ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി ആരോപണം; ചോദ്യം ചെയ്ത സെക്രട്ടറിയെ ഒറ്റരാത്രികൊണ്ട് സ്ഥലം മാറ്റിയെന്നും വിവാദം
● സെക്രട്ടറി ട്രിബ്യൂണലിൽ അപ്പീൽ നൽകി.
● സെക്രട്ടറി ജോസഫ് എം ചാക്കോ സീനിയർ ഉദ്യോഗസ്ഥനാണ്.
● സെക്രട്ടറി സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ഓഫീസിന്റ മറ്റ് ആവശ്യങ്ങൾക്ക് വാഹനം വിട്ടു നൽകാത്തതും ചോദ്യം ചെയ്ത സെക്രട്ടറിയെ ഒറ്റരാത്രി കൊണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റിയതായി ആരോപണം. എൽഡിഎഫ് ഭരിക്കുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിലാണ് പ്രസിഡണ്ടും സെക്രട്ടറിയും തമ്മിൽ ഔദ്യോഗിക വാഹനത്തിന്റെ പേരിൽ ഏറ്റുമുട്ടിയത്.
പഞ്ചായത്ത് സെക്രട്ടറിമാരുടെ പട്ടികയിൽ സംസ്ഥാനത്ത് തന്നെ സീനിയർ ആയ ജോസഫ് എം ചാക്കോയാണ് സ്ഥലം മാറ്റത്തിനെതിരെ കേരള അഡിമിനിസ്ട്രേറ്റ് ട്രിബൂണലിനെ സമീപിച്ചിരിക്കുന്നത്. സിപിഎം രാഷ്ട്രീയത്തിൽ ജില്ലയിൽ മേൽക്കോയ്മ അവകാശപ്പെടുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ ബ്ലോക്ക് പ്രസിഡന്റ് ഒറ്റദിവസം കൊണ്ടാണ് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുഖേന ബളാൽ പഞ്ചായത്തിലേക്ക് സെക്രട്ടറിയെ സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം ശക്തമാകുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഒരു ദിവസം 300 കിലോമീറ്റർ ദൂരം ഓടുന്നുവെന്നും പാർട്ടി പരിപാടികൾക്കും പ്രസിഡണ്ടിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ഓടുന്നുവെന്നുമാണ് ആരോപണം. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കേണ്ട പ്രസിഡന്റ് കഴിഞ്ഞ 14 മാസക്കാലമായി 60 കിലോ മീറ്റർ അകലെയുള്ള ഉദുമയിലെ തറവാട് വീട്ടിൽ നിന്നുമാണ് പരപ്പ ബ്ലോക്ക് ഓഫീസിൽ പോയി വന്നിരുന്നത് എന്നതാണ് വിവാദത്തിന് പ്രധാന കാരണം.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തതിന്റെ ചിലവ് പ്രസിഡന്റ് തിരിച്ചടക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടതാണ് പ്രസിഡണ്ടിന് സെക്രട്ടറിയോട് അസംതൃപ്തി വരാൻ കാരണമായത് എന്നുമാണ് പറയുന്നത്. പാർട്ടിമെമ്പർ കൂടിയായ വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ വാഹനത്തിന്റെ ലോഗ് ബുക്ക് സെക്രട്ടറിയുടെ അനുമതിക്കായി നൽകിയപ്പോൾ സെക്രട്ടറി അത് മടക്കിയതും ശീതസമരത്തിന് വഴിവെച്ചു.
ജോസഫ് എം ചാക്കോയെ എത്രയും പെട്ടെന്ന് സ്ഥലം മാറ്റാൻ വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മുഖേന പ്രസിഡന്റ് ചരടുവലിച്ചുവെന്നാണ് പരാതി ഉയരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് രാത്രിയിൽ തദ്ദേശ വകുപ്പിൻ്റെ വെബ്സൈറ്റിൽ സെക്രട്ടറിയുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തുവന്നു. 30ന് ഉച്ചയോട് കൂടി ജോയിന്റ് ഡയരക്ടർ സിംഗിൾ ഓഡറിലൂടെ സെക്രട്ടറിയെ വിടുതൽ ചെയ്ത് ഉത്തരവും പുറപ്പെടുവിച്ചു.
29ന് പരപ്പബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഒരുപരിപാടിയിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ മികച്ച ഉദ്യോഗസ്ഥനുള്ള അവാർഡ് നൽകി സെക്രട്ടറിയെ ആദരിച്ചിരുന്നു. അന്നേ ദിവസം തന്നെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെന്നതും ശ്രദ്ധേയമായി. ഇതിനെതിരെയാണ് വാദഗതികൾ നിരത്തി സ്ഥാനചനം നേരിട്ട സെക്രട്ടറി ട്രിബൂണലിനെ സമീപിച്ചത്. ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാരിൽ ഏറ്റവും സീനിയർ ആയ ആളെന്ന നിലയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ആളാണ് ജോസഫ് എം ചാക്കോ.
സെക്രട്ടറിയായി ജോലിയിൽ പ്രവേശിക്കുന്ന സ്ഥലത്ത് മൂന്ന് വർഷം ജോലിയിൽ തുടരാം. എന്നാൽ 14 മാസം മാത്രമാണ് താൻ പരപ്പബ്ലോക്ക് പഞ്ചായത്തിൽ സെക്രട്ടറിയായി ജോലി ചെയ്തതെന്നും പ്രസിഡന്റ് തികച്ചും രാഷ്ട്രീയപരമായുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് എന്നും അഴിമതിക്ക് കൂട്ട് നിൽക്കില്ല എന്നും സെക്രട്ടറി ജോസഫ് കാസർകോട് വാർത്തയോട് പ്രതികരിച്ചു.
അതേസമയം സെക്രട്ടറിയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ആക്ഷേപവും ബ്ലോക്ക് പഞ്ചായത്തിൻ്റെ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് പ്രസിഡണ്ട് എം ലക്ഷ്മി കാസർകോട് വാർത്തയോട് പ്രതികരിച്ചു. സർക്കാർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്കോ പാർട്ടി യോഗത്തിന് പോകുമ്പോഴോ ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം ലോഗ്ബുക്ക് പരിശോധിച്ചാൽ വ്യക്തമാകുമെന്നും അവർ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന് രണ്ട് വാഹനങ്ങൾ ഉണ്ട്. ഒന്ന് പ്രസിഡണ്ട് ഉപയോഗിക്കുന്നതും മറ്റൊന്ന് ജീവനക്കാർ ഉപയോഗിക്കുന്നതുമാണ്. ഒരു വർഷമായി സുഖമില്ലാത്തത് കാരണം ഉദുമയിലെ വീട്ടിലാണ് ഉള്ളത്. ഇവിടെ വന്ന് പോകാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗീകാരം തന്നിട്ടുണ്ട്. വെറുതെ വിവാദം ഉണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാന്ന് ഇപ്പോഴത്തെ പ്രചരണമെന്ന് ലക്ഷ്മി കൂട്ടിച്ചേർത്തു.
സെക്രട്ടറിയുടെ സ്ഥലംമാറ്റ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി. പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടറുമായുള്ള കാര്യങ്ങളാണ് സെക്രട്ടറി ഉന്നയിച്ചിട്ടുള്ളതെന്നും ജീവനക്കാരുമായി സഹകരിച്ച് ഭരണം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുകയെന്നതാണ് തൻ്റെ ലക്ഷ്യമെന്നും ലക്ഷ്മി പറഞ്ഞു.
#KeralaPolitics #Corruption #BlockPanchayat #Transfer #OfficialVehicle