Candidates | പരാജിത സ്ഥാനാര്‍ഥികളെ സമാശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ്; വയനാട്ടില്‍ കെ മുരളീധരനും ചേലക്കരയില്‍ രമ്യാ ഹരിദാസും പരിഗണനയില്‍
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തില്ലെന്ന സൂചനകള്‍ പുറത്തുവന്നിരിക്കെയാണ് പുതിയ നീക്കം
പാര്‍ടിയോട് ഇടഞ്ഞുനില്‍ക്കുന്ന മുരളീധരന്‍ ഇതിന് തയാറല്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അനുനയ നീക്കങ്ങളിലൂടെ മുരളീധരനെ മത്സരിപ്പിക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ വരും ദിനങ്ങളില്‍ ശ്രമങ്ങള്‍ നടത്തിയേക്കും
കണ്ണൂര്‍: (KasargodVartha) വയനാട് ലോക് സഭാ മണ്ഡലവും, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ചകളില്‍ അണിയറ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ തുടങ്ങി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തില്ലെന്ന സൂചനകള്‍ പുറത്തുവന്നിരിക്കെ വടകരയില്‍ തോറ്റ കെ മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നേതൃത്വം ഒരുങ്ങുന്നത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ടിയോട് ഇടഞ്ഞുനില്‍ക്കുന്ന മുരളീധരന്‍ ഇതിന് തയാറല്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അനുനയ നീക്കങ്ങളിലൂടെ മുരളീധരനെ മത്സരിപ്പിക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ വരും ദിനങ്ങളില്‍ ശ്രമങ്ങള്‍ നടത്തിയേക്കും.
വടകരയില്‍ മിന്നും ജയം നേടിയ ശാഫി പറമ്പിലിന് പകരം യൂത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ മത്സരിപ്പിക്കാനാണ് സാധ്യത. തനിക്ക് പകരം രാഹുല്‍ അവിടെ മത്സരിക്കണമെന്ന ആവശ്യം ശാഫി പറമ്പിലും നേതൃത്വത്തിന് മുന്‍പില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ തൃത്താല മുന്‍ എംഎല്‍എയായ വിടി ബലറാമും പാര്‍ടിയുടെ പരിഗണനയിലുണ്ട്.
ബിജെപി രണ്ടാംസ്ഥാനത്ത് കടുത്ത ഭീഷണി ഉയര്‍ത്തുന്ന മണ്ഡലമാണ് പാലക്കാട്. കെ രാധാകൃഷ്ണന്‍ ലോക് സഭയിലേക്ക് ജയിച്ച ആലത്തൂരില്‍ ഒഴിവുവന്ന ചേലക്കര മണ്ഡലത്തില്‍ പരാജിതയായ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. എന്നാല്‍ സിപിഎമിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ചേലക്കരയില്‍ സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.