By Election | ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം ചർച്ച ചെയ്തില്ല; മൊഗ്രാൽ പുത്തൂരിൽ എൽഡിഎഫിൽ ഭിന്നത ശക്തം
മൂന്നാം വാർഡായ കോട്ടക്കുന്ന്, പതിനാലാം വാർഡായ കല്ലങ്കൈ എന്നിവിടങ്ങളിലാണ് ജുലൈ 30 ന് ഉപതിരഞ്ഞെടുപ്പ്
മൊഗ്രാൽ പുത്തൂർ: (KasargodVartha) സ്ഥാനാർഥി (Candidate) നിർണയം ചർച്ച ചെയ്യാതെ ഏകപക്ഷീയമായി രണ്ടു വാർഡുകളിലേക്ക് (Ward) സ്ഥാനാർഥികളെ പ്രഖ്യാപിച്ചതായി മൊഗ്രാൽ പുത്തൂർ (Mogral Puthur) പഞ്ചായത് എൽഡിഎഫിൽ (LDF) ആരോപണം. ഇത് മുന്നണിയിൽ ശക്തമായ ഭിന്നതയ്ക്ക് കാരണമായി. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന കാര്യം ചർച്ച ചെയ്യാനായി എൽഡിഎഫ് യോഗം വിളിച്ചില്ലെന്നാണ് പ്രധാന ഘടകകക്ഷിയായ ഐഎൻഎൽ (INL) നേതാക്കൾ പരാതിപ്പെടുന്നത്.
സിപിഎമിലും (CPM) ലോകൽ കമിറ്റി ചർച്ച ചെയ്യാതെ, ബ്രാഞ്ച് കമിറ്റി മാത്രമാണ് തീരുമാനം എടുത്തതെന്നും, ഏകാധിപത്യം കാണിക്കുന്നുവെന്നുമാണ് ഐഎൻഎൽ നേതാക്കൾ പറയുന്നത്. മൂന്നാം വാർഡായ കോട്ടക്കുന്ന്, പതിനാലാം വാർഡായ കല്ലങ്കൈ എന്നിവിടങ്ങളിലാണ് ജുലൈ 30 ന് ഉപതിരഞ്ഞെടുപ്പ് (By Election) നടക്കുന്നത്. കോട്ടക്കുന്ന് വാർഡിൽ യുഡിഎഫ് (UDF) സ്വതന്ത്ര സ്ഥാനാർഥി കെ പുഷ്പയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
എസ്‍ഡിപിഐയുടെ വാർഡ് അംഗം രാജിവെച്ചതിനെ തുടർന്നാണ് സംവരണ വാർഡായ കോട്ടക്കുന്നിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നേരത്തെ ഐഎൻഎൽ മത്സരിച്ച, വാർഡാണ് കോട്ടക്കുന്നെന്നും, ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ, എൽഡിഎഫ് യോഗം ചേർന്ന് ചർച്ച ചെയ്യണമെന്നുമാണ് ഐഎൻഎൽ വാദിക്കുന്നത്.
കോട്ടക്കുന്നിൽ സിപിഎം സ്ഥാനാർഥിയായി പാർടി നേതാവായ ബാബുരാജിൻ്റെ ഭാര്യ ബേബിയെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടിയാലോചന നടക്കാത്തതുകൊണ്ട്, പ്രചാരണത്തോട് ഐഎൻഎൽ പ്രവർത്തകർ സഹകരിക്കുന്നില്ലെന്ന് പറയുന്നു. ഇവിടെ മുസ്ലിം ലീഗ്, അസ്മിന ശാഫിയെയാണ് മൊബൈൽ ഫോൺ അടയാളത്തിൽ യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിപ്പിക്കുന്നത്.
എസ്ഡിപിഐയുടെ സിറ്റിംഗ് സീറ്റായ കല്ലങ്കൈയിൽ ധർമ്മപാലൻ ദാരില്ലത്തിനെയാണ് ഏണി അടയാളത്തിൽ മുസ്ലിം ലീഗ് മത്സരിപ്പിക്കുന്നത്. ഇവിടെ പത്മനാഭ കല്ലങ്കൈയെയാണ് എസ്ഡിപിഐ സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. സിപിഎമിൻ്റെ ബ്രാഞ്ച് സെക്രടറിയെയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 15 അംഗ ഭരണസമിതിയിൽ, യുഡിഎഫ് - ആറ്, ബിജെപി - അഞ്ച്, സിപിഎം - ഒന്ന്, ഐഎൻഎൽ - ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടത്തും എൽഡിഎഫിൽ പടലപ്പിണക്കങ്ങൾ നിലനിൽക്കുന്നത് കൊണ്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന കാര്യം എൽഡിഎഫിൽ ആലോചിച്ചിട്ടില്ലെന്നും ഇതിൽ ഐഎൻഎലിനു അമർഷമുണ്ടെന്നും എൽഡിഎഫ് കൺവീനറും ഐഎൻഎൽ നേതാവുമായ പോസ്റ്റ് മുഹമ്മദ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഞായറാഴ്ച പഞ്ചായത് എൽഡിഎഫ് യോഗം വിളിച്ചിട്ടുണ്ടെന്നും, തർക്കങ്ങൾ ഈ യോഗത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.