മുസ്ലിം ലീഗ് നേതാവ് ഗോൾഡൻ റഹ്മാനെതിരെ കള്ളവോട്ട് ആരോപണം ഉന്നയിച്ച് എതിർ സ്ഥാനാർഥി അഷ്‌റഫ് പച്ചിലമ്പാറ; നിയമനടപടിക്ക് ഒരുങ്ങുന്നു
● വിജയാഹ്ലാദ പ്രകടനത്തിനിടെ അഷ്‌റഫിന്റെ വീടിന് നേരെ അക്രമം നടന്നതായും കല്ലേറിൽ പരിക്കേറ്റതായും പരാതിയുണ്ട്.
● കല്ലേറിൽ അഷ്‌റഫിനും ഭാര്യ ഹവ്വാബിക്കും പരിക്കേറ്റു; ഗർഭിണിയായ മകൾ അമീറയെ വയറ്റിൽ ചവിട്ടിയതായും പരാതി.
● കള്ളവോട്ട് സാധ്യത മുന്നിൽ കണ്ട് രണ്ട് ബൂത്തുകളിലായി വീഡിയോ ക്യാമറ സ്ഥാപിച്ചിരുന്നു.
● ദൃശ്യങ്ങൾ തെളിവായി ഹാജരാക്കി കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് അഷ്‌റഫ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഉപ്പള: (KasargodVartha) മുൻകാലങ്ങളിൽ മുസ്ലിം ലീഗ് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന മംഗൽപാടി പഞ്ചായത്ത് രണ്ടാം വാർഡിൽ ഇത്തവണ വെറും 93 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ഗോൾഡൻ റഹ്മാനെതിരെ കള്ളവോട്ട് ആരോപണവുമായി എതിർ സ്ഥാനാർഥിയായ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഷ്‌റഫ് പച്ചിലമ്പാറ രംഗത്ത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെനിന്നുള്ള മുസ്ലിം ലീഗ് പ്രതിനിധി 672 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ രണ്ട് ബൂത്തുകളിലായി 1364 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ അഷ്‌റഫ് 606 വോട്ട് നേടിയപ്പോൾ, 93 വോട്ടിന്റെ വ്യത്യാസത്തിലാണ് ഗോൾഡൻ റഹ്മാൻ വിജയിച്ചത്. ഈ സാഹചര്യത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് അഷ്‌റഫിന്റെ ആരോപണം.
എൻസിപി പ്രവർത്തകനായ അഷ്‌റഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്. പാർട്ടിയുമായി ആലോചിച്ച ശേഷം കോടതിയെ സമീപിക്കാനാണ് അഷ്‌റഫിന്റെ തീരുമാനം.
അതിനിടെ, കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ അഷ്‌റഫിന്റെ വീടിന് നേരെ വ്യാപകമായ അക്രമം അഴിച്ചുവിട്ടതായും കല്ലേറിൽ അഷ്‌റഫിനും ഭാര്യ ഹവ്വാബിക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളാണ് കോടതിയെ സമീപിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അഷ്‌റഫ് പറഞ്ഞു.
അക്രമത്തിൽ അഷ്‌റഫിന്റെ ഭാര്യ ഹവ്വാബിയുടെ കാലിന് പരിക്കേറ്റു. കൂടാതെ ഗർഭിണിയായ മകൾ അമീറയെ ആക്രമികൾ വയറ്റിൽ ചവിട്ടിയതായും പരാതിയുണ്ട്. പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കള്ളവോട്ട് സാധ്യത മുന്നിൽ കണ്ട് അഷ്‌റഫ് രണ്ട് ബൂത്തുകളിലുമായി 14,720 രൂപ കെട്ടിവെച്ച് വീഡിയോ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ അപേക്ഷ നൽകി ശേഖരിച്ച ശേഷം തെളിവുകൾ സഹിതം കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് അഷ്‌റഫ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.
Article Summary: LDF independent candidate to approach court over bogus voting against League's Golden Rahman in Mangalpady.
#BogusVoting #Kasaragod #LocalElection #ElectionFraud #GoldenRahman #AshrafPachilampara






