Allegation | മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസെന്ന് അഡ്വ. കെ. ശ്രീകാന്ത്
● 'കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല ഏൽപ്പിച്ചതിൽ ദുരൂഹത'.
● ഈ കേസ് യുഡിഎഫ്, എൽഡിഎഫ് പാർട്ടികളും ചില മാധ്യമങ്ങളും ചേർന്നുള്ള ഗൂഢാലോചനയിൽ രൂപപ്പെട്ടത്.
കാസർകോട്: (KasargodVartha) മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കെ. സുന്ദര നാമനിർദ്ദേശപത്രിക പിൻവലിച്ചതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ എടുത്ത കേസ് കള്ളക്കേസ് ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. ഈ കേസ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ചില മാധ്യമങ്ങളുടെയും ഗൂഢാലോചനയുടെ ഭാഗമായാണ് രൂപപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല ഏൽപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. വിചാരണക്ക് പോലും അർഹതയില്ലാത്ത കെട്ടിച്ചമച്ച കേസാണെന്നും കോടതി വിടുതൽ ഹർജി അനുവദിച്ചതിലൂടെ തെളിഞ്ഞു.
യുഡിഎഫിന്റെയും എൽഡിഎഫിന്റെയും അഴിമതിക്കെതിരായിട്ട് ശക്തമായി സമരം നയിക്കുന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയായിരുന്നു ഈ കേസ് എന്നും ശ്രീകാന്ത് ആരോപിച്ചു.,
കേസിൽ കെ. സുരേന്ദ്രനുൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ബിജെപി - സിപിഎം ഒത്തുകളിയുടെ ഭാഗമാണെന്ന യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമാണെന്നും സിപിഎമ്മുമായി ഒത്തുകളിക്കുന്നത് യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് ഒത്തുകളി സിൻഡ്രോം ആണെന്നും ശ്രീകാന്ത് ആരോപിച്ചു.
#KeralaPolitics #BJP #UDF #LDF #KSurendran #Manjeshwaram #Conspiracy #Kerala