Allegation | വെള്ളരിക്കുണ്ട് എസ് എച്ച് ഒ കോൺഗ്രസ് നേതാക്കളോട് മോശമായി സംസാരിച്ചെന്ന് ആരോപണം; എംപി അടക്കം ഇടപെട്ടതോടെ പ്രശ്‌ന പരിഹാരവുമായി ഡിവൈഎസ്പി; ആരോപണങ്ങൾ തള്ളി പൊലീസ് ഉദ്യോഗസ്ഥൻ
പൊതുപ്രവർത്തകരോട് പൊലീസ് കാണിക്കുന്ന സമീപനം തിരുത്താൻ തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് അഗം
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനോട് വെള്ളരിക്കുണ്ട് എസ്എച്ച്ഒ ഫോണിൽ മോശമായി സംസാരിച്ചതിനെ പറ്റി കാര്യങ്ങൾ അന്വേഷിച്ച ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോമോൻ ജോസിനെയും പൊലീസ് ഉദ്യോഗസ്ഥൻ തെറി വിളിച്ചതായി ആരോപണം. വെള്ളരിക്കുണ്ട് എസ്എച്ച്ഒ ടി കെ മുകുന്ദനെതിരെയാണ് ജോമോൻ ജോസ്, മാർട്ടിൻ ജോർജ് എന്നിവർക്കൊപ്പം ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ആരോപണം ഉന്നയിച്ചത്.
വെള്ളിയാഴ്ച നടന്ന സംഭവങ്ങൾക്ക് പിന്നാലെ ശനിയാഴ്ച ജോമോൻ ജോസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ പരാതി പറയാൻ വെള്ളരിക്കുണ്ട് സ്റ്റേഷനിൽ എത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ വിഷയത്തിൽ ഇടപെട്ടതോടെ പ്രശ്നം പരിഹരിക്കാൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വെള്ളരിക്കുണ്ട് സ്റ്റേഷനിലെത്തി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.
ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, അലക്സ് നെടിയകാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പരാതിയുമായോ മറ്റെന്തെങ്കിലും ആവശ്യവുമായോ വന്ന രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള പൊതുപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസിനോട് പൂർണമായും സഹകരിക്കാൻ ഇക്കൂട്ടർ തയ്യാറാവണമെന്നും ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു.
എന്നാൽ മുൻപ് നിരവധി രാഷ്ട്രീയ കേസുകളിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
മാർട്ടിൻ ജോർജും ചില കോൺഗ്രസ് പ്രവർത്തകരും പൊലീസിന്റെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ ഇവർ ഒഴിഞ്ഞു മാറി നിൽക്കുന്നുവെന്നും ഇപ്പോൾ പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും വെള്ളരിക്കുണ്ട് എസ്എച്ച്ഒ ടി കെ മുകുന്ദൻ പറഞ്ഞു.
വളരെ അപമര്യാദയായാണ് വെള്ളരിക്കുണ്ട് എസ്എച്ച്ഒ തന്നോട് ഫോണിൽ സംസാരിച്ചത് എന്നും
സ്റ്റേഷൻ പരിധിയിലെ വിവരങ്ങൾ അന്വേഷിക്കാൻ വിളിക്കുന്ന പൊതുപ്രവർത്തകരോട് പൊലീസ് കാണിക്കുന്ന സമീപനം തിരുത്താൻ തയാറാകണമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഭാഗത്ത് നിന്നുണ്ടായത് മാന്യമായ സമീപനമാണെന്നും ജില്ലാ പഞ്ചായത്ത് അഗം ജോമോൻ ജോസ് പറഞ്ഞു.
#Vellarikoond #policecontroversy #Congress #Kerala #India