Congress | തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ സിറ്റിംഗ് എംപി കോൺഗ്രസിൽ ചേർന്നത് ബിജെപിക്ക് തിരിച്ചടിയായി
ബെംഗ്ളുറു: (KasaragodVartha) തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കർണാടകയിൽ സിറ്റിംഗ് എംപി കോൺഗ്രസിൽ ചേർന്നത് ബിജെപിക്ക് തിരിച്ചടിയായി. കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവർത്തകരുമാണ് ബുധനാഴ്ച കെപിസിസി ഓഫീസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നത്.
കൊപ്പൽ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എംഎൽഎമാരായ കെ രാഘവേന്ദ്ര ഹിത്നൽ, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ ബദർളി, ലക്ഷ്മൺ സവാദി, ഡിസിസി പ്രസിഡന്റ് അമരേ ഗൗഡ ബയ്യപൂർ, മുൻ മന്ത്രി എച് എം രേവണ്ണ, കെപിസിസി ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സങ്കണ്ണ അസ്വസ്ഥനായിരുന്നു. ബസവരാജ് എസ് ക്യവത്തറിനാണ് ബിജെപി ഇത്തവണ മണ്ഡലത്തിൽ സീറ്റ് നൽകിയത്. മുൻ മാലാഗി എംഎൽഎ ശിവപുത്ര, ആർആർ നഗറിലെ കൃഷ്ണമൂർത്തി, മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ എന്നിവരാണ് കോൺഗ്രസിൽ ചേർന്ന മറ്റുള്ളവർ.