മണ്ഡലം കോൺഗ്രസ് കമിറ്റിയിൽ കലാപം; സ്ഥാനങ്ങൾ നഷ്ട്ടപ്പെട്ട നേതാക്കൾ സമാന്തര സംഘടന രൂപീകരിച്ചു
Mar 17, 2021, 23:43 IST
വെള്ളരിക്കുണ്ട്: (www.kasargodvaertha.com 17.03.2021) വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമിറ്റിയിൽ വിഭാഗിയത രൂക്ഷമായി. നിലവിലുള്ള മണ്ഡലം കമിറ്റിക്ക് സമാന്തരമായി എൽ കെ അസൈനാർ കൾചറൽ ഫോറം എന്ന സംഘടന നിലവിൽ വന്നു.
വെസ്റ്റ് എളേരി പഞ്ചായത്തിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടി പടുക്കാൻ നിർണ്ണായകമായ പങ്കു വഹിച്ച എൽ കെ അസൈനാരുടെ അടുത്ത അനുയായികളും അദ്ദേഹത്ത ഒരു കാലത്ത് നഖശികാന്തം എതിർത്ത എളേരി ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ എ സി ജോസിന്റെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ വർക്കിയുടെയും നേതൃത്തത്തിലാണ് പുതിയ സംഘടന നിലവിൽ വന്നത്.
കൾചറൽ ഫോറം എന്ന പുതിയ സംഘടനയുടെ പിറവിയോടെ വെസ്റ്റ് എളേരി കോൺഗ്രസിലെ എ, ഐ ഗ്രൂപ് പോര് മറനീക്കി പുറത്തു വന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപേ തന്നെ വെസ്റ്റ് എളേരിയിൽ ഗ്രൂപ് പ്രവർത്തനം തുടങ്ങിയെങ്കിലും വെള്ളരിക്കുണ്ട് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ് നേതാവും ഡി സി സി ജനറൽ സെക്രടറിയുമായ സെബാസ്റ്റ്യൻ പതാലിന് ലഭിച്ചതോടെയാണ് സമാന്തര പ്രവർത്തനത്തിന് ആക്കം കൂടിയത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ഉറച്ച വാർഡുകൾ കോൺഗ്രസിന് നഷ്ടമായതിന്റെ പിന്നിൽ ഗ്രൂപ് കളിയുടെ ഭാഗമായിരുന്നു. ഇത് പ്രവർത്തകരിൽ കടുത്ത അമർഷം ഉണ്ടാക്കിയിരുന്നു. ബ്ലോക് കോൺഗ്രസ് പ്രസിഡന്റിന്റെ വാർഡിൽ ഒമ്പത് വോടിനാണ് എൽ ഡി എഫ് സ്ഥാനാർഥി വിജയിച്ചത്.
ഇത് ബ്ലോക് പ്രസിഡന്റിന്റെ പിടിപ്പ് കേടായി നേതൃത്വം വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നേതൃത്വം വിശദീകരണവും തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വെസ്റ്റ് എളേരിയിലെ കോൺഗ്രസ് കമിറ്റിയിൽ ശക്തമായ ഭിന്നിപ്പുണ്ടായി പഴയ നേതാക്കൾ ഒരുമിച്ച് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.
എൽ ഡി എഫിൽ നിന്നും പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച യു ഡി എഫ് അത് മണ്ഡലം പ്രസിഡന്റ് ജോയി ജോസഫിന്റെ നേട്ടമായി കാണുമ്പോഴും മണ്ഡലം പ്രസിഡന്റിനു ഏറ്റ പരാജയം വെസ്റ്റ് എളേരിയിലെ കോൺഗ്രസ് വിമതർ കൊട്ടിഘോഷിക്കുകയും ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റണം എന്നും ഡി സി സി പ്രസിഡന്റ് അടക്കമുള്ളവരോട് മുൻ പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നേതൃത്വം തള്ളിയതോടെയാണ് വെസ്റ്റ് എളേരിയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളെ എൽ കെ അസൈനാർ കൾചറൽ ഫോറം രൂപീകരിക്കാൻ പ്രേരിപ്പിച്ചത്.
പരപ്പ ബ്ലോക് പഞ്ചായത്തിലേക്ക് മത്സരിച്ച യൂത് കോൺഗ്രസ് നേതാവ് രാജേഷ് തമ്പാൻ, നിലവിലെ വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം ശരീഫ് വാഴപ്പള്ളി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ വർക്കി, മുതിർന്ന കോൺഗ്രസ് നേതാവും മണ്ഡലം പ്രസിഡന്റുമായിരുന്ന പി കെ അബൂബകർ തുടങ്ങിയവരാണ് സമാന്തര സംഘടക്ക് നേതൃത്വം നൽകുന്നത്. കോൺഗ്രസ് വിമതർ ചേർന്ന് രൂപീകരിച്ച വെസ്റ്റ് എളേരി മണ്ഡലം കമിറ്റി എല്‍ കെ അസിനാര്‍ കള്‍ചറല്‍ ഫോറം രൂപീകരണ യോഗത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ ജെ വര്‍ക്കി അധ്യക്ഷത വഹിച്ചു.
ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ സി ജോസ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് പി കെ അബൂബകര്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫിലിപ്പോസ് മാസ്റ്റർ, ബ്ലോക് സെക്രടറി എന്‍ ശ്രീനിവാസന്‍, ജോസഫ് പി ടി, പഞ്ചായത്ത് അംഗം വാഴപ്പള്ളി ശരീഫ്, കോണ്‍ഗ്രസ് നേതാക്കളായ മാത്യൂസ് വലിയവീട്ടില്‍, സജു മൗക്കോട്, ജോണി ചെമ്മരംകയം, രാജേഷ് തമ്പാന്‍, മിനി ഫ്രാന്‍സീസ്, സിന്ദു ആന്‍റണി, സവിത സുരേഷ്, വിജയന്‍ ചീര്‍ക്കയം, കെ ജയദേവന്‍, ഹരിദാസ് എളേരി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Congress, Vellarikundu, Balal, West Eleri Constituency Committee LK Asinar Cultural Forum, Constituency Congress Committee riots; Leaders who lost positions formed a parallel organization.