MM Hassan | 'നേതാക്കളെ വിമര്‍ശിച്ച് പ്രീതി പിടിച്ചുപ്പറ്റാന്‍ ശ്രമിക്കുന്നു'; മുഖ്യമന്ത്രി പിണറായി, ബിജെപിയുടെ താരപ്രചാരകനായി മാറിയെന്ന് എം എം ഹസന്‍
*സി പി എം - ബി ജെ പി അന്തര്‍ധാര കേരളത്തിലുണ്ട്.
*റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വിട്ടയച്ചത് ഒത്തുകളിയുടെ ഭാഗം.
*ഉത്തര മലബാറില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു.
കാസര്‍കോട്: (KasargodVartha) മുഖ്യമന്ത്രി പിണറായി വിജയന്‍ ബി ജെ പിയുടെ താരപ്രചാരകനായി മാറിയിരിക്കുകയാണെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെയും വിമര്‍ശിച്ച് ബി ജെ പിയുടെ പ്രീതി പിടിച്ചുപ്പറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
സി പി എം - ബി ജെ പി അന്തര്‍ധാര കേരളത്തിലുണ്ട്. പ്രധാനമന്ത്രിയെ തള്ളി പിണറായി, ബി ജെ പിയുടെ സ്റ്റാര്‍ പ്രചാരകനാകാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണത്തെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച പ്രധാനമന്ത്രി കേരളത്തിലെ അഴിമതി മൂടിവെക്കുന്നു.
റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ വിട്ടയച്ചത് ഒത്തുകളിയുടെ ഭാഗമാണ്. പാനൂര്‍ ബോംബ് സ്‌ഫോടനം എന്‍ ഐ എ അന്വേഷിക്കണമെന്ന ആവശ്യം, ബി ജെ പി - സി പി എം ഒത്തുകളി മൂലം തള്ളി. ഈ ഭീകരപ്രവര്‍ത്തനം എന്‍ ഐ എ അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
ഉത്തര മലബാറില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. വി വി പാറ്റില്‍ ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട് കൂടുതല്‍ ലഭിച്ചത് ഗൗരവ വിഷയമാണ്. കേരളത്തില്‍ രണ്ട് ലക്ഷത്തോളം വോടുകളാണ് വീട്ടില്‍ വോടുപ്രകാരം രേഖപ്പെടുത്തിയത്. കല്യാശ്ശേരിയില്‍ സി പി എം ബ്രാഞ്ച് സെക്രടറിയാണ് കള്ളവോട് രേഖപ്പെടുത്തിയത്. എന്തുകൊണ്ടാണ് സി പി എം ഉദ്യോഗസ്ഥരെ മാത്രം ഡ്യൂടിക്ക് നിയോഗിച്ചത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കമീഷന്‍ സ്വീകരിക്കണം.
കാര്യണ്യ ചികിത്സ പദ്ധതി നിര്‍ത്താനുള്ള നീക്കത്തിലുടെ 42 ലക്ഷം നിര്‍ധനരെയാണ് സര്‍കാര്‍ വഞ്ചിച്ചത്. ക്ഷേമ പെന്‍ഷനുകളും കിട്ടാക്കനിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ ഖജനാവില്‍ നിന്ന് 82 ലക്ഷം രൂപ ചെലവഴിച്ചതായും ഹസന്‍ പറഞ്ഞു.
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനും ഭരണഘടന സംരക്ഷിക്കാനും ഇന്‍ഡ്യാ മുന്നണി അധികാരത്തിലേറണം. ഇന്‍ഡ്യയെ ഏകമത രാഷ്ട്രമാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഭരണഘടന മാറ്റാനും ശ്രമിക്കുന്നു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ലാപില്‍ ഇന്‍ഡ്യാ മുന്നണിക്ക് ഏറെ പ്രതീക്ഷയുണ്ട്. എന്‍ ഡി എ സര്‍കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ജനാധിപത്യമുണ്ടാവില്ല. ഇന്‍ഡ്യയെ മത രാഷ്ട്രമാക്കുമെന്നാണ് ബി ജെ പി പ്രകടനപത്രികയെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍, കെ പി സി സി സെക്രടി കെ നീലകണ്ഠന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.