്ചിനീയറിങ് വിഭാഗം നിലവിൽ ഇരിക്കെയാണ് സ്വകാര്യ ഏജൻസികളെ കൊണ്ട് എസ്റ്റിമേറ്റ് ഉണ്ടാക്കുകയും അവരുടെ എൻജിനീയർമാർ തന്നെ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുകയും അവർ തന്നെ മോണിറ്ററിംഗ് നടത്തുകയും ചെയ്യുന്ന അപൂർവ്വമായ പ്രവണത കാസർകോട് ജില്ലാ പഞ്ചായത്തിൽ നടന്ന് വരുന്നത്.
പ്രതിപക്ഷ അംഗങ്ങൾ നിരവധി തവണ ഈ വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജനാധിപത്യ വിശ്വാസികൾക്ക് ഈ അഴിമതിയും കെടുകാര്യസ്ഥതയും സഹിക്കാൻ കഴിയില്ല. പഞ്ചായത്ത് രാജ് സംവിധാനങ്ങളെയും, വികേന്ദ്രീകൃതാസൂത്രണ പ്രക്രിയകളെയും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അബ്ദുൽ റഹ്മാൻ മുന്നറിയിപ്പ് നൽകി.
#KasaragodCorruption #KeralaPolitics #LocalGovernance #MuslimLeague #CorruptionInIndia