Congress | രാജ്മോഹൻ ഉണ്ണിത്താന്റെ വീട്ടിലേക്ക് മാർച് നടത്തിയ ഡിവൈഎഫ്ഐക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്; 'യഥാർഥ കമ്യൂണിസ്റ്റുകാരൻ ചങ്കുപൊട്ടി മരിക്കുന്നു'
'ഡിവൈഎഫ്ഐയെ യുവജനങ്ങൾ ചവറ്റുകൊട്ടയിൽ എറിയും'
കാസർകോട്: (KasargodVartha) ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ വീട്ടിലേക്ക് മാർച് നടത്തിയ ഡിവൈഎഫ്ഐ ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് അഡ്വ. കെ കെ രാജേന്ദ്രനാണ് ഫേസ്ബുക് പോസ്റ്റിലൂടെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
കാസർകോടിൻ്റെ ജനകീയ എം പിയായി രണ്ടാം വട്ടവും ഇരട്ടിയിലേറെ ഭൂരിപക്ഷത്തിന് വിജയിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ പാർടിയിൽ നിന്നും പുറത്താക്കിയ ഒരാളുടെ ജൽപനം കേട്ടാണ് വാടക വീട്ടിൽ കഴിയുന്ന എം പി യുടെ വസതിയിലേക്ക് മാർച് നടത്തിയത്. കയ്യൂരും കരിവെള്ളൂരും മടിക്കൈയും കാവുമ്പായിയും അടക്കമുള്ള ചുവന്ന മണ്ണിൽവരെ കടന്നു കയറി വൻ നേട്ടമുണ്ടാക്കിയ എംപിക്കെതിരെ നടത്തിയ സമരം ഡിവൈഎഫ്ഐയെ യുവജനങ്ങൾ ചവറ്റുകൊട്ടയിൽ എറിയുമെന്നും രാജേന്ദ്രൻ കുറിച്ചു. മുൻ യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും കെപിസിസി അംഗവുമായ ബി പ്രദീപ് കുമാറും ഡിവൈഎഫ്ഐയുടെ നടപടിയെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
രാജേന്ദ്രൻ്റെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം:
'പാർട്ടിയിൽ നിന്നും പുറത്താക്കിയവരുടെ ജല്പനങ്ങൾ കേട്ട് തുള്ളുന്ന ഡിവൈഎഫ്ഐയുടെ ഗതികേടിൽ പരിതപിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര തോൽവി ഏറ്റുവാങ്ങിയ സിപിഎമ്മും, ഡിവൈഎഫ്ഐയും അവരുടെ ജാള്യത മറച്ചുവെക്കാൻ ആണ് കാസർഗോഡിന്റെ ജനകീയ എംപി ശ്രീ.രാജ് മോഹൻ ഉണ്ണിത്താന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ഡിവൈഎഫ്ഐയോട് ഒരു കാര്യം.. കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്ഐ പ്രസിഡന്റ് ആയിരുന്ന നിങ്ങളുടെ സഖാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ ഒന്ന് വായിക്കാൻ എങ്കിലും തയ്യാറാകണം.
ഡിവൈഎഫ്ഐയുടെ ജില്ലാ പ്രസിഡണ്ട് എന്നുള്ള നിലയിൽ മനു തോമസിന്റെ നേതൃത്വത്തിൽ ആയങ്കിമാരുടെയും തില്ലങ്കേരി മാരുടെയും നേതൃത്വത്തിൽ മാഫിയ കൊട്ടേഷൻ സംഘങ്ങൾ പാർട്ടിയെ ഭരിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടായപ്പോഴാണ് പാർട്ടിയെ തിരുത്താൻ ശ്രമിച്ചതും, ജില്ലയിൽ 3000ത്തിലധികം വരുന്ന കേന്ദ്രങ്ങളിൽ മാഫിയ കൊട്ടേഷൻ സംഘങ്ങൾക്കെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചതും.. അന്നുമുതൽ പാർട്ടിയുടെ കണ്ണിലെ കരടായി മാറിയ മനു തോമസിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.. നിങ്ങളുടെ നേതാവ് സഖാവ് പി ജയരാജൻ ഉൾപ്പെടെയുള്ള ആളുകൾ മാഫിയയുടെ ഭാഗമാണെന്നും, അതിനുവേണ്ടി പാർട്ടി സെക്രട്ടറിമാരെ ജയരാജൻ സൃഷ്ടിക്കുന്നു എന്നുള്ള അതീവ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും ചെറുവിരൽ അനക്കാൻ കുട്ടി സഖാക്കൾക്ക് സാധിച്ചുവോ?
ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങളുടെ വധഭീഷണിയിലാണ് നിങ്ങളുടെ സഖാവ്.. കാസർഗോഡ് ഡിവൈഎഫ്ഐ കാരൻ പ്രതികരിക്കാൻ തയ്യാറുണ്ടോ... ഞാൻ ഈ പോസ്റ്റ് തയ്യാറാക്കുന്ന സമയത്ത് കിട്ടിയ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത " കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിയും പ്രതി" എന്നതാണ്. പാർട്ടി സെക്രട്ടറിയുടെ പേരിൽ വാങ്ങിച്ച സ്വത്ത് കണ്ടുകെട്ടി. ആയിരക്കണക്കിന് നിക്ഷേപകരെ കണ്ണീരിലാഴ്ത്തി അവിഹിതമായ സമ്പാദിച്ച 70 ലക്ഷത്തിൽ പരം രൂപ മരവിപ്പിച്ചു.. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ചങ്കുപൊട്ടി മരിക്കുകയാണ്. അഴിമതിക്കെതിരെ പ്രതികരിക്കാൻ നിങ്ങൾ തയ്യാർ ഉണ്ടെങ്കിൽ പാർട്ടിയെ വിറ്റ് കാശാക്കുന്നവർക്കെതിരായി പ്രതികരിക്കണം.
അവരുടെ വീട്ടിലേക്ക് മാർച്ച് നടത്തണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് നടത്തിയ സ്വർണ്ണക്കടത്ത് പ്രശ്നം അവസാനിച്ചിട്ടില്ല. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ സ്മൃതി ഭവനത്തിന്റെ പ്രവർത്തന ഉദ്ഘാടനം പോലും ബഹിഷ്കരിച്ച് മോഡിയുടെ മുമ്പിൽ നമ്രശിരസ്കനായി കൈകൂപ്പി വിനീത ദാസനെപ്പോലെ പിണറായി എന്തിനു നിന്നു എന്ന് മനസ്സിലാക്കാൻ വരികൾക്കിടയിലൂടെ വായിക്കേണ്ടതില്ല... ഇനിയും ഇത്തരം ജല്പനങ്ങൾക്ക് പിന്നിലൂടെയാണ് അവശേഷിക്കുന്ന ഡിവൈഎഫ്ഐ ഭാരവാഹികളും പോകുന്നതെങ്കിൽ കാലം നിങ്ങളെ ചവറ്റുകൊട്ടയിൽ എറിയും. രാജ്മോഹൻ ഉണ്ണിത്താൻ ജനകീയ നേതാവാണ്... അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവാണ്..
അദ്ദേഹത്തിന്റെ മക്കൾക്ക് എക്സാലോജിക്ക് കമ്പനികൾ ഇല്ല.. അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കുടുംബത്തിന് കർത്തയുടെ സഹായമില്ല... അദ്ദേഹത്തിന്റെ ജീവിതം തുറന്ന പുസ്തകമാണ്.. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ നിങ്ങളോടൊപ്പം ഇല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന ആധികാരികമായ വിജയമാണ് രാജമോഹൻ ഉണ്ണിത്താന്റെത്. പിന്നെ, ഇന്നലെവരെ അദ്ദേഹത്തിന്റെ ഇടതും വലതുമായി നിന്നവരെ പൊറുക്കാത്ത തെറ്റ് ചെയ്തതിന്റെ പേരിൽ പുറത്താക്കുമ്പോൾ അത്തരക്കാർ എന്തും വിളിച്ചോതിയിട്ടുണ്ടാകും.. അങ്ങനെ വിളിച്ചോതുന്നവരുടെ വീട്ടുപടിക്കൽ ഇന്നോവ കാറുകൾ നിരത്തുന്ന സ്വഭാവം കോൺഗ്രസിന് ഇല്ല. വെളിച്ച വെളിച്ച വിപ്ലവം നടത്തിയെന്ന് ആത്മാഭിമാനത്തോടുകൂടി പ്രസംഗിച്ച ആ മാന്യ വ്യക്തി ഇപ്പോൾ മാറ്റി പറയുന്നത് കപട മുഖം അയാൾ ആഭരണം ആയി കൊണ്ടുനടന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്..
പക്ഷേ, അത്തരക്കാരുടെ ജല്പനങ്ങൾ നിങ്ങൾക്ക് വേദവാക്യമായി മാറുന്നുണ്ടെങ്കിൽ കമ്മ്യൂണിസ്റ്റ് യുവജനപ്രസ്ഥാനം അധ:പതിച്ചു എന്ന് മാത്രമേ ഇപ്പോൾ പ്രതികരിക്കുന്നുള്ളൂ.. രാജ്മോഹൻ ഉണ്ണിത്താൻ താമസിക്കുന്നത് ഔദ്യോഗിക ഭവനത്തിൽ അല്ല. അദ്ദേഹത്തിന്റെ കീശയിൽ നിന്നും കൊടുക്കുന്ന വാടക വീട്ടിലാണ്. ആ വാടക വീട്ടിലേക്ക് മാർച് നടത്താൻ തീരുമാനിച്ചതുതന്നെ ക്രിമിനൽ ഗൂഢാലോചനയാണ്... നിങ്ങളുടെ പല നേതാക്കളും സ്വന്തമായ അമ്പര ചുമ്പികളിൽ താമസിക്കുന്നുണ്ട് എന്ന് ഓർക്കണം... ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിൽ എന്ത് തോന്നിയവാസവും കളിക്കരുത്.
ശ്രീ രാജ്മോഹൻ ഉണ്ണിത്താന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പേരിൽ പോലീസ് നടപടി സ്വീകരിക്കണം. ഡിവൈഎഫ്ഐ മാർച്ചിനെ ശക്തമായി പ്രതിഷേധിക്കുന്നു. രാജമോഹൻ ഉണ്ണിത്താന്റെ സാന്നിധ്യം നിങ്ങൾക്ക് ഭയമുണ്ടാകും.. കാരണം അദ്ദേഹം ജനകീയനാണ്. കയ്യൂരും കരിവെള്ളൂരും മടിക്കയിലും കാവുമ്പായിലും ചുവന്ന പരവതാനി വിരിച്ച് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തെ സ്വീകരിക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് വിറളി ഉണ്ടാകും.. കാസർകോട് ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനം ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ പിന്നിൽ അടിയുറച്ചു തന്നെ ഉണ്ടാകും'.
ബി പ്രദീപ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം:
'എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ നാട്ടിലെ ഡി.വൈ.എഫ്.ഐ കാരോട് നിങ്ങൾക്ക് അല്പമെങ്കിലും അഭിമാനം ഉണ്ടെങ്കിൽ നിങ്ങൾ ആദ്യം മാർച്ച് നടത്തേണ്ടിയിരുന്നത് ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഒന്നും രണ്ടും സീസൺ നടത്തി കോടികൾ കട്ട് കീശയിലാക്കിയ ഉദുമ എം.എൽ.എ സി.എച്.കുഞ്ഞമ്പുവിന്റെ വീട്ടിലേക്കാണ് (വഴി അറിയില്ലെങ്കിൽ ഞങ്ങൾ കാണിച്ചു തരുന്നതാണ്).
രണ്ട് സീസണുകളിലായി നടത്തിയ ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ തൊട്ടത്തിലെല്ലാം അഴിമതി നടത്തിയപ്പോൾ ഞാൻ വിജിലൻസിന് നൽകിയ പരാതി സർക്കാർ മുക്കി എന്നു മാത്രമല്ല ജി.എസ്.ടി പോലും അടയ്ക്കാതെ രണ്ടു സീസണുകളിലായി സർക്കാരിനും ബീമമായ നഷ്ടം ഉണ്ടാക്കിയിട്ടും,ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്നുള്ള വിവരം അതും നിയമസഭയ്ക് അകത്ത് ചോദിച്ച ചോദ്യത്തിന് പോലും ഉത്തരം നൽകാതെ ഒളിച്ചു കളിക്കുകയാണ്.ഇതൊന്നും കാണാതെ ചിലരുടെ വാക്കും കെട്ട് എം.പി ഓഫീസിലേക്ക് മാർച്ച് നടത്തി നാണംകെട്ടവരെ, അതിലെ വസ്തുതകൾ ഒന്നു മനസ്സിലാക്കി സമരത്തിനിറങ്ങു'.