Controversy | മുട്ടക്കോഴി വിതരണത്തെ ചൊല്ലി മൊഗ്രാൽ പുത്തൂരിൽ വിവാദം; വാർഡ് മെമ്പർക്ക് എതിരെ പരാതി; രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത് അംഗം
ചൗക്കി: (www.kasargodvartha.com) മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായതിന്റെ മുട്ടക്കോഴി വിതരണത്തെ ചൊല്ലി വിവാദം. കോഴി വിതരണത്തിന്റെ ടോകൻ കൈപ്പറ്റി ഗുണഭോക്താവിന് കൈമാറിയില്ലെന്ന് ആരോപിച്ച് ചൗക്കി വാർഡ് മെമ്പർ ശമീമ സ്വാദിഖിനും മൃഗാശുപത്രി ജീവനക്കാരിക്കും എതിരെ വാർഡ് പരിധിയിൽ താമസിക്കുന്ന പിഎ നഫീസ പഞ്ചായത് പ്രസിഡന്റിനും സെക്രടറിക്കും പരാതി നൽകി. എന്നാൽ സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് വാർഡ് മെമ്പർ ശമീമ സ്വാദിഖ് കാസർകോട് വാർത്തയോട് പ്രതികരിച്ചു.
രണ്ട് ഗുണഭോക്താക്കളുടെ ടോകൻ വാർഡ് മെമ്പർ കൈപറ്റിയതായാണ് പിഎ നഫീസ പരാതിയിൽ പറയുന്നത്. തങ്ങൾ അപേക്ഷിച്ച കോഴി കിട്ടാത്തതിനെ തുടർന്ന് മൃഗാശുപത്രിയെ സമീപിച്ചപ്പോഴാണ് ടോകൻ വാർഡ് മെമ്പർ കൈപ്പറ്റിയതായി ബന്ധപ്പെട്ട ജീവനക്കാർ അറിയിച്ചതെന്ന് പരാതിക്കാരി പറയുന്നു. ആധാർ കാർഡും നികുതി അടിച്ച രസീതും കാണിച്ചാൽ ഗുണഭോക്താവിന് നൽകേണ്ട കൂപണാണ് നിയമം ലംഘിച്ച് വാർഡ് മെമ്പർ കൈപറ്റിയതെന്നും അപേക്ഷിച്ച കോഴി ഇവിടെ ഇല്ലെന്നും കോഴി തീർന്നതായും വാർഡ് മെമ്പരെ ബന്ധപ്പെടാനും മൃഗാശുപത്രി ജീവനക്കാരി അറിയിച്ചതായും പരാതിക്കാരി ചൂണ്ടിക്കാട്ടി. തുടർന്ന് മെമ്പറെ ബന്ധപ്പെട്ടപ്പോൾ രസീതും കോഴിയും ലഭിച്ചില്ലെന്നാണ് ആരോപണം. കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ജില്ലാ കലകട്ർക്ക് ഉൾപെടെ പരാതി നൽകുമെന്നും വിശദീകരണം നൽകണമെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം, കോഴി വിതരണത്തിന് നിശ്ചിത സമയം മൃഗാശുപത്രിയിൽ നിശ്ചയിച്ചിട്ടും ഇവർ വാങ്ങാൻ എത്തിയില്ലെന്നാണ് വാർഡ് മെമ്പർ ശമീമ സ്വാദിഖ് പറയുന്നത്. വാർഡിൽ 46 ഗുണഭോക്താക്കളാണ് ഉള്ളത്. ഇതിൽ 38 പേർ നിശ്ചിതസമയത്ത് കൈപ്പറ്റി. ബാക്കി വന്ന എട്ട് പേരുടെ കൂപൺ അധികൃതർ അറിയിച്ചതിന്റ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനായി കൈപ്പറ്റുകയും എല്ലാവരുമായും ബന്ധപ്പെടുകയും ചെയ്തു. ഇതിൽ പരാതിക്കാരായ രണ്ട് പേർ ആദ്യം വേണ്ടെന്ന് പറയുകയും ഇപ്പോൾ വേണമെന്നുമാണ് പറയുന്നത്.
മറ്റ് ആറ് ഗുണഭോക്താക്കൾക്കും പരാതി ഇല്ലെന്നിരിക്കെ രണ്ട് പേർ മാത്രം വിവാദമാക്കുന്നതിന് പിന്നിലെ കാരണം രാഷ്ട്രീയ പ്രേരിതമാണ്. ഐഎൻഎൽ അംഗം വിജയിച്ചതിലും മികച്ച പ്രവർത്തനം കാഴ്ചവക്കുന്നതിലും അസൂയ പൂണ്ട വാർഡിലെ മുസ്ലിം ലീഗ് നേതാക്കളാണ് ഇത് വിവാദമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പരാതിക്കാരായ രണ്ടുപേരോടും കോഴി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിന് ഞായറാഴ്ച മൃഗാശുപത്രിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശമീമ സ്വാദിഖ് പറഞ്ഞു.
Keywords: news,Kerala,State,Top-Headlines,kasaragod,Politics, Controversy, Panchayath,complaint, Controversy in Mogral Puttur over the distribution of hens