Leadership Change | അടുത്ത ബിജെപി കാസർകോട് ജില്ലാ പ്രസിഡണ്ട് ആരാവും? കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്തുള്ളവരെ പരിഗണിച്ചേക്കുമെന്ന് സൂചന
● ഈ മാസം അവസാനം സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്.
● കോൺഗ്രസിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു നേതാവിന്റെ പേരും സാധ്യത പട്ടികയിൽ ഉണ്ടെന്നാണ് അറിവ്.
കാസർകോട്: (KasargodVartha) ജില്ലയിൽ ബിജെപിയിൽ ഉടലെടുത്തിരിക്കുന്ന ചേരിപ്പോരിൽ മഞ്ചേശ്വരം, കാസർകോട് മണ്ഡലം നേതാക്കളെ ഒഴിവാക്കി ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് കാഞ്ഞങ്ങാട്, പയ്യന്നൂർ, നീലേശ്വരം ഭാഗത്തുള്ളവരെ പരിഗണിച്ചേക്കുമെന്ന് സൂചന. പലപ്പോഴും ബിജെപി സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നത് ഗ്രൂപ്പ് കളികളാണ്. നേതാക്കളിൽ ഭൂരിഭാഗവും കാസർകോട്, മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ളവരാണ് എന്നത് കൊണ്ട് തന്നെയാണ് ചേരിപ്പോരിന് ആക്കം കൂടുന്നത്.
കഴിഞ്ഞ പ്രാവശ്യം ഒരു സമവായം എന്നതിനാലാണ് ആർഎസ്എസ് ഇടപെടൽ മൂലം രവീശ തന്ത്രി കുണ്ടാറിന് നറുക്ക് വീണത്. വലിയ ഉത്തരവാദിത്തവും, തിരക്കുമുള്ള അദ്ദേഹം അപ്രതീക്ഷിതമായാണ് നേതൃത്വസ്ഥാനത്ത് എത്തിയത്. കേന്ദ്രത്തിൽ പാർട്ടി ഭരണ തുടർച്ച ഉണ്ടാകുമ്പോഴും അത് ഉപയോഗപ്പെടുത്തി ജില്ലയിലെ വികസനങ്ങൾ കൊണ്ടുവരാൻ സാധിച്ചില്ല എന്ന ആക്ഷേപവും പാർട്ടി പ്രവർത്തകർക്കുണ്ട്.
ഈ മാസം അവസാനം സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്. ജില്ലാ നേതൃത്വസ്ഥാനത്തേക്ക് പലർക്കും കണ്ണുണ്ടെങ്കിലും കാസർകോട്, മഞ്ചേശ്വരം ഭാഗത്തുള്ള നേതാക്കൾക്ക് കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം എന്നറിയുന്നു. ജില്ലയിൽ നല്ലൊരു നേതാവിന്റെ അഭാവം ബിജെപിയെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് നേതൃത്വം കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ ഭാഗത്തുള്ളവരെ പരിഗണിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതരാവുന്നത്. കോൺഗ്രസിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു നേതാവിന്റെ പേരും സാധ്യത പട്ടികയിൽ ഉണ്ടെന്നാണ് അറിവ്.
മഞ്ചേശ്വരം ഭാഗത്തുള്ള ബിജെപി പ്രവർത്തകർ എംഎൽ അശ്വനിയെ ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ കാസർകോട്ട് ബിജെപിക്കാർക്ക് ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധനെയാണ് ഇഷ്ടം. ഈ അഭിപ്രായ വ്യത്യാസം ഒഴിവാക്കാനാണ് മറ്റു മണ്ഡലങ്ങളിലെ നേതാക്കളെ പരിഗണിക്കുന്നത് എന്നാണ് സൂചന.
അതേസമയം സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നിലപാടിനോട് യോജിക്കാത്തവരാണ് മഞ്ചേശ്വരം, കാസർകോട് ഭാഗത്തുള്ള ബിജെപി പ്രവർത്തകരിൽ ഏറെയും. കുമ്പളയിലെ ബിജെപി- സിപിഎം ബന്ധവും, ബിജെപി പ്രവർത്തകൻ ജ്യോതിഷിന്റെ മരണവും ഉണ്ടാക്കിയ കൊടുങ്കാറ്റിൽ ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെന്ന കാരണത്താൽ ബിജെപി പ്രവർത്തകർ ജില്ലാ ബിജെപി ഓഫീസ് ഉപരോധിക്കുകയും, പൂട്ടിട്ട് പൂട്ടുകയും ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കെ സുരേന്ദ്രൻ മുന്നോട്ടുവെക്കുന്ന ഒരു സമവായവും വേണ്ടെന്ന നിലപാടിലാണ് ഇക്കൂട്ടർക്കുള്ളത്.
വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം പലപ്പോഴും ഇടപെടുന്നത് സംസ്ഥാന ജില്ലാ നേതൃത്വങ്ങളിലെ ചേരി പ്പോരുമൂലമാണ്. അതുകൊണ്ടാണ് സുരേഷ് ഗോപിയെയും, കുര്യൻ തോമസിനെയും, സംസ്ഥാന നേതൃത്വം അറിയാതെ കേന്ദ്രമന്ത്രിമാരാക്കിയത്. ആ ഭയം ഇപ്പോഴും സംസ്ഥാന നേതൃത്വത്തിന് ഇല്ലാതില്ല. കേന്ദ്രനേതൃത്വം ഇടപെട്ടാൽ അശ്വനിക്ക് നറുക്ക് വീഴുമെന്ന് ഏതാണ്ട് ഉറപ്പാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ നല്ലൊരു നേതൃത്വം ജില്ലയ്ക്ക് വേണമെന്ന് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നുമുണ്ട്.
എല്ലാ ഭാഷകളും നന്നായി കൈകാര്യം ചെയ്യാൻ അശ്വിനിക്കാവുന്നുണ്ട് എന്നത് പ്ലസ് പോയിന്റ് ആയി കേന്ദ്രനേതൃത്വം കാണുന്നുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അശ്വനി നല്ല പ്രവർത്തനങ്ങളും കാഴ്ച വെച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അശ്വനിക്ക് മഞ്ചേശ്വരത്ത് ഒരു നോട്ടവുമുണ്ട്. ഇതെല്ലാം പരിഗണനാ വിഷയവുമാവും. അതേസമയം കേരളത്തിൽ ബിജെപി അധ്യക്ഷന്മാരെ ജില്ലകളിൽ ഒന്നിൽ കൂടുതൽ നിയമിക്കാനും പാർട്ടി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ട്. ജനസംഖ്യ കൂടുതലുള്ള ജില്ലകളിലാണ് ഇങ്ങനെ പരിഗണിക്കുക.
പ്രവർത്തന സൗകര്യത്തിന് ഇത് അനിവാര്യമാണെന്ന് കഴിഞ്ഞാഴ്ച ചേർന്ന ബിജെപി സംസ്ഥാന കോർ-കമ്മിറ്റി യോഗം തീരുമാനത്തിന് അംഗീകാരവും നൽകിയിരുന്നു. എന്നാൽ അതിൽ കാസർകോട്, വയനാട് പത്തനംതിട്ട ജില്ലകളിൽ മാറ്റമില്ലാതെ തുടർന്നേക്കുമെന്നാണ് സൂചന. മറ്റു ജില്ലകളിലായിരിക്കും രണ്ട് പ്രസിഡന്റുമാർ വരിക. ജനസംഖ്യ 10 ലക്ഷമായി നിജപ്പെടുത്തിയായിരിക്കും പ്രസിഡണ്ടുമാരെ നിയമിക്കുക. അങ്ങനെയെങ്കിൽ ബിജെപിക്ക് സംസ്ഥാനത്ത് 30 ജില്ലാ അധ്യക്ഷൻമാർ ഉണ്ടാകും.
#BJP, #Kasaragod, #LeadershipChange, #Politics, #Kerala, #BJPIndia