city-gold-ad-for-blogger

ഫസല്‍ വധം: കേസ് അട്ടിമറിക്കാന്‍ സഹോദരന്‍ ശ്രമിക്കുന്നുവെന്ന് സി ബി ഐ കോടതിയില്‍

കൊച്ചി: (www.kasargodvartha.com 10.06.2017) ഫസല്‍ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ഫസലിന്റെ സഹോദരന്‍ തന്നെ പ്രതികള്‍ക്കൊപ്പം ചേര്‍ന്നു ശ്രമിക്കുന്നുവെന്ന് സിബിഐ കോടതിയില്‍. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയിലാണ് സിബിഐ ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്.

ഫസലിനെ കൊലപ്പെടുത്തിയത് ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരല്ലെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തലാണ് കേസില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്. താനടക്കമുള്ളവരാണ് കൊല നടത്തിയതെന്നു സുബീഷ് ലോക്കല്‍ പോലീസിന് ക്യാമറയ്ക്കു മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റ ദൃശ്യങ്ങള്‍ അടക്കം സമര്‍പ്പിച്ചാണ് സത്താര്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.

ഫസല്‍ വധം: കേസ് അട്ടിമറിക്കാന്‍ സഹോദരന്‍ ശ്രമിക്കുന്നുവെന്ന് സി ബി ഐ കോടതിയില്‍

2006 ഒക്ടോബര്‍ 22 നാണ് സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന തലശേരി പിലാക്കൂലിലെ ഒളിയിലക്കണ്ടി മുഹമ്മദ് ഫസല്‍ (35) കൊല്ലപ്പെടുന്നത്. സൈദാര്‍പള്ളിക്കു സമീപം ജഗന്നാഥ് ടെംപിള്‍ റോഡില്‍ പുലര്‍ച്ചെ നാലിനായിരുന്നു കൊല നടന്നത്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന ഫസല്‍ നേരത്തേ സിപിഎം തലശേരി ഗോപാലപേട്ട ബ്രാഞ്ച് അംഗവും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്നു.

പാര്‍ട്ടി വിട്ട ശേഷം എന്‍ഡിഎഫ് തലശേരി സബ് ഡിവിഷന്‍ കൗണ്‍സില്‍ അംഗവുമായി. തേജസ് ദിനപത്രത്തിന്റെ ഏജന്റായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന ശേഷം പ്രദേശത്തെ യുവാക്കളെ എന്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു സിബിഐയുടെ ആരോപണം.

കൊലയുടെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ച് പ്രദേശത്ത് എന്‍ഡിഎഫ് - ആര്‍എസ്എസ് സംഘര്‍ഷം സൃഷ്ടിച്ചു സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ സിപിഎം ശ്രമിച്ചതായും സിബിഐയുടെ ആദ്യ റിപ്പോര്‍ട്ടുകളില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

എന്നാല്‍ അന്വേഷണത്തില്‍ തെളിവു സഹിതം കണ്ടെത്തിയ നിഗമനങ്ങള്‍ക്കു വിരുദ്ധമായ മൊഴികളാണു സുബീഷ് നല്‍കിയിരിക്കുന്നതെന്നു സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. സുബീഷിന്റെ മൊഴികള്‍ അനുസരിച്ചു കൊല നടന്നതു പുലര്‍ച്ചെ 1.30 നാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ ഫസല്‍ ആക്രമിക്കപ്പെട്ടത് 3.30 നാണെന്നു സിബിഐ ചൂണ്ടിക്കാട്ടി. കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംബന്ധിച്ച സുബീഷിന്റെ വെളിപ്പെടുത്തലുകള്‍ കേസിലെ ഫൊറന്‍സിക് നിഗമനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും സി ബി ഐ പറയുന്നു.

സത്താറിനു വേണ്ടി ഹര്‍ജിഭാഗം കോടതിയില്‍ സുബീഷിന്റെ വെളിപ്പെടുത്തലുകളുടെ വിഡിയോ സിഡി സമര്‍പ്പിച്ചു. സത്താര്‍ സിപിഎം പ്രവര്‍ത്തകനാണെന്ന സിബിഐ നിലപാടിനെയും ഹര്‍ജിഭാഗം എതിര്‍ത്തു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം സിബിഐ കോടതിക്കുണ്ടോയെന്ന സംശയം ജഡ്ജി പ്രകടിപ്പിച്ചു. കേസ് അടുത്ത 15നു വീണ്ടും പരിഗണിക്കും.

അതേ സമയം, ഫസലിന്റെ സഹോദരന്‍ സത്താര്‍ സിപിഎം പ്രവര്‍ത്തകനാണെന്നു ചൂണ്ടിക്കാണിക്കുന്ന സിബിഐ, മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ കേസില്‍ അമിത താല്‍പര്യം കാണിച്ച് സുബീഷിന്റെ മൊഴികള്‍ സിബിഐ ഡയറക്ടര്‍ക്ക് അയച്ചു കൊടുത്തതായും ചൂണ്ടിക്കാണിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Murder-case, Investigation, CBI, High-Court, case, RSS, NDF, BJP, LDF, Political party, Politics, news, Top-Headlines, CBI on Fasal murder case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia