Crisis | ബിജെപി ഭരിക്കുന്ന മധൂർ പഞ്ചായത് ഭരണസമിതി യോഗം 10 അംഗങ്ങളും ബഹിഷ്കരിച്ചു; ക്വാറം തികയാതെ യോഗം പിരിച്ചുവിട്ടു; നാണംകെട്ട് പാർടി
പ്രതിപക്ഷം ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു
കാസർകോട്: (KasargodVartha) ബിജെപി ഭരിക്കുന്ന മധൂർ പഞ്ചായതിൽ നാണംകെട്ട് പാർടി. ഭരണസമിതിയിലെ വിഭാഗീയ മൂലം ശനിയാഴ്ച രാവിലെ വിളിച്ചു ചേർത്ത ഭരണസമിതി യോഗം 10 അംഗങ്ങൾ ബഹിഷ്ക്കരിച്ചതിനാൽ ക്വാറം തികയാതെ പിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെ 10.30ന് വിളിച്ചു ചേർത്ത യോഗം ബിജെപിയിലെ 13 അംഗങ്ങളിൽ 10 പേരും ബഹിഷ്കരിച്ചു. ഇതോടെ ക്വാറം തികയാത്തതിനാൽ ഭരണ സമിതി യോഗം ചേരാതെ അംഗങ്ങൾ തിരിച്ചുപോയി.
20 അംഗ ഭരണസമിതിയിൽ ബിജെപിക്ക് 13 അംഗങ്ങളാണുള്ളത്. ഇതിൽ പ്രസിഡൻ്റ് കെ ഗോപാലകൃഷ്ണ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഉമേഷ് ഗട്ടി, പഞ്ചായതംഗം ഉദയകുമാർ എന്നിവർ മാത്രമാണ് പങ്കെടുത്തത്. പ്രതിപക്ഷത്തിന് ഏഴ് അംഗങ്ങളുണ്ട്. ഇതിൽ മുസ്ലിം ലീഗിലെ ഹനീഫ് അറന്തോട്, സിപിഎമിലെ ഉദയകുമാർ എന്നിവരാണ് യോഗത്തിനെത്തിയത്.
20ൽ അഞ്ച് അംഗങ്ങൾ മാത്രമാണ് യോഗത്തിനെത്തിയത്. മൂന്നിലൊന്ന് അംഗങ്ങൾ ഇല്ലെങ്കിൽ ക്വാറം തികയില്ല. പഞ്ചായത് ഭരണസമിതിക്കെതിരെ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് സിപിഎമും യുഡിഎഫും രംഗത്ത് വന്നിരുന്നു. ഭരണ സമിതിയുടെ നിലപാടിനെതിരെ ബിജെപിയിലെ പ്രബല വിഭാഗം രംഗത്ത് വരികയും പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, മൂന്ന് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻമാർ എന്നിവരോട് പാർടി നേതൃത്വം രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ പ്രസിഡന്റടക്കമുള്ള ആർഎസ്എസ് പിന്തുണയുള്ള ഭരണസമിതി രാജി ആവശ്യം തള്ളിയിരുന്നു. ഇതോടെ ബിജെപിയിലെ എതിർ ഗ്രൂപ് പ്രസിഡൻറിനെതിരെ തിരിഞ്ഞതാണ് ശനിയാഴ്ചത്തെ ബഹിഷ്ക്കരണത്തിൽ കലാശിച്ചതെന്നാണ് സൂചന. പ്രസിഡൻ്റിനെ നേരത്തെ ആർഎസ്എസ് പക്ഷത്തെ ആറ് അംഗങ്ങൾ അനുകൂലിച്ചിരുന്നുവെങ്കിലും ഇപ്പോൾ മൂന്നു പേർ മാത്രമാണ് അനുകൂലിക്കുന്നത്.
നേതൃത്വം രാജി ആവശ്യപ്പെട്ടപ്പോൾ അംഗത്വം കൂടി രാജിവയ്ക്കാനായിരുന്നു ഇവർ തീരുമാനിച്ചത്. ഇത് ഉപതിരഞ്ഞെടുപ്പിലേക്ക് വഴിവെക്കുമെന്നും അങ്ങിനെ വന്നാൽ പാർടിക്ക് കനത്ത പരാജയം ഏൽക്കുമെന്നുള്ള ഭയം മൂലം നേതൃത്വം രാജി തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകുകയായിരുന്നുവെന്നാണ് പറയുന്നത്.
ശനിയാഴ്ചത്തെ ഭരണസമിതി യോഗം മുടങ്ങിയതോടെ പഞ്ചായതിൻ്റെ വിവിധ വികസന പദ്ധതികൾ ചുവപ്പ് നാടയിലായി. പടലപിണക്കം കാരണം പഞ്ചായതിൽ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും പഞ്ചായത് ഭരണസമിതി തന്നെ പരിച്ചുവിടണമെന്നും യുഡിഎഫ് മധൂർ പഞ്ചായത് കമിറ്റി ചെയർമാൻ ഹാരിസ് ചൂരി ആവശ്യപ്പെട്ടു.
#BJPKerala #PanchayatCrisis #Corruption #PoliticalDeadlock #KasaragodNews