city-gold-ad-for-blogger

ചീമേനി കളിക്കള നിർമ്മാണത്തിൽ വൻ അഴിമതി: മന്ത്രിയുടെ ചൊവ്വാഴ്ചത്തെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന് കോൺഗ്രസ്

Congress leaders at a press conference about Cheemeni playground corruption
Photo: Special Arrangement

● ഫുട്‌ബോൾ, വോളിബോൾ കോർട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ പേരിന് മാത്രമാണ് നടന്നത്.
● നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് - ഏകദേശ ചെലവ് കണക്ക് - വിവരാവകാശ രേഖയായി ചോദിച്ചപ്പോൾ 'ലഭ്യമല്ല' എന്ന മറുപടി ലഭിച്ചു.
● തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഉദ്ഘാടനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാക്കൾ.
● രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നൽകുന്ന ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പഞ്ചായത്ത് അനുമതി നിഷേധിക്കുന്നതായും പരാതി.

ചെറുവത്തൂർ: (KasargodVartha) സംസ്ഥാന സർക്കാരിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിൽ ഉൾപ്പെടുത്തി കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്തിലെ ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ കളിക്കളം നിർമ്മിച്ചതിൽ വൻ അഴിമതി നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തു വന്നു.

50 ലക്ഷം രൂപ വീതം കായിക വകുപ്പിൽ നിന്നും എം എൽ എ ഫണ്ടിൽ നിന്നുമായി ഒരു കോടി രൂപ ചെലവ് വരുന്ന കളിക്കളത്തിന് 25 ലക്ഷം രൂപ പോലും ചെലവഴിക്കാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.

നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും ഒക്ടോബർ 21 ചൊവ്വാഴ്ച കായിക വകുപ്പ് മന്ത്രി എ അബ്ദുൾ റഹ്മാൻ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നടത്തുന്നത് മാറ്റിവെക്കണമെന്നും കോൺഗ്രസ് ചീമേനി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചെറുവത്തൂർ പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഫുട്‌ബോൾ, വോളിബോൾ കോർട്ടുകൾ, ഹാൻഡ്‌ബോൾ കോർട്ട്, പരിശീലന സൗകര്യങ്ങൾ, വയോജനങ്ങൾക്ക് നടക്കാനുള്ള സൗകര്യം, കളിക്കാർക്കുള്ള വിശ്രമ സ്ഥലം എന്നിവയടക്കം വിവിധങ്ങളായ നിർമ്മാണ പ്രവൃത്തി നടത്തേണ്ട ഗ്രൗണ്ടിൽ ചുവന്ന മണ്ണ് ലെവലാക്കി നാല് ഭാഗത്തും നെറ്റ് കെട്ടുകയും കിഴക്ക് ഭാഗത്തായി 50 മീറ്റർ നീളത്തിൽ ഇരിപ്പിട സൗകര്യം ഒരുക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.

നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ ശരിയായ രീതിയിൽ ആയിരുന്നില്ല പ്രവൃത്തി നടന്നതെന്നാണ് കോൺഗ്രസ് ആരോപണം. ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തവർ പണി പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്യുന്നതിനെ മുഴുവൻ പേരും ശക്തമായി എതിർത്തിരുന്നു. 

Congress leaders at a press conference about Cheemeni playground corruption

ഈ വിഷയം പൊതുജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ ഭാഗമായി ഗ്രൗണ്ട് സന്ദർശിച്ചപ്പോൾ നാലിലൊന്ന് രൂപ പോലും ചെലവാക്കിയതായി കണ്ടില്ല. ഗ്രൗണ്ടിന്റെ നിർമ്മാണം തുടക്കം മുതലേ സുതാര്യമല്ലെന്ന് അഭിപ്രായമുയർന്നിരുന്നു. സ്കൂളിലെ ഒരു രക്ഷിതാവ് വിവരാവകാശ രേഖയായി നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് ചോദിച്ചപ്പോൾ 'ലഭ്യമല്ല' എന്ന മറുപടിയാണ് ലഭിച്ചത്.

 ഇത് അഴിമതി മൂടിവെക്കുന്നതിന്റെ ഭാഗമാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഉദ്ഘാടനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു നാടിന്റെ പൊതുസ്വത്താവുന്ന കളിക്കളം ഏറ്റവും ഭംഗിയോടെയും കൃത്യതയോടെയും പൂർത്തിയാക്കിയ ശേഷം മാത്രം ഉദ്ഘാടനം നടത്തിയാൽ മതിയെന്നും കോൺഗ്രസ് നിലപാടെടുത്തു. 

നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് കായിക വകുപ്പ് മന്ത്രിക്കും, വിജിലൻസിനും ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. അഴിമതിക്കെതിരെ പ്രതികരിക്കുമ്പോൾ തങ്ങളെ വികസന വിരോധികളാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ ശ്രദ്ധയിൽപെടുത്തി ആറ് വർഷം കൊണ്ട് ചീമേനി പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ എത്തിക്കുവാൻ കോൺഗ്രസ് തയ്യാറായിട്ടുണ്ട്. എന്നാൽ എം പി ഈ പഞ്ചായത്തിൽ നൽകുന്ന ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പഞ്ചായത്ത് ഇപ്പോൾ അനുമതി നൽകുന്നില്ല. പഞ്ചായത്തിന്റെ ഈ നടപടിയും പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് എ ജയരാമൻ, ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം ടി വി കുഞ്ഞിരാമൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ടി പി ധനേഷ്, ടി വി ശ്രീവത്സൻ എന്നിവർ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കുക.

Article Summary: Congress alleges massive corruption in the one-crore Cheemeni playground project and demands Minister A. Abdul Rahiman to postpone the inauguration.

#Cheemeni #Corruption #Congress #Playground #KeralaPolitics #InaugurationPostponement

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia