city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | ആര് തന്ന പരാതി ആയാലും സര്‍കാര്‍ മുന്‍വിധിയോടെയുള്ള സമീപനം സ്വീകരിക്കില്ല; പിവി അന്‍വര്‍ നല്‍കിയ പരാതിയില്‍ ഉചിതമായ നടപടിയെന്ന് മുഖ്യമന്ത്രി

 Chief Minister Vows Strict Action Against Gold Smuggling
Photo Credit: Facebook/ Pinarayi Vijayan

● പി വി അൻവറിന്റെ പരാതിയിൽ സർക്കാർ അന്വേഷണം ആരംഭിച്ചു.
● സ്വർണ്ണക്കടത്ത് തടയുന്നതിനുള്ള നടപടികൾ കർശനമാക്കും.
● പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല.

തിരുവനന്തപുരം: (KasargodVartha) സാധാരണഗതിയില്‍ ഒരു പരാതി ലഭിച്ചാല്‍ ആ ലഭിച്ച പരാതി പരിശോധിച്ച് നടപടിയെടുക്കുകയെന്നതാണ് എപ്പോഴും സ്വീകരിക്കുന്ന നില. ഇവിടെ അന്‍വര്‍ (PV Anvar) പരാതി തന്നു. പരാതി തരുന്നതിന് മുന്നേ അദ്ദേഹം പരസ്യമായി ചാനലുകളില്‍ ദിവസങ്ങളോളം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. അതിന്റെ ഭാഗമായി ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഒരു മുന്‍വിധിയോടെയും ഈ കാര്യത്തെ സമീപിക്കുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) പറഞ്ഞു.  

എസ്പിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സാധരണ രീതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്തുവന്നു. അതിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതരെ നടപടി ഉണ്ടായിട്ടുള്ളത്. ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയുമാണ്. ആരോപണ വിധേയര്‍ ആര് എന്നതിലല്ല, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എന്ത്, അതിനുള്ള തെളിവുകള്‍ എന്തൊക്കെ എന്ന് അന്വേഷിച്ച് കണ്ടെത്തുകയാണ് പ്രധാനപ്പെട്ട കാര്യം. 

ഉന്നയിക്കപ്പെട്ട ഒരു ആരോപണം പോലീസ് കള്ളക്കടത്തു സ്വര്‍ണ്ണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണല്ലോ. അത് സംബന്ധിച്ച് അന്വേഷണം നടക്കുന്നത് കൊണ്ട്, അതിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. 

എന്നാല്‍ ഒരു കാര്യം വ്യക്തമാക്കാനുള്ളത്, സംസ്ഥാനത്ത് പൊലീസിന് നിര്‍ഭയമായും നീതിപുര്‍വ്വമായും പ്രവര്‍ത്തിക്കാനും നിയമവിരുദ്ധ പ്രവൃത്തികള്‍ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കും എന്നതാണ്. പൊലീസിന്റെ ഭാഗത്തു നിന്ന് തെറ്റായ കാര്യങ്ങള്‍ ഉണ്ടാകില്ല എന്നുറപ്പാക്കാനും തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതേ സമയം പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വ നീക്കത്തോട് ഒരു തരത്തിലും യോജിക്കാനും കഴിയില്ല. 

സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലീസ്. ആ പൊലീസ് അതിന്റെ ജോലി ചെയ്യുന്നതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതും.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകള്‍ ഇവിടെയുണ്ട്. 2022ല്‍ 98 കേസുകളിലായി 79.9 കിലോഗ്രാം സ്വര്‍ണ്ണവും 23ല്‍ 61 കേസുകളില്‍ 48.7 കിലോഗ്രാം സ്വര്‍ണ്ണവും ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്. മൂന്നു വര്‍ഷത്തില്‍ ആകെ 147.79 കിലോ സ്വര്‍ണ്ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വര്‍ണ്ണമാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണമാണ് പൊലീസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടി മലപ്പുറത്തു നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണ്ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്: ഇത് കര്‍ക്കശമയി തടയുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. 

സ്വര്‍ണ്ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഈ വിഷയത്തില്‍ ലഭിച്ച ഒരു റിപ്പോര്‍ട്ട് എന്റെ കയ്യിലുണ്ട്. അതിലെ ചില ഭാഗങ്ങള്‍ വായിക്കാം.  

'പൊലീസ് സ്വര്‍ണം മുക്കി; ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി' എന്ന തലക്കെട്ടോടെ ഒരു വാര്‍ത്താ ചാനലില്‍  മുഖം തിരിഞ്ഞിരിക്കുന്ന ഒരാള്‍ നടത്തുന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ചതില്‍ ലഭിച്ച വിവരങ്ങളാണ്. 2023 ല്‍ പിടികൂടി രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം ഉണ്ടായിട്ടുള്ളത്. പിടികൂടിയത് 1200 ഗ്രാം സ്വര്‍ണ്ണമാണെങ്കിലും കോടതിയില്‍ എത്തിയത് 950 ഗ്രാമില്‍ താഴെ മാത്രമെന്നാണ് ആരോപണം.

1000 ഗ്രാമിനും 1500 ഗ്രാമിനുമിടയില്‍ വരുന്ന സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് 2023ല്‍ 17ഉം, 2022 വര്‍ഷത്തില്‍ 27ഉം, 2024ല്‍ 6 ഉം കേസുകള്‍ പിടിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്വര്‍ണ്ണം പിടികൂടിയാല്‍ നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചാണ് ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തില്‍ തൂക്കുന്നതും വേര്‍തിരിച്ചെടുക്കുന്നതും ബന്ദവസ്സില്‍ എടുക്കുന്നതും. 

ഈ റിപ്പോര്‍ട്ട് പ്രകാരം 2022, 2023, 2024 വര്‍ഷങ്ങളില്‍ 1000 ഗ്രാമിനും 1500 ഗ്രാമിനുമിടയില്‍ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് പിടികൂടിയവരുടേയും, പിടികൂടിയ സ്വര്‍ണ്ണത്തിന്റേയും,  വേര്‍തിരിച്ചെടുക്കുമ്പോള്‍ ലഭിച്ച സ്വര്‍ണ്ണത്തിന്റെയും കണക്കും, വേര്‍തിരിച്ചെടുക്കുമ്പോള്‍ വന്ന വ്യത്യാസവും  കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ചില ആളുകള്‍ സ്വര്‍ണ്ണം കടത്തുന്നത് ധരിച്ചിരിക്കുന്ന വസ്ത്രത്തിലും, അടിവസ്ത്രത്തിലുമൊക്കെയാണ്. വസ്ത്രം അടക്കമുള്ള തൂക്കമാണ് പിടിക്കുന്ന അവസരത്തില്‍ കാണിക്കുന്ന തൂക്കം. വസ്ത്രം കത്തിച്ച് വേര്‍തിരിച്ചെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കമാണ് രണ്ടാമത് കാണിക്കുന്നത്. ഇതാണ് രണ്ടളവുകളും തമ്മില്‍  വ്യത്യാസം വരുന്നതിന് കാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

(ഉദാഹരണത്തിന് 2022 ആഗസ്റ്റ് എട്ടിന് പിടിച്ച സ്വര്‍ണ്ണം.) പാന്റിലും, അടിവസ്ത്രത്തിലും ലെയറായി തേച്ച് പിടിപ്പിച്ച രീതിയിലാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയപ്പോള്‍ 1519 ഗ്രാം.  വസ്ത്രങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്തപ്പോള്‍ 978.85  ഗ്രാം. 

ഗള്‍ഫ് രാജ്യങ്ങളില്‍ പൌഡര്‍ രൂപത്തിലുള്ള സ്വര്‍ണ്ണം വാങ്ങി ചില വസ്തുക്കള്‍ ചേര്‍ത്ത് മിശ്രിതമാക്കിയതിനു ശേഷം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് വെച്ച് കൊണ്ടു വരുന്നു. പൌഡര്‍ രൂപത്തിലുള്ള സ്വര്‍ണ്ണം മെറ്റല്‍ ഡിറ്റക്ടര്‍  പരിശോധനയില്‍ കണ്ടെത്താതെ ഇരിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം കടത്തുന്നത്. ഇത്തരത്തില്‍ കാപ്‌സ്യൂള്‍ മിശ്രിതം വേര്‍തിരിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ തൂക്കം  കാപ്‌സ്യൂളിന്റെ തൂക്കത്തെക്കാള്‍ കുറവായിരിക്കും എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ഇത് എന്റെ കയ്യില്‍ കിട്ടിയ ഒരു റിപ്പോര്‍ട്ട് മാത്രമാണ്. ഈ റിപ്പോര്‍ട്ട് കൊണ്ട് എല്ലാം അവസാനിപ്പിക്കുകയല്ല. ഉയര്‍ന്നു വന്ന ഓരോ കാര്യങ്ങളെക്കുകറിച്ചും കുറ്റമറ്റ അന്വേഷണം നടത്തും. എന്തെങ്കിലും അപാകം കണ്ടെത്തിയാല്‍ അതിനുത്തരവാദി ആയവര്‍ക്കെതിരെ പരമാവധി ശിക്ഷയുമുണ്ടാകും. കുറ്റവാളികളെ മഹത്വവല്‍ക്കരിക്കരുത്. 

സ്വര്‍ണ്ണവും ഹവാല പണവും കടത്തുന്നവരെ ശക്തമായി നേരിടുക എന്നത് നാടിനോടുള്ള കടമയാണ്. അതില്‍ നിന്ന് പിന്മാറാന്‍ പോലീസ് ഉദ്ദേശിക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് അവസാനിപ്പിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ആരോപണം വന്നാല്‍ ഗൗരവമായി പരിശോധിക്കും. ഏറ്റവും ഉന്നതമായ ടീമാണ് പരിശോധിക്കുന്നത്. ഇനി കേരളത്തില്‍ സ്വര്‍ണ്ണം പിടിത്തം വേണ്ട, ഇഷ്ടം പോലെ പോയ്‌ക്കോട്ടെ, പൊലീസ് തിരിഞ്ഞ് നോക്കേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാന്‍ കഴിയില്ല.

#kerala #goldsmuggling #corruption #police #investigation #pvAnvar #pinarayivijayan

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia