city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്‌സ്ആപ്പ് പോസ്റ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്തതിനെ ചൊല്ലി മുസ്ലിം ലീഗില്‍ വീണ്ടും വിഭാഗീയത; പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കെ.ബി മുഹമ്മദ് കുഞ്ഞിയെ നീക്കാന്‍ ശക്തമായ ചരടുവലി

ബോവിക്കാനം: (www.kasargodvartha.com 17.11.2017) വാട്‌സ്ആപ്പ് പോസ്റ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്തതിനെ ചൊല്ലി മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗില്‍ വീണ്ടും വിഭാഗീയത തലപൊക്കി. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കെ.ബി മുഹമ്മദ് കുഞ്ഞിയെ നീക്കാന്‍ ശക്തമായ ചരടുവലിയാണ് നടക്കുന്നത്. മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ കൂടിയായ കെ.ബി മുഹമ്മദ് കുഞ്ഞിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉദുമ മണ്ഡലത്തിലെയും മുളിയാര്‍ പഞ്ചായത്തിലെയും ഒരു വിഭാഗം ലീഗ് നേതാക്കള്‍ കരുനീക്കം നടത്തുന്നത്.

ഒരു മാസം മുമ്പാണ് കെ.ബി മുഹമ്മദ് കുഞ്ഞി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പെടുന്ന അഞ്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അബദ്ധത്തില്‍ മുസ്ലിം ലീഗിനെതിരെയുള്ള പോസ്റ്റ് ഷെയര്‍ ചെയ്തത്. ന്യൂജെന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരറിയാന്‍ എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റില്‍ തുടക്കത്തില്‍ ലീഗിനെ നല്ലതു മാത്രമാണ് പറയുന്നു. തുടര്‍ന്നുള്ള വാചകങ്ങളില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന പോസ്റ്റാണ് മുഹമ്മദ് കുഞ്ഞി മുഴുവന്‍ വായിക്കാതെ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തത്.

ഗ്രൂപ്പുകളില്‍ നിന്നും ചോദ്യം ഉയര്‍ന്നപ്പോഴാണ് ഒരു ഐഎന്‍എല്‍ പ്രവര്‍ത്തകന്‍ പടച്ചുവിട്ട പോസ്റ്റാണ് ഇതെന്ന് വ്യക്തമായത്. പോസ്റ്റ് ചെയ്ത് മൂന്ന് മിനുട്ടിനുള്ളില്‍ തന്നെ അബദ്ധം മനസിലായ മുഹമ്മദ് കുഞ്ഞി പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണ് ഷെയര്‍ ചെയ്തതെന്നും ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക് നല്ല ഉപദേശം നല്‍കുന്ന പോസ്റ്റാണെന്ന് കരുതി ഷെയര്‍ ചെയ്തതാണെന്നും പറഞ്ഞ് ക്ഷമാപണം നടത്തുകയും പോസ്റ്റ് എല്ലാവരോടും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നിട്ടും ഏതാനും പേര്‍ പോസ്റ്റിനെ എതിര്‍ത്ത് രംഗത്ത് വന്നു. ഇതോടെ പോസ്റ്റ് വിവാദമാവുകയും വിഭാഗീയത തലപൊക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ 19 പേരില്‍ 17 പേരും കെ ബി മുഹമ്മദ് കുഞ്ഞിക്ക് തെറ്റ് പറ്റിയതാണെന്നും ഇതിന്റെ പേരില്‍ നടപടി ആവശ്യമില്ലെന്നുമുള്ള അഭിപ്രായമാണ് അറിയിച്ചത്. എന്നാല്‍ മറുവിഭാഗം ഇത് വകവെക്കാതെ മണ്ഡലം കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കമ്മിറ്റി രണ്ടംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ എതാനും ദിവസം മുമ്പ് വീണ്ടും പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലും നടപടി വേണ്ടെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചതെന്നാണ് അറിയുന്നത്. എന്നാല്‍ കൂടുതല്‍പേര്‍ പിന്നീട് നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയാണുണ്ടായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സംസ്ഥാന കമ്മിറ്റിക്ക് വിടുകയുമാണ് ചെയ്തിരിക്കുന്നത്. ആദ്യം നടന്ന യോഗത്തില്‍ നടപടി ആവശ്യമില്ലെന്ന് അഭിപ്രായമുയര്‍ന്നിട്ടും ഇത് വകവെക്കാതെ മേല്‍ കമ്മിറ്റിക്ക് തെറ്റായ റിപ്പോര്‍ട്ട് നല്‍കി വീണ്ടും യോഗം വിളിപ്പിക്കുകയും പ്രവര്‍ത്തക സമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് രണ്ടാമത് നടന്ന യോഗത്തില്‍ നടപടി വേണമെന്ന ആവശ്യം ഉയരാന്‍ ഇടയാക്കിയതെന്നും മുഹമ്മദ് കുഞ്ഞിയെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു.

അതിനിടെ കെ.ബി മുഹമ്മദ് കുഞ്ഞി ഉള്‍പെടുന്ന പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റി അടിയന്തിരമായി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ കെ.ബിക്കെതിരെയുള്ള നടപടി ഒഴിവാക്കണമെന്ന് മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികളോട് ആവശ്യപ്പെടാന്‍ തീരുമാനിക്കുമെന്നാണ് സൂചന. കൈപ്പിഴയുടെ പേരില്‍ കെബിക്കെതിരെ നടപടി സ്വീകരിച്ചാല്‍ വാര്‍ഡ് കമ്മിറ്റി ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കുമെന്നാണ് അറിയുന്നത്. നേരത്തെ മുസ്ലിം ലീഗിലെ വിഭാഗീയത കാരണം കാലങ്ങളായി മുസ്ലിം ലീഗിന്റെ കൈകളിലായിരുന്ന മുളിയാര്‍ പഞ്ചായത്ത് ഭരണം ഒരു തവണ നഷ്ടമാവുകയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഉറച്ച സീറ്റില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നറുക്കടുപ്പിലൂടെയാണ് കഴിഞ്ഞ തവണ ലീഗിന് പഞ്ചായത്ത് ഭരണം ലഭിച്ചത്. നേതാക്കന്മാര്‍ തമ്മില്‍ വീണ്ടും വിഭാഗീയത രൂപപ്പെട്ടത് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.
വാട്‌സ്ആപ്പ് പോസ്റ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്തതിനെ ചൊല്ലി മുസ്ലിം ലീഗില്‍ വീണ്ടും വിഭാഗീയത; പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കെ.ബി മുഹമ്മദ് കുഞ്ഞിയെ നീക്കാന്‍ ശക്തമായ ചരടുവലി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bovikanam, Muslim-league, Political party, Politics, Controversy over WhatsApp Post in Muslim League; KB Mohammed Kunhi in trouble

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia