Allegation | തൃശൂർ പൂരം വിവാദം: ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ നീക്കമെന്ന് കെ സുരേന്ദ്രൻ
● സുരേഷ് ഗോപിയുടെ വിജയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമമാണിത്.
● സിപിഎമ്മും കോൺഗ്രസും നുണകൾ പ്രചരിപ്പിക്കുന്നു.
● ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം.
കാസർകോട്: (KasargodVartha) തൃശൂർ പൂരം വിവാദം ബോധപൂർവം ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം കാസർകോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എഡിജിപിക്ക് തെറ്റ് പറ്റിയാൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കുറ്റം ദേവസ്വത്തിന്റെ പേരിൽ കുറ്റം കെട്ടിവെക്കേണ്ട. സുരേഷ് ഗോപിയുടെ വിജയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമമാണിത്. എഡിജിപിയും ഡിജിപിയും തമ്മിലുള്ള തർക്കം ബിജെപിയുടെ തലയിലിടണ്ട. നട്ടാൽ മുളയ്ക്കാത്ത നുണകളുമായാണ് സിപിഎമ്മും കോൺഗ്രസും വരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
എഡിജിപി ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തിൽ മറുപടി പറയേണ്ടത് ആർഎസ്എസ് നേതൃത്വമാണെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ദീഖ് എവിടെയുണ്ടെന്ന് പൊലീസിനറിയാം. സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള വഴിയൊരുക്കുകയാണ് അന്വേഷണ സംഘമെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ മുകേഷ് രാജിവയ്ക്കണമെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
#ThrissurPooram #KSurendran #KeralaPolitics #BJP #Controversy #WomenSafety