Politics | മധൂർ പഞ്ചായതിൽ ബിജെപി നേതൃത്വത്തിൻ്റെ കടുംവെട്ട്; 'രാവിലെ 11 മണിക്കകം പ്രസിഡണ്ട് അടക്കം 5 അംഗങ്ങളും സ്ഥാനം ഒഴിയണം'
ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിരന്തര അഴിമതിയാരോപണങ്ങളും കാരണമായി
കാസർകോട്: (KasargodVartha) മധൂർ ഗ്രാമപഞ്ചായതിൽ ബിജെപി നേതൃത്വത്തിൻ്റെ കടുംവെട്ട്. ഭരണത്തിൽ ശോഭിക്കാൻ കഴിയാത്തതിൻ്റെ പേരിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും മൂന്ന് സ്ഥിരംസമിതി അംഗങ്ങളും തിങ്കളാഴ്ച 11 മണിക്കകം രാജിവെക്കാൻ ബിജെപി നേതൃത്വം അന്ത്യശാസനം നൽകി.
പുതിയ ഭരണസമിതിയെ ഏതാണ്ട് തീരുമാനിച്ചിട്ടുണ്ട്. ഭരണത്തിൽ ശോഭിച്ചില്ലെന്ന് മാത്രമല്ല ഗ്രാമപഞ്ചായത് ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിരന്തര അഴിമതിയാരോപണങ്ങളും പഞ്ചായത് ഓഫീസ് പ്രതിപക്ഷപാർടികൾ സ്ഥിരം സമരവേദിയാക്കാനിടയായതുമാണ് ഭരണസമിതിയിലെ മുഴുവൻ പേരെയും ഒറ്റയടിക്ക് പുറത്താക്കി ശുദ്ധികലശം നടത്താൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
പ്രസിഡന്റും മീപ്പുഗിരി വാർഡ് അംഗവുമായ കെ ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റും മധൂർ വാർഡ് അംഗവുമായ സ്മിജ വിനോദ്, സ്ഥിരംസമിതി അംഗങ്ങളായ സൂർലു വാർഡ് അംഗം എസ് രാധാകൃഷ്ണ, മന്നിപ്പാടി, വാർഡ് അംഗം ഉമേഷ് ഗട്ടി, കല്യങ്ങാട് വാർഡ് അംഗം യശോദ നായ്ക് എന്നിവരോടാണ് രാജി നമർപ്പിക്കാൻ ഉഗ്രശാസന നൽകിയത്.
അഴിമതിയാരോപിച്ച് യുഡിഎഫും സിപിഎമും നിരന്തരം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. പ്രതിക്ഷ സമരത്തെ വസ്തുതകൾ നിരത്തി ചോദ്യം ചെയ്യാനുള്ള കെൽപ്പും ഭരണ സമിതിക്കുണ്ടായില്ലെന്ന് ഒരു പാർടി ഭാരവാഹി കാസർകോട് വാർത്തയോട് പറഞ്ഞു. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം വെറും രാഷ്ട്രീയ ആരോപണങ്ങൾ മാത്രമല്ലെന്നും വസ്തുതാപരമാണെന്നും ബിജെപി നേതൃത്വത്തിന് ബോധ്യം വന്നതോടെയാണ് കടും വെട്ടിന് തീരുമാനിച്ചതെന്നാണ് സൂചന. ചില പരാതികളിൽ വിജിലൻസ് അന്വേഷണവും നടന്നിരുന്നു. ഇതെല്ലാമാണ് ഭരണസമിതിയെ ഒന്നാകെ തുടച്ച് തീക്കാൻ തീരുമാനിച്ചത്.
രാജി നിർദേശം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന് തയ്യാറാകാതെ വന്നതോടെയാണ് തിങ്കളാഴ്ച 11 മണിയെന്ന അന്ത്യശാസനം ഉണ്ടായത്. നേതൃത്വത്തിൻ്റെ നടപടി ധീരമാണെന്ന് ബിജെപിയുടെ സജീവ പ്രവർത്തകൻ പ്രതികരിച്ചു. നടപടി ഇതിന് മുമ്പേ ഉണ്ടാകണമായിരുന്നുവെന്നും പാർടിയുടെ ഈ തീരുമാനം മറ്റ് പാർടികളും മാതൃകയാക്കുകയാണെങ്കിൽ നാട് നന്നാകുമായിരുന്നുവെന്നും ബി ജെ പി പ്രവർത്തകൻ കൂട്ടിച്ചേർത്തു.
പഞ്ചായതിൽ വോടർപട്ടിക അച്ചടിച്ച കണക്കിൽ എട്ടുലക്ഷം രൂപ ചിലവ് കാണിച്ചതാണ് പ്രതിപക്ഷം ഉയർത്തിയ പ്രധാന ആരോപണം. 50,000 രൂപ ചിലവുമാത്രം വരുന്ന പ്രവൃത്തിയാണിത്. പ്ലാസ്റ്റിക് മാലിന്യം സ്വകാര്യ കംപനിക്ക് നൽകിയതിലും അഴിമതിയാരോപണം ഉയർന്നിരുന്നു. ഏറ്റവും ഒടുവിലായി കുടിവെള്ളം വിതരണം ചെയ്തതിൽ അഴിമതിയുണ്ടെന്ന പരാതിയെതുടർന്ന് വിജിലൻസ് പരിശോധന നടന്നതാണ് ഭരണസമിതിയെ പ്രതിസന്ധിയിലാക്കിയത്.
ഓഗസ്റ്റ് 16, 17 തീയതികളിൽ വിജിലൻസിന്റെ പരിശോധന നടന്നു. ജിപിഎസ് ഘടിപ്പിച്ച വണ്ടിയിലാണ് കുടിവെള്ള വിതരണം നടന്നത്. എന്നാൽ, വണ്ടി യാത്ര ചെയ്തതിനേക്കാൾ കൂടുതൽ തുകയാണ് ഈടാക്കിയതെന്ന് ആരോപണമുണ്ട്. ജിപിഎസിൽ കാണിച്ചതിനേക്കാൾ 70ശതമാനം തുക അധികമായി നൽകിയെന്നും ലക്ഷം രൂപയാണ് പഞ്ചായതിന് നഷ്ടമായതെന്നുമാണ് ആക്ഷേപം. 20 അംഗ ഗ്രാമപഞ്ചായതിൽ കോൺഗ്രസ് ഒന്ന്, ലീഗ് രണ്ട്, സിപിഎം നാല് എന്നിങ്ങനെയാണ് കക്ഷിനില. ജില്ലയിൽ ബിജെപി എക്കാലത്തെയും ശക്തികേന്ദ്രമായ പഞ്ചായതാണ് മധൂർ.