city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം

കാസർകോട്: (www.kasargodvartha.com 12.05.2021) മുൻ മന്ത്രിയും കേരളത്തിലെ സമുന്നത നേതാവുമായിരുന്ന കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. വിവിധ രാഷ്ട്രീയ പാർടികളും സംഘടനകളും നേതാക്കളും ഗൗരിയമ്മയെ അനുസ്‌മരിച്ചു.

കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം

ജില്ലയുടെ വ്യവസായ വളർചയ്‌ക്ക്‌ ഇടപെട്ടു - പി കരുണാകരൻ

കാസർകോട്‌: ജില്ലയുടെ വ്യവസായ വളർചയ്‌ക്ക്‌ ശക്തമായി ഇടപെട്ട നേതാവായിരുന്നു മുൻ മന്ത്രി കെ ആർ ഗൗരിയമ്മയെന്ന്‌ സിപിഎം കേന്ദ്ര കമിറ്റി അംഗം പി കരുണാകരൻ പറഞ്ഞു. ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനമായി മാറിയ കെൽ കാസർകോട്‌ യൂണിറ്റ്‌ യാഥാർഥ്യമാക്കിയത് ഗൗരിയമ്മ, നായനാർ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായപ്പോഴാണ്‌. വ്യക്തിപരമായും അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്‌.

പള്ളിക്കര തോക്ക്‌ കേസിൽ പൊലീസ്‌ മർദനമേറ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പൊലീസ്‌ നിർബന്ധിച്ച്‌ ഡിസ്‌ചാർജ്‌ ചെയ്യിക്കാൻ ശ്രമിച്ചു. തടഞ്ഞത്‌ ഗൗരിയമ്മയായിരുന്നു. ആശുപത്രിയിലെത്തി ഞാനടക്കമുള്ള പ്രവർത്തകരെ കണ്ട ഗൗരിയമ്മ വീടുകളും സന്ദർശിച്ചു. എ കെ ജി മരിച്ചപ്പോൾ ചിതക്ക്‌ തീ കൊളുത്താൻ മകൾ ലൈല തയ്യാറായപ്പോൾ അതിന്‌ പ്രേരിപ്പിച്ചവരിൽ ഗൗരിയമ്മയുമുണ്ടായിരുന്നു. പാർടിയുടെ സംസ്ഥാന കമിറ്റിയിലും സംസ്ഥാന സെക്രടറിയറ്റിലും കൂടെ പ്രവർത്തിക്കാനായി എന്നും അദ്ദേഹം അനുസ്‌മരിച്ചു.

കേരള രാഷ്ട്രീയ ചരിത്രത്തിന്റെ യുഗാന്ത്യം - എം വി ബാലകൃഷ്‌ണൻ

കാസർകോട്‌: കേരള രാഷ്ട്രീയ ചരിത്രത്തിന്റെ യുഗാന്ത്യമാണ് കെ ആർ ഗൗരിയമ്മുടെ വേർപാടിലൂടെ ഉണ്ടായതെന്ന്‌ സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു. ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയിലെ ഏക വനിതാംഗം. തുടർന്ന് ആറുതവണ മന്ത്രിയായി. ചരിത്രത്തിന്റെ ഭാഗമായ ഒട്ടേറെ ഭരണപരിഷ്‌കാരങ്ങൾക്ക്‌ ജന്മം നൽകി. സാമൂഹ്യ പരിഷ്‌കാരങ്ങൾക്ക്‌ നേതൃത്വം നൽകി. ആധുനിക കേരളത്തിന്റെ സൃഷ്ടാക്കളിൽ ഒരാളായിരുന്നു ഗൗരിയമ്മ.

അസാധ്യമായ കാര്യങ്ങൾ സാധിതപ്രായമാക്കുന്ന കരുത്തും ഇച്ഛാശക്തിയും പ്രകടമാക്കിയ കേരളം കണ്ട ധീരവനിതകളിൽ ഒരാളായിരുന്നു. തീർച്ചയായും നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പ്രതീകമാണ്. ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനമായി മാറിയ കെൽ കാസർകോട്‌ യൂണിറ്റ്‌ യാഥാർഥ്യമാക്കിയതും അവരാണ്‌. ഗൗരിയമ്മയുടെ വേർപാടിൽ സിപിഎം ജില്ലാ കമിറ്റി അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

കെ ആർ ഗൗരിയമ്മ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന ധീര വനിത - ലോക് താന്ത്രിക് ജനതാദൾ

കാസർകോട്: കേരളത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിയതും വികസന പുരോഗതിക്ക് കാരണവുമായ അനവധി വിപ്ലകരമായ തീരുമാനങ്ങൾ കൊണ്ടുവന്ന ധീര വനിതയായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് ഓൺലൈനിൽ ചേർന്ന ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) മഞ്ചേശ്വരം, കാസർകോട് സംയുക്ത മണ്ഡലം കമിറ്റി യോഗം അനുസ്‌മരിച്ചു. നിരന്തര പോരാട്ടങ്ങളുടേതായിരുന്നു അവരുടെ ജീവിതം.

സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയും ഉച്ചനീചത്വങ്ങൾക്കെതിരെയും അവർ കലഹിച്ചു. കാരിരുമ്പിന്റെ കരുത്തുമായി കേരളരാഷ്ട്രിയത്തില്‍ ജ്വലിച്ചു നിന്ന ഗൗരിയമ്മയുടെ നഷ്‌ടം നികത്താനാവാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രൊഫ. എ കെ ശങ്കരൻ, എം കുഞ്ഞമ്പാടി, സിദ്ദീഖ് അലി മൊഗ്രാൽ, എം ജെ ജോയ്, അഹ്‌മദ്‌ അലി കുമ്പള, സിദ്ദീഖ് റഹ്‌മാൻ, ഡോ. ദാമോദരൻ, മുഹമ്മദ് സാലി, സംബന്ധിച്ചു.

അനാചാരങ്ങൾക്കെതിരെ പൊരുതിയ ധീരവിപ്ലവകാരി - നവയുഗം

ദുബൈ: കേരള സമൂഹത്തിൽ വിപ്ലവകരങ്ങളായ മാറ്റം സൃഷ്ട്ടിച്ച ഒട്ടേറെ നിയമനിർമാണങ്ങൾ നടത്തിയ മികച്ച നിയമസഭ സാമാജികയും, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സൃഷ്ടിയ്ക്കാൻ കഴിഞ്ഞ ഏറ്റവും മികച്ച വനിതനേതാവും, സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പൊരുതിയ ധീരവിപ്ലവകാരിയുമായിരുന്നു കെ ആർ ഗൗരി അമ്മയെന്ന് നവയുഗം സാംസ്‌കാരിക വേദി അനുശോചിച്ചു.

എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും, സമത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടമായിരുന്നു അവരുടെ ജീവിതം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍വ്വമായ പ്രവര്‍ത്തനമാണ് അവർ നടത്തിയിട്ടുള്ളത്. അവരുടെ നിര്യാണത്തോടുകൂടി ഒരു യുഗത്തിനാണ് അവസാനമായിരിക്കുന്നത്. കേരളചരിത്രത്തിൽ സുവർണ്ണലിപികളിൽ കെ ആർ ഗൗരിയുടെ ജീവിതം എഴുതപ്പെടുമെന്നും സാംസ്‌കാരിക വേദി അനുശോചിച്ചു.

സഹിച്ച ത്യാഗങ്ങൾ വിവരണാതീതം - ഇൻകാസ്

ദുബൈ: അടിസ്ഥാനവർഗത്തിൻ്റെ മോചനത്തിന്നും ഉന്നമനത്തിന്നും വേണ്ടി ഗൗരിയമ്മ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും സഹിച്ച ത്യാഗങ്ങൾ വിവരണാതീതമാണെന്ന് ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് ടി എ രവീന്ദ്രനും ജനറൽ സെക്രടറി പുന്നക്കൻ മുഹമ്മദലിയും അനുസ്‌മരിച്ചു.

കേരള രാഷ്ട്രീയത്തിലെ ഇതിഹാസം – വെൽഫെയർ പാർടി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഇതിഹാസ തുല്യയായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് വെൽഫെയർ പാർടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളം കണ്ട ഒന്നാമത്തെ സ്ത്രീ വ്യക്തിത്വമായിരുന്നു. ആഴമേറിയ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഉടമ. 1999 - ലെ ആദിവാസി വിരുദ്ധമായ ഭൂ നിയമത്തെ ഏകയായി നിയമസഭയിൽ എതിർത്തത് അവരുടെ വേറിട്ട പോരാട്ട ജീവിതത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ്. മികച്ച ഭരണാധികാരി എന്ന നിലയിലും ജനകീയ നേതാവ് എന്ന നിലയിലും അതുല്യ പ്രതിഭാസമായിരുന്നു ഗൗരിയമ്മ. അവരുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം - എം സി ജോസഫൈന്‍

തിരുവനന്തപുരം: പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു കെ ആര്‍ ഗൗരിയമ്മയെന്ന് കേരള വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിനൊപ്പം നടന്ന് അതിന്റെ അവിഭാജ്യ ഘടകമായ വനിതയാണ് ഗൗരിയമ്മ. ഒരു നൂറ്റാണ്ടിലേറെ ജീവിച്ച് തന്റെ ജീവിതം തന്നെ ഇതിഹാസമാക്കിമാറ്റിയ വ്യക്തിത്വമാണ് അവരുടേതെന്നും ജോസഫൈൻ പറഞ്ഞു.

Keywords :  Kerala, Malayalam, News, CPI, CPIM, Obituary, Condolence, Minister, Leader, Injured, Politics, Condolences on the death of KR Gowriamma.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia