Conflict | രാജിവെക്കണമെന്ന പാർടിയുടെ അന്ത്യശാസനം മധൂർ പഞ്ചായത് ഭരണസമിതി തള്ളി; പ്രശ്നത്തിൽ ആർ എസ് എസ് ഇടപെടും; രണ്ടുചേരികളിലായി നേതൃത്വവും ഭരണസമിതിയും
20 അംഗ ഭരണസമിതിയിൽ 13 അംഗങ്ങളുള്ള ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട്
മധൂർ: (KasargodVartha) ഭരണസമിതി ഒന്നടങ്കം രാജിവെക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ അന്ത്യശാസനം മധൂർ പഞ്ചായത് ഭരണസമിതി തള്ളി. തിങ്കളാഴ്ച 11 മണിക്കുള്ളിൽ രാജിവെക്കണമെന്നായിരുന്നു നിർദേശം. പ്രസിഡന്റും മൂന്ന് സ്റ്റാൻഡിങ് കമിറ്റി അംഗങ്ങളും പാർടി രാജിവെക്കണമെന്ന് പറഞ്ഞ ദിവസം തന്നെ പഞ്ചായത് ഓഫീസിൽ ഹാജരായിരുന്നുവെങ്കിലും വൈസ് പ്രസിഡന്റും ഒരു സ്റ്റാൻഡിങ് കമിറ്റി അംഗവും എത്താത്തതിനാൽ രാജിക്കത്ത് കൈമാറിയിരുന്നില്ല.
ഭരണസമിതിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ബിജെപി മധൂർ മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ കാസർകോട് വാർത്തയോട് ബുധനാഴ്ച രാവിലെ പ്രതികരിച്ചത്. മാധ്യമങ്ങളിൽ വന്ന കാര്യങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും രാജിവെക്കാൻ പാർടി ആവശ്യപ്പെടുകയാണെങ്കിൽ പിന്നീട് അറിയിക്കാമെന്നുമായിരുന്നു അവർ വിശദീകരിച്ചത്.
അതേസമയം ഭരണസമിതിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം ജില്ലാ പ്രസിഡന്റ് തന്നെ ഒരു മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മണ്ഡലം പ്രസിഡന്റ് ഇപ്പോൾ മലക്കം മറിഞ്ഞത് എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമല്ല. 20 അംഗ ഭരണസമിതിയിൽ 13 അംഗങ്ങളുള്ള ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട്. സിപിഎമിന് നാലും കോൺഗ്രസിന് ഒന്നും മുസ്ലിം ലീഗിന് രണ്ടും അംഗങ്ങളുമാണുള്ളത്.
വോടർ ലിസ്റ്റ് അച്ചടി മുതൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം സ്വകാര്യ കംപനിക്ക് നൽകിയത് വരെയുള്ള കാര്യങ്ങളിൽ അഴിമതി ഉന്നയിച്ച് പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തിയതും ഭരണസമിതിയുടെ മോശം പ്രകടനവുമാണ് ബിജെപിയെ ശുദ്ധികലശത്തിന് പ്രേരിപ്പിച്ചത്. അതിനിടെ പ്രശ്‌ന പരിഹാരത്തിന് ആർഎസ്എസ് നേതൃത്വം ഇടപെടുമെന്നാണ് അറിയുന്നത്.
പഞ്ചായത് പ്രസിഡന്റ് കെ ഗോപാല കൃഷ്ണ, ആർഎസ്എസ് നേതൃത്വത്തിന് കൂടി സമ്മതനായ നേതാവാണ്. അദ്ദേഹത്തെ മാറ്റുന്നതിനോട് സംഘടനയ്ക്ക് യോജിപ്പില്ലെന്നാണ് വിവരം. എന്നാൽ ആരോഗ്യ കാരണം പറഞ്ഞ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയവാകാൻ അദ്ദേഹം ആർഎസ്എസിന് സമ്മതം അറിയിച്ചതായാണ് വിവരം.
#KeralaPolitics #BJP #Corruption #MadhurPanchayat #IndiaNews