Controversy | പെരിയ ഇരട്ടകൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വിവാദമായി; പിന്നാലെ നടപടിയുമായി പാര്‍ടി; മണ്ഡലം പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി
*എറണാകുളം സി ബി ഐ കോടതിയില്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്
*വിധി വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് പുതിയ സംഭവങ്ങള്‍
പെരിയ: (KasargodVartha) കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വിവാദമായി. പിന്നാലെ പാര്‍ടി നടപടി തുടങ്ങി.
കേസിലെ പതിനാലാം പ്രതിയും സിപിഎം മുന്‍ ലോകല്‍ സെക്രടറിയുമായ ബാലകൃഷ്ണന്റെ മകന്റെ വിവാഹസല്‍ക്കാര ചടങ്ങിലാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സംബന്ധിച്ചത്. ഇതില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രമോദ് പെരിയ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഫോടോയ്ക്ക് താഴെ നവമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പൊങ്കാലയിടുകയാണ്.
പെരിയയിലെ ഒരു റസിഡന്‍സിയില്‍ വെച്ചായിരുന്നു കഴിഞ്ഞദിവസം വിവാഹസല്‍ക്കാര ചടങ്ങുകള്‍ നടന്നത്. പെരിയയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ അമര്‍ഷവും പ്രതിഷേധവും സങ്കടവും ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിലനില്‍ക്കുന്നതിനിടയിലാണ് കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് നേതാക്കള്‍ സദ്യ കഴിച്ചത്. പ്രമോദിന് പുറമെ മറ്റ് പല നേതാക്കളും സല്‍ക്കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്. പെരിയ ഇരട്ടക്കൊലക്കേസിന്റെ വിചാരണ എറണാകുളം സി ബി ഐ കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഇതിന്റെ വിധി വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംബന്ധിച്ചത്. ഇത് കല്യോട്ട് രക്തസാക്ഷികളോടുള്ള അവ ഹേളനമാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ പെരിയ മണ്ഡലം കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് പ്രമോദ് പെരിയയെ കെപിസിസി യുടെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി തല്‍സ്ഥാനത്തുനിന്നും മാറ്റുകയും പകരം മണ്ഡലം പ്രസിഡന്റിന്റെ താല്‍കാലിക ചുമതല ബ്ലോക് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് കെവി ഭക്തവത്സലന് നല്‍കുകയും ചെയ്തു.