Upset | ബിജെപിക്ക് ലഭിച്ചത് ഒരു വോട് മാത്രം! കാസർകോട് നഗരസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തി
പരമ്പരാഗതമായി മുസ്ലിം ലീഗിനെ പിന്തുണക്കുന്ന വാർഡിൽ യുഡിഎഫിന്റെ വിജയം പ്രതീക്ഷിച്ചതാണെങ്കിലും ബിജെപി സ്ഥാനാർഥി ഒരു വോട് മാത്രം നേടിയത് ഏവരെയും അത്ഭുതപ്പെടുത്തി.
കാസർകോട്: (KasaragodaVartha) നഗരസഭയിലെ ഖാസിലേൻ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട് മാത്രം. യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എം ഹനീഫ് 319 വോടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കെ എം ഹനീഫ് 447 വോടും എതിരാളിയായ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ഉമൈർ തളങ്കര 128 വോടും നേടിയപ്പോഴാണ് ബിജെപി സ്ഥാനാർഥി എൻ മണി ഒറ്റ വോടിൽ ഒതുങ്ങിയത്. തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 74 .42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 774 വോടർമാരിൽ 576 പേർ വോട് ചെയ്തു.
മുൻ ചെയർമാൻ അഡ്വ. വി എം മുനീർ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2020ലെ തിരഞ്ഞെടുപ്പിൽ അഡ്വ. വി എം മുനീര്‍ 322 വോട്ടും എതിർ സ്ഥാനാർഥിയായിരുന്ന അബ്ദുർ റഹ്‌മാൻ 199 വോടുമാണ് നേടിയത്. 123 വോടിന്റെ ഭൂരിപക്ഷമാണ് അന്ന് ലഭിച്ചത്.
പരമ്പരാഗതമായി മുസ്ലിം ലീഗിനെ പിന്തുണക്കുന്ന വാർഡിൽ യുഡിഎഫിന്റെ വിജയം പ്രതീക്ഷിച്ചതാണെങ്കിലും ബിജെപി സ്ഥാനാർഥി ഒരു വോട് മാത്രം നേടിയത് ഏവരെയും അത്ഭുതപ്പെടുത്തി.