Controversy | കേന്ദ്ര സർവകലാശാല കലോത്സവത്തിന്റെ പ്രചാരണത്തിന് സ്ഥാപിച്ച പോസ്റ്റർ വിവാദമായതിന് പിന്നാലെ എടുത്തുമാറ്റി; വീണ്ടും സ്ഥാപിച്ച് യൂനിയൻ പ്രവർത്തകർ
പരിപാടിക്ക് തുക നൽകിയതിനെതിരെ അധ്യാപക സംഘടന രംഗത്ത്
പെരിയ: (KasaragodVartha) കേന്ദ്ര സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ പ്രചാരണത്തിന് സ്ഥാപിച്ച പോസ്റ്റർ വിവാദമായതിന് പിന്നാലെ എടുത്തുമാറ്റി. എന്നാൽ ഇവ വീണ്ടും കാംപസിനകത്ത് സ്ഥാപിച്ച് യൂനിയൻ പ്രവർത്തകർ രംഗത്തുവന്നു. ജൂൺ 26 മുതൽ 29 വരെ കങ്കാമ എന്ന പേരിലാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന് ഈ വർഷം മുന്നോട്ട് വെക്കുന്ന പ്രമേയം 'അതിജീവനം' എന്നാണെന്ന് യൂനിയൻ പ്രവർത്തകർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
ഫലസ്തീനിലെയും മണിപ്പൂരിലെയും ജനതയോടുള്ള ഐക്യദാർഢ്യമാണ് കങ്കാമയുടെ ഭാഗമായി സ്ഥാപിച്ച രണ്ട് ബോർഡുകളിലെയും ഉള്ളടക്കമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്നാമത്തെ ബോർഡിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കുള്ള ഐക്യദാർഢ്യവും സ്റ്റുഡന്റസ് കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റർ ഭാരതാംബയെ അപമാനിക്കുന്നതാണെന്നും ദേശീയ പതാകയെ ചവിട്ടി അപമാനിച്ചുവെന്നുമാണ് എബിവിപി ആരോപിക്കുന്നത്.
പോസ്റ്റർ വിവാദമായതോടെ വെള്ളിയാഴ്ച ഇത് ഡീൻ ജയകുമാറിന്റെ നിർദേശപ്രകാരം ഡീൻ സ്റ്റുഡന്റസ് വെൽഫെയർ കമിറ്റി പ്രവർത്തകർ എടുത്തുമാറ്റിയിരുന്നു. എന്നാൽ എടുത്തുമാറ്റിയ പോസ്റ്റർ പ്രകടനമായി വന്ന് യൂനിയൻ ഭാരവാഹികൾ സ്ഥാപിച്ച് എബിവിപിക്കും സംഘ്പരിവാറിനുമെതിരെ പ്രതിഷേധിച്ചു. യൂനിവേഴ്സിറ്റിയെ ആർഎസ്എസ് ശാഖയാക്കി മാറ്റാനുള്ള ശ്രമമാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും വിദ്യാർഥികൾ തിരഞ്ഞെടുത്ത കൗൺസിലിന്റെ ബോർഡുകൾ അനധികൃതമായി നീക്കം ചെയ്യാൻ എബിവിപി, യൂണിവേഴ്സിറ്റിയിലെ സംഘ്പരിവാർ മാഫിയയെ കൂട്ടുപിടിച്ച് നടത്തിയ നീക്കത്തെ ജനാധിപത്യപരമായി ചെറുക്കുമെന്നും വിദ്യാർഥി യൂണിയൻ കൂട്ടിച്ചേർത്തു.
ഫലസ്തീൻ ജനതയുടെ കണ്ണീരിനൊപ്പം നിൽക്കുന്നതും മണിപ്പൂരിൽ കത്തിയമർന്ന മനുഷ്യർക്ക് ഐക്യദാർഢ്യപ്പെടുന്നതും സംഘ്പരിവാറിന്റെ ഭാഷയിൽ രാജ്യദ്രോഹമാണെങ്കിൽ തങ്ങൾക്ക് അത് മനുഷ്യ സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്ന് സ്റ്റുഡന്റസ് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു. നിരോധങ്ങൾ നിയമമാകുമ്പോൾ നിയമ ലംഘനമാണ് പ്രതിരോധമെന്നും കാംപസിൽ ജനാധിപത്യം സംരക്ഷിക്കാനും ഫാസിസത്തെ ചെറുക്കാനുമുള്ള പോരാട്ടമായി കങ്കാമ മാറുമെന്നും യൂണിയൻ ഭാരവാഹികൾ പറയുന്നു.
വൈസ് ചാൻസിലർ ഇൻചാർജ് പ്രൊഫ വിൻസെന്റ് മാത്യു, രജിസ്ട്രാർ മുരളീധരൻ നമ്പ്യാർ എന്നിവരടങ്ങിയ കമിറ്റി കലോത്സവം നടത്താനായി എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ നാല് ലക്ഷം രൂപ മുൻകൂറായി നൽകിയിട്ടുണ്ട്. സാധാരണ ഫെബ്രുവരിയിലാണ് കലോത്സവം നടക്കാറുള്ളതെന്നും എന്നാൽ ഇത്തവണ ജൂണിലേക്ക് പരിപാടി മാറ്റുകയായിരുന്നുവെന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു. എന്നാൽ യൂണിയന്റെ കാലാവധി ഏപ്രിൽ അഞ്ചിന് തന്നെ അവസാനിച്ചുവെന്നും കാലാവധി കഴിഞ്ഞ കൗൺസിലിന് കലോത്സവം നടത്താൻ തുക അനുവദിക്കുകയും ചെയ്തതിനെതിരെ കേന്ദ്ര സർവകലാശാലയിലെ അധ്യാപക സംഘടന വിസിക്ക് കത്ത് നൽകിയതായി അറിയുന്നു.
സംഭവം വിവാദമായിരിക്കെ കലോത്സവം അലങ്കോലമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എസ്എഫ്ഐയ്ക്കും എൻഎസ്‌യുവിനും യൂണിയനിൽ പങ്കാളിത്തമുണ്ടെങ്കിലും കോഴ്‌സ് കഴിഞ്ഞുപോകുന്ന എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളാണ് കലോത്സവം ഇത്തരത്തിൽ വിവാദമാക്കാൻ ശ്രമിച്ചതെന്നും എബിവിപി കേന്ദ്രങ്ങൾ ആരോപിച്ചു.