Legal Action | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: സിപിഎം നേതാവ് വി വി രമേശനും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കുമെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി നേതാക്കൾ
● 'കേസ് സിപിഎം തിരക്കഥ'
● 'കേസില്‍ പ്രോസിക്യൂഷന്‍ നിക്ഷ്പക്ഷമായിരുന്നില്ല'
●'വ്യാജരേഖകളും മൊഴികളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്'
കാസര്‍കോട്: (KasargodVartha) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ കള്ള പരാതി നൽകിയ സിപിഎം നേതാവ് വി വി രമേശനും കള്ള തെളിവുണ്ടാക്കിയ അന്നത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസതീഷ് കുമാറിനുമെതിരെ നിയമ നടപടിയുമായി മുന്നോട് പോകുമെന്ന് ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കെ സുന്ദര നാമനിര്‍ദേശപത്രിക പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെയെടുത്ത കള്ളകേസ് ഗൂഡാലോചനയുടെ ഭാഗമായിട്ട് ഉണ്ടായതാണ്. ഇതില്‍ സിപിഎം, കോണ്‍ഗ്രസ് മുസ്ലീംലീഗ് നേതൃത്വത്തിന് പങ്കുണ്ട്. പരാതിക്കാരനായി വന്ന സിപിഎം നേതാവ് വി വി രമേശനെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം വ്യാജമായി ഒരു കേസ് സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ഡിവൈഎസ്പി എ സതീഷ് പക്ഷപാതപരമായി ഇടപെട്ടുവെന്നും അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി വേണമെന്നും ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, ജെനറല്‍ സെക്രടറിമാരായ എ.വേലായുധന്‍, വിജയ്കുമാര്‍റൈ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതിഭാഗത്തുണ്ടായിരുന്നവര്‍ക്ക് കടുത്ത നീതിനിഷേധമുണ്ടായി. പരാതിക്കാരനായ വി വി രമേശന്റെ അഭിഭാഷകന്‍ ശുകൂറിനെ സ്പെഷ്യൽ പ്രോസിക്യൂടീര്‍ ആക്കിയത് പോലും നിയമവിരുദ്ധമായാണ്.
തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന് വേണ്ടിയായിരുന്നു അത് ചെയ്തത്. സിപിഎം തിരക്കഥയില്‍ വന്ന കേസില്‍ പ്രോസിക്യൂഷന്‍ നിക്ഷ്പക്ഷമായിരുന്നില്ല. നീതിബോധമില്ലാതെ പ്രത്യേക താത്പര്യത്തോടെയായിരുന്നു അന്വേഷണം. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ചേര്‍ത്തപ്പോള്‍ അത് അന്വേഷിക്കാന്‍ എസ്എംഎസ് ഡിവൈഎസ്പി ഉണ്ടെന്നിരിക്കെ കേസ് കൈമാറാത്തതിലും കാര്യങ്ങള്‍ വ്യക്തമായിരുന്നു. ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സുന്ദര സ്വമേധയാ പിന്‍വലിക്കാന്‍ തീരുമാനിക്കുകയും മാര്‍ച്ച് 21ന് ഞായറാഴ്ച അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
അവധിയായതിനാൽ അന്ന് നടപടി സ്വീകരിക്കാന്‍ സാധിക്കാത്തത് കാരണം റിടേണിംഗ് ഓഫീസര്‍ തീരുമാനമെടുത്തില്ല. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അപേക്ഷ കൊടുത്തത് റിടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്ന് ചോര്‍ത്തിയതിൻ്റെ ഫലമായിട്ടാണ് പലരീതിയിലുള്ള സമ്മര്‍ദം സുന്ദരയ്ക്ക് മേല്‍ ഉണ്ടായത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു. പത്രിക പിന്‍വലിക്കാതിരിക്കാന്‍ വന്‍ സമ്മര്‍ദം ഉണ്ടായി.
ബിഎസ്പിയുടേയും യുഡിഎഫിന്റെയും സിപിഎമ്മിന്റെയും ഭാഗത്ത് നിന്നും ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നും നിന്ന് സമ്മര്‍ദം ഉണ്ടായിട്ടുണ്ട്.
ബിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റ് ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് സുന്ദരയെ തട്ടികൊണ്ട് പോയെന്നാണ്. അന്വേഷണത്തില്‍ തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നും സ്വമേധയാ നാമനിര്‍ദേശ പത്രിക പിന്‍വിക്കുകയായിരുന്നുവെന്ന് പൊലീസിൽ മെഴി നൽകുകയും, മാധ്യമങ്ങളോട് പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് തെരെഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഒരു മാധ്യമം സുന്ദരയുടെ വെളിപ്പെടുത്തലെന്ന രീതിയില്‍ വാര്‍ത്ത പുറത്ത് വിട്ടു. അതിന് ശേഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുക്കുന്നത്.
പൊലീസ് മേധാവി ആ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. പൊലീസിന് നേരിട്ട് കേസെടുക്കാന്‍ നിവൃത്തിയില്ലാത്ത വകുപ്പായിരുന്നതിനാല്‍ കോടതിയുടെ അനുവാദത്തിന് അയക്കുകയായിരുന്നു.കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാരാതി കൊടുക്കുകയും എഫ്‌ഐആര്‍ ആകുകയും ചെയ്തു. ജാമ്യമില്ലാ കേസ് ഉണ്ടാക്കി തീര്‍ക്കാന്‍ വന്‍ഗൂഡാലോചനയാണ് നടന്നത്. ഇതില്‍ പൊലീസ് തിടുക്കം കാണിച്ചു. സുന്ദരയുടെ മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പെ തന്നെ കേസ് ക്രൈബ്രാഞ്ചിന് ഏല്‍പ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞാണ് സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. തങ്ങള്‍ പറയുന്നതരത്തിലുള്ള മൊഴി നല്‍കിയില്ലെങ്കില്‍ കൊടകര കേസില്‍ പ്രതിയാകുമെന്ന് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭീഷണിക്ക് വഴങ്ങിയാണ് അവരുടെ തിരക്കഥയ്ക്കനുസരിച്ച് നിന്ന് സുന്ദരമൊഴി കൊടുത്തത്.
വ്യാജരേഖകളും മൊഴികളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യൂപകാരമായി സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയില്‍ പിന്നീട് സുന്ദരയ്ക്ക് ജോലി നല്‍കിയതും വിവാദമായിരുന്നു. സിപിഎം- ബിജെപി ഒത്തുകളിയെന്ന് പറയുന്ന പ്രതിപക്ഷനേതാവിനെ കേസ് ഡയറി പഠിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും ആരോപണം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംവാദത്തിന് ബിജെപി തയ്യാറാണ്.
ഒത്തുകളി ആരോപിക്കുന്ന വി ഡി സതീശന്‍ എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരനോട് സുന്ദരയുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാന്‍ തയ്യാറാവണം. ഒരു കേസില്‍ വിചാരണക്ക് ശേഷം പ്രതികള്‍ കുറ്റവിമുക്തരാകാറുണ്ട്. രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ വിചാരണക്ക് പോലുമെടുക്കാതെ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചത് ബിജെപിയുടെ രാഷ്ട്രീയ വിജയമാണെന്നും കേസിന്റെ അന്വേഷണം നീതിപൂര്‍വമായിരുന്നില്ലെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
#BJP #CPM #LegalAction #Elections #Kasargod #Politics